നമ്മുടെ നിത്യജീവിതത്തിൽ മൊബൈൽ ഫോണിന്‍റെ സ്ഥാനം ഏറ്റവും മുൻപന്തിയിലാണ്. ഒരു നിമിഷം പോലും ഫോണില്ലാത്ത ജീവിതം എന്നത് പുതുതലമുറക്ക് ചിന്തിക്കാൻ പോലുമാകില്ല. ശരീരത്തിന്‍റെ ഒരു ഭാഗമായി അവ മാറിക്കഴിഞ്ഞു.
ഈ ഫോൺ ഇടക്കൊന്ന് പണിമുടക്കിയാൽ കഴിയും നമ്മുടെ കാര്യങ്ങളാകെ. ദിനചര്യകൾ എല്ലാം കുഴഞ്ഞുമറിയും. നാം തിന്നുന്നതും കുടിക്കുന്നതും, എന്തിനേറെ ശ്വസിക്കുന്നത് പോലും മൊബൈൽ ഫോൺ വഴിയാണ്. അപ്പോൾ പാസ്വേർഡ് മറന്ന് ഫോൺ ലോക്കായാൽ എന്തായിരിക്കും അവസ്ഥ. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ആപ്പിൾ കമ്പനി തങ്ങളുടെ ഐ ഫോണുകളിലും ഐ പാഡിലുമെല്ലാം പുതിയ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.
നിങ്ങളുടെ ഐ ഫോൺ അല്ലെങ്കിൽ ഐ പാഡ് പാസ്കോഡ് മറന്ന് ലോക്കായാൽ ഇനി പേടിക്കേണ്ട, കമ്പ്യൂട്ടർ കണക്റ്റ് ചെയ്യാതെ ഉപകരണം റീസെറ്റ് ചെയ്യാം ( reset iphone without computer ). പുതിയ 15.2 iOS അപ്ഡേറ്റിലാണ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കുറക്കുന്ന നീക്കവുമായി അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ രംഗത്തെത്തിയിരിക്കുന്നത്.
സെക്യൂരിറ്റി ലോക്ക് ഔട്ട് മോഡ് എന്ന ഈ പുതിയ സംവിധാനത്തോടൊപ്പം ആപ്പിൾ മ്യൂസിക്സ് വോയ്സ് പ്ലാൻ, ഡിജിറ്റൽ ലെഗസി ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വേണം ഒരുക്കങ്ങൾ – Reset iPhone without computer
സെക്യൂരിറ്റി ലോക്ക്ഔട്ട് മോഡ് പ്രാവർത്തികമാകാൻ ഫോണിലും ഐ പാഡിലുമായി ചില ഒരുക്കങ്ങൾ നടത്തണം. പുതിയ iOS/iPadOS 15.2 അപ്ഡേറ്റ് ഫോണിലും/ടാബിലും ഉണ്ടെന്ന് ഉറപ്പുവരുത്തലാണ് ആദ്യപടി. WiFi അല്ലെങ്കിൽ ഇൻറർനെറ്റുമായി ഫോൺ കണക്റ്റഡായിരിക്കുകയും വേണം. ആപ്പിൾ ഐഡിയും പാസ്വേഡും ഒപ്പമുണ്ടായിരിക്കണം.
ഇനി ചെയ്യേണ്ടത്
‘Try again Later’ എന്നു കാണുന്നതു വരെ തെറ്റായതോ ശരി ആയതോ ആയ പാസ്വേഡ് enter ചെയ്തു കൊണ്ടിരിക്കുക. ഇത് സംഭവിച്ചാൽ ‘Erase iPhone’ എന്ന ഓപ്ഷൻ കാണുന്നതു വരെ പാസ്വേഡ് അടിച്ചു കൊണ്ടിരിക്കുക. ഇതിനായി കുറച്ചു സമയമെടുത്തേക്കാം; ക്ഷമ ആട്ടിൻ സൂപ്പിന്‍റെ ഫലം ചെയ്യുമെന്നാണല്ലോ.
Erase iPhone കണ്ടാൽ ക്ലിക്ക് ചെയ്ത് confirm ചെയ്യുക. ആപ്പിൾ ഐഡിയും പാസ്വേഡും ടൈപ്പ് ചെയ്ത് sign ചെയ്യുക. വീണ്ടും Erase iPhone ഓപ്ഷൻ തെരഞ്ഞെടുത്ത് ഡാറ്റയും സെറ്റിങ്സും ഡിലീറ്റ് ചെയ്യാം, അഥവാ റീസെറ്റ് ചെയ്യാം. അൽപ സമയത്തിനുശേഷം ഫോൺ/ഐ പാഡ് റീസ്റ്റാർട്ട് ആവും.
കമ്പ്യൂട്ടർ വഴി iTunes കണക്റ്റ് ചെയ്യുന്ന, ദൈർഘ്യമേറിയ പ്രക്രിയ പുതിയ ഫീച്ചറിലൂടെ ഒഴിവാകുമെന്ന് ടെക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.