ടെൻഷൻ പിടിച്ച ജീവിതത്തിനിടയിൽ ആഘോഷങ്ങൾ തരുന്ന ആഹ്ലാദം അതിരില്ലാത്തതാണ്. മടുപ്പിക്കുന്ന ഓഫിസിലെ ജോലികളും ബോസിന്‍റെ ചീത്തവിളികളിൽനിന്നുമെല്ലാമുള്ള ഒളിച്ചോട്ടമാണ് ശരിക്കും ആഘോഷങ്ങൾ. എന്നാൽ, ഈ ആഘോഷം അമിതമായാലും പ്രശ്നമാണ്. പ്രത്യേകിച്ച് അമിതമായ മദ്യപാനം പോലുള്ള പ്രവർത്തനങ്ങൾൾ. ഇങ്ങനെ ആഘോഷിച്ചാൽ ചിലപ്പോൾ അടുത്തദിനവും നമുക്ക് നഷ്ടപ്പെടും. ഇതിനുള്ള പരിഹാരം എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം (remedies for alcohol hangover).
മനസ്സിനെ ഫ്രഷാക്കാം
കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷ ദിനങ്ങളിൽ നമ്മുടെ ദൈനംദിന ചര്യകളിൽ നിന്ന് വേറിട്ടുനിൽക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിൽ പ്രത്യേകിച്ചും. രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയും ദഹനത്തിനും മറ്റും പ്രശ്നങ്ങളും പലരും അനുഭവിച്ചിട്ടുണ്ടാകും. ആഘോഷങ്ങൾക്കിടയിൽ നമ്മുടെ ആരോഗ്യവും പ്രധാനമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. ആഘോഷങ്ങൾ നിറഞ്ഞ ഒരു രാത്രിക്കു ശേഷം അടുത്ത ദിവസം രാവിലെ ക്ഷീണം തോന്നാതിരിക്കാനുള്ള വഴികൾ പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേകർ വിവരിക്കുകയാണ്. ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ ഇത്തരം രാത്രികൾക്കു ശേഷം നമ്മുടെ ശരീരവും മനസും ഒരു പോലെ ഫ്രഷ് ആവാൻ സാധിക്കും.
എന്തെല്ലാം കഴിക്കണം?
പരിപ്പ്, റൊട്ടി, പനീർ, സബ്ജി.. പാർട്ടിക്കു മുമ്പ് ഇതൊക്കെ കഴിച്ചിറങ്ങാം. പാർട്ടികൾക്കായി രാത്രിയിലെ കുടി തുടങ്ങുന്നതിനു മുമ്പ് വയറ് നിറച്ച് കഴിക്കുന്നതാണ് അഭികാമ്യം. നിറഞ്ഞ വയർ തിളക്കമുള്ള മുഖത്തിനും സന്തോഷം നിറഞ്ഞ മനസിനും കാരണമാകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റിന്‍റെ പക്ഷം. ചടങ്ങിലേക്ക് എത്തുന്ന സമയം മുതൽ കുടിക്കാനും നൃത്തം ചെയ്യാനും തയാറാവണമെന്ന് ചുരുക്കം.
ഹൈഡ്രേറ്റഡ് ആയിരിക്കാം
നൈറ്റ് ഔട്ട് വിജയകരമായി പൂർത്തിയാക്കാൻ ഹൈഡ്രേറ്റഡ് ആയിരിക്കുക എന്നതാണ് അവർ നൽകുന്ന നിർദേശം. വെള്ളമടിയുടെ ഇടവേളകളിൽ സാധാരണ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ് ഒരു പോംവഴി. ഒപ്പം, പീനട്സ്, പനീർ, ഒലീവ്, ചീസ്, കൊഴുപ്പ് നിറഞ്ഞ മറ്റു ചെറിയ വിഭവങ്ങൾ എന്നിവ കഴിക്കുകയുമാവാം. തലച്ചോറിനെയോ നമ്മുടെ സൗന്ദര്യത്തെയോ തൊടാൻ പോലും ആൽകഹോളിന് സാധിക്കാത്ത വിധം ഹൈഡ്രേറ്റഡ് ആയിരിക്കണമെന്നും അവർ പറയുന്നു.
Remedies for alcohol hangover
ഉറങ്ങുന്നതിനു മുമ്പ് വല്ലതും കഴിക്കാം
ഉറങ്ങുന്നതിനു മുമ്പ് വല്ലതും കഴിക്കണമെന്നും അവർ നിർദേശിച്ചു. കിച്ച്ഡി, ബിരിയാണി, അതുമല്ലെങ്കിൽ ബ്രഡ് ബട്ടർ ആയാലും മതി. പക്ഷേ, കഴിക്കണം. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളവും വെള്ളത്തിൽ കുതിർത്തുവെച്ച ഉണക്ക മുന്തിരിയും ഒരു ടീ സ്പൂൺ ഗുൽക്കൺഠും (റോസാപ്പൂ ഇതളുകളും തേനും മറ്റും അടങ്ങിയ മധുര വിഭവം) കഴിച്ചാൽ പിന്നെ തലവേദനയോ ഹാങ്ഓവറോ നമ്മുടെ പരിസരത്തുണ്ടാവില്ല.
ഒപ്പം നമ്മുടെ ദഹന വ്യവസ്ഥയെ ശുചീകരിക്കുകയും ചെയ്യും. ഉച്ചക്കു മുമ്പ് പഴങ്ങളും മറ്റും അടങ്ങിയ സ്നാക്സ് വല്ലതും കഴിക്കണം. അടുത്ത ദിവസം എളുപ്പമാക്കാൻ തക്ക വിധത്തിൽ നിങ്ങൾക്കിഷ്ടമുള്ളവ ഇതിനായി തെരഞ്ഞെടുക്കാം. അപ്പോൾ, ഇനി പാർട്ടിക്കും ആഘോഷങ്ങൾക്കും പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
ശ്രദ്ധിക്കുക: മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ്.