Site icon MotorBeat

പുഷ്പ പൂവാണോ; അതോ തീയോ? – Pushpa Malayalam Review

pushpa malayalam review

image credit - facebook.com/AlluArjun

കോവിഡ് പിടിച്ചിട്ട തിയറ്റർ വിപണിക്ക് ആശ്വാസമേകി 2021 ഡിസംബർ 17ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ്​ പുഷ്പ Pushpa -The Rise (Part 1). ചിത്രത്തിന്‍റെ ഒന്നാം ഭാഗം തെന്നിന്ത്യൻ ഭാഷകളിൽ വലിയ ഓളമാണുണ്ടാക്കിയത്. എന്നാൽ, വിവരിക്കാനാകാത്ത വിധമാണ്​ ഹിന്ദി പതിപ്പിന്  സ്വീകരണം ലഭിച്ചത്​. ഇതുകാരണം 2022 ജനുവരി ഏഴിന് ആമസോൺ പ്രൈമിലെ (Amazon Prime) ഒ.ടി.ടി റിലീസിൽനിന്ന് ഹിന്ദി ഒഴിവാക്കി. ഉത്തരേന്ത്യൻ തിയറ്ററുകളിൽ
പുഷ്പരാജു എന്ന, രക്ത ചന്ദ കടത്തുകാരനായ അല്ലു അർജുൻ കഥാപാത്രം ഓളം തീർക്കുന്നതിനാലാണിത്. 250 കോടി രൂപ മുടക്കി ചിത്രീകരിച്ച ചിത്രത്തിെൻറ രണ്ടാം ഭാഗം Pushpa -The Rule എന്ന പേരിലാണ് പുറത്തിറങ്ങുക. ബാഹുബലിക്ക്​ ശേഷം തെലുങ്കിൽനിന്ന് അടുത്ത ‘സീരീസ് ബ്രഹ്മാണ്ഡ ഹിറ്റാ’വാൻ ഒരുങ്ങുകയാണ് പുഷ്പ ( Pushpa malayalam review ).

പുഷ്പയുടെ വാലായി സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്ന കേശവ എന്ന കഥാപാത്രം പിന്നണിയിൽ വിവരിക്കുന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്. ഓരോ ഇടവേളകളിലും കഥയുടെ ഗതി കേശവയുടെ ശബ്ദത്തിലൂടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നുണ്ട്. രണ്ടാം ഭാഗം ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ക്ലീഷേ..  Pushpa Malayalam review

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിർത്തുമെങ്കിലും എല്ലാ അർത്ഥത്തിലും പ്രതീക്ഷിത രീതിയിലാണ് കഥയുടെ മുന്നോട്ടു പോക്ക്. അടുത്ത സീനിൽ എന്താവും സംഭവിക്കുകയെന്ന് കാണികൾക്ക് പറയാവുന്ന
തരത്തിലാണ് ഓരോ സീനും അടുക്കിവെച്ചിരിക്കുന്നതെന്ന് വേണെമങ്കിൽ പറയാം. തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ അഭിനേതാക്കൾ ഗംഭീരമാക്കിയിട്ടുണ്ട്;
അല്ലെങ്കിൽ സംവിധായകൻ സുകുമാറിന് അഭിനയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, എന്തിനു വേണ്ടിയാണ് സാധാരണ കൂലിക്കാരനായ പുഷ്പ പുതുചിന്തകളും കൗശലങ്ങളും പയറ്റി വളരെ പെട്ടെന്ന് പ്രധാന ചന്ദനക്കടത്തുകാരനാവുന്നതെന്ന് സിനിമയിൽ വ്യക്തമല്ല അഥവാ ഒന്നാം ഭാഗത്തിൽ വ്യക്തമല്ല.

മികച്ച രീതിയിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളും പിന്തുണയേകിയ പശ്ചാത്തല സംഗീതവുമെല്ലാം സിനിമയിലുണ്ട്​. എങ്കിലും അവ വേണ്ട രീതിയിൽ ആളുകളിലെത്തുന്നില്ലെന്നു വേണം പറയാൻ.

ലുക്കിൽ ഞെട്ടിച്ച് ഫഹദ്

സിനിമയിൽ മലയാളികൾ ആദ്യം മുതൽ തിരയുന്ന മുഖം മലയാള സിനിമയുടെ അഭിമാനമായ ഫഹദ് ഫാസിലിന്‍റേതാണ് ( Fahadh Fasil ). എന്നാൽ, അവസാന 20 മിനിറ്റിൽ മാത്രമാണ് ഫഹദിന്‍റെ മുഖം വെളളിത്തിരയിൽ തെളിയുന്നത്. ആദ്യ ഭാഗം അവസാനിക്കുന്നത് ഇരുവരും തമ്മിൽ ‘ഉരസിയ’ ശേഷമായതിനാൽ രണ്ടാം ഭാഗത്തിലാണ് കൂടുതൽ പ്രതീക്ഷ. ബൽവാർ സിങ് ശെഖാവത്ത് എന്ന ജില്ല പൊലീസ് മേധാവി കഥാപാത്രം മൊട്ടയടിച്ചു വന്ന കുറഞ്ഞ സമയങ്ങളിൽ തിയറ്ററിലും ഒ.ടി.ടിയിലും ഒരേ പോലെ ഓളമുണ്ടാക്കുന്നുണ്ട്.

ആദ്യം മുതലുള്ള വില്ലന്മാർ ഓരോരുത്തരായി പൊടുന്നനെ തറ പറ്റുന്ന കാഴ്ചകൾക്കിടയിലാണ് ഫഹദിന്‍റെ 20 മിനിറ്റ് പ്രകടനം. തുടർ ഭാഗത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്നതും ഇരുവരും തമ്മിലുള്ള ‘യുദ്ധ’ത്തിനാണ്.

‘ഭ്രമിപ്പിക്കാൻ ശ്രമിച്ച്’ സംഗീതം

ദേവിശ്രീ പ്രസാദിന്‍റെ (DSP) ‘ഇടിവെട്ട്’ സംഗീതം പ്രതീക്ഷിച്ചെങ്കിലും കാടിന്‍റെ കഥ ആയതിനാലാവണം മൊത്തത്തിൽ ഒരു തണുപ്പൻ മട്ടാണ് പാട്ടുകൾക്ക്. സാമീ, സാമന്തയുടെ ഐറ്റം ഡാൻസ് എന്നീ പാട്ടുകളൊഴികെ കാര്യമായി ഓർമയിൽ തങ്ങിനിൽക്കുന്നില്ല. മലയാളം പതിപ്പിൽ സിതാര കൃഷ്ണകുമാറാണ് ‘സാമീ’ എന്ന ഗാനം ആലപിച്ചത്.

വിവാഹ മോചന വാർത്തകളും വിവാദങ്ങൾക്കും ശേഷം സാമന്തയെ വെള്ളിത്തിരയിൽ കാണാനായത് പുഷ്പയിലാണ്. വിവാദ പരാമർശങ്ങളുടെ പേരിൽ മെൻസ് അസോസിയേഷൻ പരാതി നൽകിയ ‘ഊ ആണ്ടവാ മാവാ’ ഗാനത്തിൽ ഐറ്റം ഡാൻസറുടെ നൃത്തച്ചുവടുകളുമായാണ് സാമന്തയുടെ വരവ്. സാമന്തയുടെ കരിയറിലെ ആദ്യ ഹോട്ട് നമ്പർ കൂടിയാണിത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആലപിച്ച ഗാനം മലയാളത്തിൽ രമ്യ നമ്പീശനാണ് ആലപിച്ചത്.

ശ്രദ്ധേയരായി അമ്മയും ദമയന്തിയും

2.45 മണിക്കൂർ ദൈർഘ്യമുള്ള അല്ലു അർജുൻ ഷോക്കിടയിൽ അല്ലുവിന്‍റെ അമ്മ വേഷമവതരിപ്പിച്ച കൽപലതയും വില്ലൻ മംഗലം ശ്രീനുവിന്‍റെ ഭാര്യയായി എത്തിയ ദമയന്തിക്ക് ജീവനേകിയ അനസൂയ ഭരദ്വാജുമാണ് അൽപമെങ്കിലും പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങൾ. കാര്യമായി ചെയ്യാനൊന്നുമില്ലാത്ത നായികയായി തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർ നായികയായി വളർന്നു വരുന്ന രശ്മിക മന്ദാനയുമുണ്ട്.

തീയാകുമോ? Pushpa Malayalam review

‘പുഷ്പ എന്നുവെച്ചാൽ പൂവെന്നു കരുതിയോ? തീയാണ് തീ’. അവശ്യഘട്ടങ്ങളിൽ അല്ലു അർജുന്‍റെ കഥാപാത്രം പറയുന്ന പഞ്ച് ഡയലോഗാണിത്. എന്നാൽ, രണ്ടാം ഭാഗം കൂടി വന്നിട്ട് തീരുമാനിക്കാമെന്നു തോന്നും ചില സീനുകൾ കണ്ടാൽ. എങ്കിലും, തന്നിലേക്കു വന്ന ഒരു സാഹസിക വേഷം കാര്യമായ പരിക്കില്ലാതെ അല്ലു അർജുന് ഭംഗിയാക്കാൻ കഴിഞ്ഞെന്നു വേണം പറയാൻ. ചോക്ലേറ്റ്-ആക്ഷൻ നായകനായി തിളങ്ങുന്നതിനിടയിലാണ് വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുഷ്പയിൽ അഭിനയിക്കാൻ അല്ലു ധൈര്യം കാണിച്ചത്.

നേരത്തെ മഹേഷ് ബാബുവിനെ കണ്ട് തയാറാക്കിയ കഥയാണിത്​. അദ്ദേഹം പിന്മാറിയതിനാലാണ് അല്ലുവിലേക്കെത്തിയതെന്ന് സംവിധായകൻ സുകുമാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അല്ലുവിന്‍റെ കരിയർ ബെസ്റ്റായ ആര്യ, ആര്യ 2 എന്നീ സിനിമകളുടെ സംവിധായകനാണ് സുകുമാർ. ഇരുവരും മൂന്നാമതൊരു ചിത്രത്തിനു വേണ്ടി ഒന്നിച്ചപ്പോൾ ഈ കൂട്ടുകെട്ടിലെ അടുത്തയാളാണ് സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ്.

Exit mobile version