വാഹനം ഓടിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ അധികപേരും. അതിൽ തന്നെ ദീർഘദൂര യാത്രകൾ പോകുന്നവർ ധാരാളമുണ്ടാകും. ഇങ്ങനെ യാത്ര പോകുന്നവരിൽ പതിയിരിക്കുന്ന കൊലയാളിയാണ് Road hypnosis. ഹൈവേ ഹിപ്നോസിസ് എന്നും ഇതിന് പേരുണ്ട്.
ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും നമ്മുടെ നിരത്തുകളിൽ കൂടുതൽ സജീവമാവുകയാണ്. ഇത്തരം വാഹനങ്ങളിൽ ആക്സിലേറ്റർ ചവിട്ടുക, ആവശ്യമുള്ളപ്പോൾ ബ്രേക്ക് ചവിട്ടുക, വളവ് വരുമ്പോൾ സ്റ്റീയറിങ് തിരിക്കുക എന്നിങ്ങനെ നാമമാത്രമായ പണിയേ ഡ്രൈവർക്കുണ്ടാകൂ. ഗിയറും ക്ലച്ചും ഇല്ലാത്തതിനൽ 70 ശതമാനം ജോലിയാണ് കുറയുന്നത്. അതിനാൽ തന്നെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവർ റോഡ് ഹിപ്നോസിസിലേക്ക് എളുപ്പത്തിൽ വഴുതി വീഴാൻ സാധ്യതയുണ്ട്. പക്ഷെ, മാനുവൽ വാഹനം ഓടിക്കുന്നവർ ഇതിൽനിന്ന് മുക്തരാണ് എന്നർത്ഥമില്ല. അവരും മുൻകരുതൽ എടുക്കൽ നിർബന്ധമാണ്.
എന്താണിത് സംഭവം – what is road hypnosis
ദീർഘദൂരം വാഹനം ഓടിക്കുന്നവരിൽ ഉണ്ടാകുന്ന പ്രത്യേക ശാരീരികവും മാനസികവുമായ അവസ്ഥയാണിത്. നിങ്ങൾ രണ്ടര മണിക്കൂറിലധികം തുടർച്ചയായി വാഹനം ഓടിക്കുകയാണെന്ന് കരുതുക. പ്രത്യേകിച്ച് വളവും തിരിവും കയറ്റിറക്കളും അന്യമായ ദേശീയ പാതകളിലൂടെ. ഈ സമയം നിങ്ങളുടെ കണ്ണുകൾ തുറന്നുതന്നെയായിരിക്കും. പക്ഷെ, നിങ്ങളുടെ കണ്ണുകൾ കാണുന്ന ഒന്നും തലച്ചോർ മനസ്സിലാക്കില്ല. നിങ്ങളുടെ മനസ്സ് മറ്റൊരു ലോകത്ത് എത്തിയിരിക്കും. ഇതാണ് road hypnosis.
മറ്റു വാഹനങ്ങളുടെയും നിർത്തിയിട്ട വാഹനങ്ങളുടെയും പിറകിൽ പോയി നിങ്ങളുടെ വാഹനം ഇടിക്കാനുള്ള പ്രധാന കാരണമാണിത്. ഇങ്ങനെ അപകടത്തിൽ പെടുന്ന വാഹനത്തിലുള്ള ഡ്രൈവർമാർക്ക് അവസാനം സംഭവിച്ച 15 മിനിറ്റ് ഓർമ പോലും ഉണ്ടാകില്ല. എത്ര സ്പീഡിലാണ് വാഹനം പോകുന്നതെന്നും ധാരണയുണ്ടാകില്ല. അല്ലെങ്കിൽ മുമ്പിലുള്ള വാഹനത്തിന്‍റെ വേഗത സംബന്ധിച്ചും ബോധമുണ്ടാകില്ല.
ഇങ്ങനെ അപകടം ഉണ്ടാകുന്ന സംഭവങ്ങളിൽ വാഹനത്തിന്‍റെ വേഗത പലപ്പോഴും 140 കിലോമീറ്ററിന് മുകളിലായിരിക്കും. വലിയ ദുരന്തത്തിനാണ് ഇത് വഴിവെക്കുന്നത്. ചിലപ്പോൾ ജീവൻ പോലും തിരിച്ചുകിട്ടി എന്നുവരില്ല. അത്രക്കും അപകടകാരിയാണ് ഈ റോഡ് ഹിപ്നോസിസ്.
പരിഹാരങ്ങൾ – how can you avoid highway hypnosis
1. രണ്ടര മണിക്കൂറിലധികം തുടർച്ചയായി വാഹനമോടിക്കുന്നവരിലാണ് ഈ പ്രശ്നം കാണുക എന്നു പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഓരോ രണ്ടര മണിക്കൂർ കഴിയുമ്പോഴും വാഹനം നിർത്തുക. എന്നിട്ട് ചെറുതായൊന്നു നടക്കുക. അല്ലെങ്കിൽ നല്ല ചൂടുള്ള ചായയോ കോഫിയോ കുടുക്കുക. കട്ടൻ ചായ ആണെങ്കിൽ പൊളിക്കും. ചായ കിട്ടിയില്ലെങ്കിൽ ഒരു അഞ്ച് മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക. ഇതോടെ നിങ്ങളുടെ മനസ്സിനെ തിരിച്ചുകൊണ്ടുവരാൻ കഴിയും.
2. വാഹനം ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളെ ശ്രദ്ധിക്കുക, സ്ഥലങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. ഇതെല്ലാം മനസ്സിന്‍റെ അലസത അകറ്റും. മനസ്സിനെ എപ്പോഴും സജീവമായി നിലനിർത്തുക. അതേസമയം, ഇത് മറ്റൊരു അപകടത്തിലേക്ക് പോകാൻ അനുവദിക്കരുത്. അതായത് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കരുത് എന്നർത്ഥം.
3. വാഹനമോടിക്കുമ്പോൾ കഴിഞ്ഞ 15 മിനിറ്റ് സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഓർമയില്ലെങ്കിൽ ഉടൻ വാഹനം നിർത്തുക. നിങ്ങൾ അപകടത്തിലേക്കാണ് മുന്നേറുന്നതെന്ന് മനസ്സിലാക്കുക.
4. റോഡ് ഹിപ്നോസിസ് കൂടുതലും രാത്രിയാണ് സംഭവിക്കാറ്. പ്രത്യേകിച്ച് മറ്റു യാത്രികൾ ഉറങ്ങുന്ന സമയത്ത്. അതിനാൽ ഈ സമയം കൂടുതൽ ജാഗ്രത പാലിക്കണം. സഹയാത്രികർ ഡ്രൈവറോട് സംസാരിച്ചിരിക്കാൻ ശ്രദ്ധിക്കണം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
നിങ്ങൾ എത്ര പരിചയ സമ്പന്നരായ ഡ്രൈവർ ആണെങ്കിലും ഒരു നിമിഷം മതി വലിയൊരു അപകടത്തിലേക്ക് എടുത്തുചാടാൻ. അതിനാൽ തന്നെ അമിത ആത്മവിശ്വാസം ഒഴിവാക്കി പ്രതിവിധികൾ അനുസരിക്കുന്നതാണ് ഉചിതം. ഓർമിക്കുക, നിങ്ങളുടെ കണ്ണുകൾ തുറന്നിരിക്കും. പക്ഷെ, മനസ്സ് അടഞ്ഞാകും ഇരിക്കുക.
keep reading: ഫോർവീൽ ഡ്രൈവിനെക്കുറിച്ച് അറിയേണ്ടതെല്ലാം