ഇത് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്; റോഡിലെ ഓരോ വരകളും ( Road Markings ) പരിചയപ്പെടാം
അപകടരഹിതമായ നിരത്തുകളാകട്ടെ നമ്മുടെ ലക്ഷ്യം
റോഡിൽ കാണുന്ന വ്യത്യസ്തതരം വരകർ ( Road Markings ) എന്തിനാണെന്ന് നമ്മൾ എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ. പല വരകളുടെയും അർത്ഥം മിക്കവർക്കും അറിയില്ല എന്നതാണ് സത്യം. മര്യാദക്ക് ഹെൽമറ്റ് ഉപയോഗിക്കാനോ രാത്രി ഹെഡ്ലൈറ്റ് ഡിം ചെയ്യാനോ സൗകര്യമില്ലാത്തവർ എങ്ങനെ ഈ റോഡ് മാർക്കിങ്ങുകളെ കുറിച്ച് ബോധവാൻമാരാകും. ഡ്രൈവിങ് സംസ്കാരത്തിൻെറ കാര്യത്തിൽ വളരെയധികം പിന്നിലാണ് നമ്മുടെ നാട്.
എല്ലാ വരകളും ഒന്നല്ല ( road markings )
വിവിധരതം road markings എന്താണെന്ന് വ്യക്തമാക്കുകയാണ് Ajith buddy Malayalam എന്ന യൂട്യൂബ് ചാനൽ. ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ നിമിത്തമായത് വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയാണ്. അദ്ദേഹത്തിൻെറ ഒരു വിഡിയോയിൽ ഇത്തരം റോഡ് നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ‘ഈ ചിഹ്നങ്ങൾ കണ്ടാൽ അത്ഭുതപ്പെടും. നമ്മൾ വരയിട്ട് വെക്കും, ചിഹനങ്ങൾ വരച്ചുവെക്കും പക്ഷെ, ഇതിൻെറയൊന്നും അർത്ഥം ഒരാൾക്കും അറിയില്ല. ഈ വരകൾ കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. സ്കൂൾ കാലം തൊട്ട് ഇവ കുട്ടികളെ പഠിപ്പിക്കണം’ -ഇതായിരുന്നു സന്തോഷ് ജോർജ് കുങ്ങളര പറഞ്ഞത്.
റോഡിൻെറ ഭാഷയാണ് ഓരോ വരകളും മുന്നറിയിപ്പ് ബോർഡുകളുമെല്ലാം. ആ ഭാഗത്ത് എങ്ങനെ വണ്ടി ഓടിക്കണം, എന്തെല്ലാം ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ റോഡ് തന്നെ നമ്മോട് സംസാരിക്കുകയാണ്. വെള്ള, മഞ്ഞ നിറങ്ങൾ ഉപയോഗിച്ചാണ് സാധാരണ ലൈനുകൾ വരക്കാറ്.
വെള്ളയേക്കാൾ ശക്തമായ സന്ദേശമാണ് മഞ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് മഞ്ഞ വര കണ്ടാൽ അത് എന്താണ് ഉദ്ദേശിക്കുന്നത്, അത് നമ്മൾ നിർബന്ധമായും പാലിച്ചിരിക്കണം. ഏറെക്കാലം നമ്മുടെ രാജ്യം ബ്രിട്ടീഷ് ഭരണത്തിന് കീഴിലായതിനാൽ അവരിൽനിന്ന് കടമെടുത്ത ലൈനുകൾ തന്നെയാണ് ഇന്ത്യയിലും ഉപയോഗിക്കുന്നത്. റോഡിൽ പ്രധാനമായും കാണുന്ന വരകളെ ( road markings ) ഇവിടെ പരിചയപ്പെടാം.
ബ്രോക്കൺ ലൈൻസ് ( Broken lines )
റോഡിന് നടുവിൽ ഇടവിട്ടുള്ള ലൈനുകളാണിത്. ഇതാണ് നമ്മുടെ നാട്ടിൽ ധാരാളമുള്ളത്. റോഡിൻെറ മധ്യഭാഗം ഇതാണെന്ന് പറയുകയാണ് ഈ ലൈൻ. two way ട്രാഫിക് ഉള്ള റോഡുകളിൽ രണ്ട് വശത്തേക്കുള്ള വാഹനങ്ങളെ ഈ ലൈൻ വേർതിരിക്കുന്നു. എതിരെ വണ്ടിയില്ലെങ്കിൽ ഈ ലൈൻ ക്രോസ് ചെയ്ത് മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാം. ഓവർടേക്ക് ചെയ്യുേമ്പാൾ ഗിയർ ഡൗൺ ചെയ്ത് വേഗത്തിൽ മറികടക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എതിർദിശയിൽ വാഹനം വരാൻ സാധ്യതയുണ്ട്.
നാല്, ആറ് വരി പാതകളിലും ഇവ കാണാം. ഇവിടെയും ഓരോ ട്രാക്കുകളും വേർതിരിക്കാൻ ഇത് ഉപയോഗിക്കുന്നു. ഏത് ഭാഗത്തേക്കാണ് മാറുന്നത്, അതിനനുസരിച്ച് ഇൻഡിക്കേറ്റർ ഉപയോഗിക്കണം. മറ്റൊരു വാഹനം നമ്മളേക്കാൾ വേഗത്തിൽ വരുന്നില്ല എന്ന് സൈഡ് മിററുകളിലൂടെ ഉറപ്പുവരുത്തണം.
ഹസാർഡ് ലൈൻ ( Hazard line )
ബ്രോക്കൺ ലൈനുകളുടെ വലിപ്പം കൂടുകയും അവ തമ്മിലെ അകലം കുറയുകയും ചെയ്യുന്നതിനെ ഹസാർഡ് ലൈൻ എന്ന് പറയും. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ വളവ് പോലുള്ള ശ്രദ്ധിക്കേണ്ട സ്ഥലമാണ് വരുന്നതെന്നാണ്.
സിംഗിൾ സോളിഡ് ലൈൻ ( Single solid line )
ഇടവിടാതെ നീളത്തിലുള്ള സിംഗിൾ ലൈനാണിത്. ഹസാർഡ് ലൈനിൻെറ അടുത്ത ഘട്ടമാണിത്. ഈ ലൈൻ മറികടക്കുകയോ ഒരിക്കലും ഓവർടേക്ക് ചെയ്യുകയോ ചെയ്യരുത്. വീതി കുറഞ്ഞ തിരക്കുള്ള ഭാഗത്തും വളവുകളിലുമെല്ലാമാണ് ഇതുണ്ടാവുക.
ഡബിൾ സോളിഡ് ലൈൻ ( Double solid line )
സിംഗിൾ സോളിഡ് ലൈനിൻെറ അടുത്തഘട്ടമാണിത്. നീളമേളറിയ രണ്ട് വരകൾ സമാന്തരമായി കടന്നുപോകുന്നു. ഈ ലൈൻ ഒരു കാരണവശാലും പാസ് ചെയ്യരുതെന്ന് ശക്തമായിട്ടാണ് ഇവിടെ പറയുന്നത്. അതായത് ഇരട്ടി അപകടകരമാണിവിടം എന്നർഥം. two way റോഡുകളിലാണ് ഇവ കൂടുതലായി കാണുക. പ്രത്യേകിച്ചും വളവുകളിലും ടൗണുകളിലും.
ഡോട്ടഡ് – സിംഗിൾ ലൈൻസ് ( Doted – solid lines )
ഇവിടെ ഒരു ലൈൻ സോളിഡും തൊട്ടടുത്ത് ഇടവിട്ട ചെറിയ വരയുമായിരിക്കും. ഈ ലൈനുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറിവരും. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, നമ്മുടെ ഭാഗത്ത് ഡോട്ടഡ് ലൈനും മറുഭാഗത്ത് സോളിഡ് ലൈനുമാണെങ്കിൽ നമുക്കവിടെ മറികടക്കാം എന്നും എതിവർശത്തുനിന്ന് വരുന്നവർക്ക് ഓവർടേക്ക് ചെയ്യാൻ പാടില്ല എന്നുമാണ്. നമ്മുടെ സൈഡിലാണ് സോളിഡ് ലൈനെങ്കിൽ നമുക്കത് മറികടക്കാൻ സാധ്യമല്ല. എതിർദിശയിൽ വാഹനം വരുേമ്പാൾ അവർക്ക് അൽപ്പം സൈഡ് നൽകി മാന്യത കാണിക്കാം.
ലെഫ്റ്റ് ആരോ ഇൻ ബ്രോക്കൺ ലൈൻസ് ( Left arrow in broken lines )
ബ്രോക്കൺ ലൈനിൻെറ ഇടയിൽ ഇടത്തോട്ട് അസ്ത്രത്തിൻെറ ചിഹ്നം ( arrow ) വരച്ചത് റോഡുകളിൽ കാണാം. ഇടത്തോട്ട് ഒതുക്കുക, അല്ലെങ്കിൽ നിങ്ങൾ ഓവർേടക്ക് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് നിങ്ങളുടെ ലൈനിലേക്ക് കയറുക തുടങ്ങിയ മുന്നറിയിപ്പാണ് ഇവിടെ നൽകുന്നത്. ബ്രോക്കൺ ലൈൻ കഴിയാറാകുേമ്പാഴാണ് ഇവ കാണുക.
സ്ട്രൈപ്ഡ് മീഡിയൻ ( Striped median )
ഒരു ഏണിയുടെ രൂപത്തിലായിരിക്കും ഇവ ഉണ്ടാവുക. രണ്ട് സോളിഡ് ലൈനുകളെ ചെറിയ വരകൾ കൊണ്ട് കൂട്ടിയോജിപ്പിച്ചിരിക്കുന്നു. റോഡുകളിൽ നാം കാണുന്ന ഡിവൈഡറിന് തുല്യമാണിത്. ഡബിൾ സോളിഡ് ലൈനിൻെറ അടുത്ത ഘട്ടമാണിത്. അപകട സാധ്യത വളരെ കൂടുതലായതിനാൽ ഒരു കാരണവശാലും ഇവിടെ ഓവർേടക്കിങ്ങിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്.
ചിലയിടങ്ങളിൽ സ്ട്രൈപ്ഡ് മീഡിയൻെറ വീതി വളരെ കൂടുതലായിരിക്കും. തുടർന്ന് ചെറിയൊരു ഒഴിഞ്ഞ ഭാഗമാകും വരിക. വലത്തോട്ട് മറ്റൊരു റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾക്ക് കാത്തുനിൽക്കാനുള്ള ഭാഗമാണിത്. അതുപോലെ പോക്കറ്റ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് കയറിവരുന്ന വാഹനങ്ങളും ഇവിടെ കാത്തുനിൽപ്പുണ്ടാകും. അതിനാൽ ഒരു കാരണവശാലും സ്ട്രൈപ്ഡ് മീഡിയൻ ക്രോസ് ചെയ്യാൻ പാടില്ല.
യെല്ലോ സ്ട്രൈപ്ഡ് മീഡിയൻ ( Yellow striped median )
ചിലയിടങ്ങളിൽ സ്ട്രൈപ്ഡ് മീഡിയൻ മഞ്ഞ നിറത്തിലാകും. ഇവിടെ ഇരട്ടി ശക്തമായ മുന്നറിയിപ്പാണ്. ഇവിടങ്ങളിൽ സ്പീഡ് കുറക്കുക, മുന്നിലെ വാഹനത്തിൽനിന്ന് അകലം പാലിക്കുക എന്നിവ നല്ലതാണ്. ഒരിക്കലും ഈ ലൈനുകൾ മറികടക്കരുത്.
സിംഗിൾ, ഡബിൾ സോളിഡ് യെല്ലോ ലൈനുകൾ ( Single, double solid yellow lines )
ഡബിൾ സോളിഡ് ലൈനിന് തുല്യമാണ് ഒരു സിംഗിൽ സോളിഡ് യെല്ലോ ലൈൻ. ഒരു കാരണവശാലും അത് പാസ് ചെയ്യാൻ പാടില്ല. പാലങ്ങളിലാണ് ഇവ കൂടുതൽ ഉണ്ടാകുക. അതുപോലെ ഡബിൾ സോളിഡ് യെല്ലോ ലൈൻ സ്ട്രൈപ്ഡ് മീഡിയന് തുല്യമാണ്. ഇവയും അധികം വീതികുറഞ്ഞ പാലങ്ങളിലാണ് കാണാറ്.
സിഗ്സാഗ് ലൈൻ ( Zigzag line )
റോഡിൽ കാണുന്ന വളഞ്ഞുപുളഞ്ഞ ലൈനുകളാണിത്. വാഹനങ്ങൾ വേഗത കുറക്കാനുള്ള നിർദേശമാണിത്. സീബ്ര ക്രോസിങ്, ജംഗ്ഷൻ എന്നിവ അടുത്തുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. ഇത് കണ്ടാൽ വാഹനം ഓവർടേക്ക് ചെയ്യാൻ പാടില്ല. മുന്നിലെ വാഹനം വേഗത കുറച്ചാൽ പോലും ഓവർടേക്ക് ചെയ്യരുത്. റോഡിന് നടുവിലും സൈഡിലുമെല്ലാം ഈ സിഗ്സാഗ് ലൈനുകൾ കാണാം.
സൈഡ് വൈറ്റ് ലൈൻ ( Side white line )
റോഡിൻെറ അതിര് അറിയാനുള്ളതാണിത്. വീതിയുള്ള റോഡിൻെറ വശത്ത് കുറച്ച് ഇടവിട്ടായിരിക്കും ഇതുണ്ടാകുക. ഈ ഭാഗത്ത് ആളുകൾക്ക് നടക്കാം, സൈക്കിൾ ലൈനായിട്ടും ഉപയോഗിക്കാം. പാർക്കിങ്ങും അനുവദനീയം.
സൈഡ് യെല്ലോ ലൈൻ ( Side yellow line )
റോഡിൻെറ അറ്റത്തുള്ള സോളിഡ് ലൈൻ മഞ്ഞയായി കഴിഞ്ഞാൽ നോ പാർക്കിങ് ആയി മാറും. ചെറിയ വളവുകളിലാകൂം ഇതുണ്ടാകുക. അത്യാവശ്യത്തിന് വേണമെങ്കിൽ ഇതിലൂടെ വാഹനം ഓടിക്കാം.
സ്ട്രൈപ്ഡ് സൈഡ് ( Striped side )
ഏണിയുടെ രൂപത്തിലുള്ള സ്ട്രൈപ്ഡ് മീഡിയൻ റോഡിൻെറ സൈഡിലാണെങ്കിൽ അവിടെ വാഹനങ്ങൾക്ക് ഒന്നും ചെയ്യാൻ പാടില്ല. ഇതൊരു ഫൂട്ട്പാത്തായിട്ടാണ് കണക്കാക്കുന്നത്. ഇതിലൂടെ വാഹനം ഓടിക്കാനോ പാർക്ക് ചെയ്യാനോ പാടില്ല. അതേസമയം സൈക്കിളുകാർക്ക് ഉപയോഗിക്കാം. വളരെ അപകടകരമായ വളുവകളിലായിരിക്കും ഇതുണ്ടാവുക. അല്ലെങ്കിൽ വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ തിരിക്ക് കൂടാൻ സാധ്യതയുള്ള കവലകളിൽ.
ക്രോസ്ഡ് ലൈൻ ( crossed line )
റോഡിൻെറ കുറുകെ ലൈൻ വന്നാൽ അത് നിർത്താനുള്ള മുന്നറിയിപ്പാണ്. ഇതിന് അടുത്തായി stop എന്നും എഴുതിവെച്ചിട്ടുണ്ടാകും. സീബ്രാ ക്രോസിങ്, ജംഗ്ഷനിലെ സിഗ്നൽ എന്നിവിടങ്ങളിൽ ഇത് കാണാം. ഈ ലൈനിൻെറ തൊട്ടുമുമ്പ് നിർത്തണം. സീബ്രാ ക്രോസിങ്ങിൽ ആരും ഇല്ലെങ്കിൽ നിർത്തേണ്ടതുമില്ല.
ഗിവ് വേ ലൈൻ ടു റൈറ്റ് ( Give way line to right )
പോക്കറ്റ് റോഡിൽനിന്ന് ഒരു പ്രധാന റോഡിലേക്ക് കയറുേമ്പാൾ കാണുന്ന ഡോട്ടഡ് ലൈനിന് ഗിവ് വേ ലൈൻ ടു റൈറ്റ് എന്നാണ് പറയുന്നത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, മെയിൻ റോഡിലെ വലതുവശത്തുനിന്ന് ഈ റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്ക് പോക്കറ്റ് റോഡിലുള്ളവർ വഴി കൊടുക്കണം എന്നാണ്. അതായത് വലതുവശത്തുനിന്ന് വാഹനം വരുന്നുണ്ടെങ്കിൽ അതിനെ കടത്തിവിട്ടിട്ട് വേണം പോക്കറ്റ് റോഡിലുള്ളവർ മെയിൻ റോഡിലേക്ക് കയറാൻ.
ഗിവ് വേ ലൈൻ ടു സൈഡ്ഡ് ( Give way line to sides )
റോഡിന് നടുവിലുള്ള ഡബിൾ ഡോട്ടഡ് ലൈനാണിത്. ജംഗ്ഷനുകളിലാണ് ഇതുണ്ടാകാറ്. ഈ ലൈൻ കണ്ടാൽ പോക്കറ്റ് റോഡിൽനിന്ന് വരുന്നവർ രണ്ട് വശത്തേക്കും നോക്കി വാഹനം ഇല്ലെങ്കിൽ മാത്രം മെയിൻ റോഡിലേക്ക് കയറുക.
യെല്ലോ ബോക്സ് ജംഗ്ഷൻ ( Yellow box junction )
റോഡിന് നടുവിൽ മഞ്ഞ നിറത്തിൽ വലയുടെ രൂപത്തിലുള്ള വലിയ ബോക്സാണിത്. റൗണ്ട് എബൗട്ട് ഇല്ലാത്ത, എന്നാൽ ജംഗ്ഷനുള്ളതുമായ സ്ഥലത്താണ് ഇത് വരക്കുക. ഈ ബോക്സിനുള്ളിൽ ട്രാഫികിന് തടസ്സമുണ്ടാകുന്ന രീതിയിൽ വാഹനം നിർത്താൻ പാടില്ല. പാസ് ചെയ്ത് പോകാൻ കഴിയുമെങ്കിൽ മാത്രമേ ബോക്സിലേക്ക് വാഹനം കയറ്റാൻ പാടുള്ളൂ. അല്ലാത്തപക്ഷം മറ്റുള്ള വാഹനങ്ങൾ കടന്നുപോയ ശേഷം മാത്രം കയറുക.
സീബ്രാ ലൈനുകൾ ( Zebra line )
ആളുകൾക്ക് റോഡ് മുറിച്ചുകടക്കാനുള്ള ഭാഗമാണിത്. ഇവിടെ ആളുകൾ നിൽക്കുന്നുണ്ടെങ്കിൽ വാഹനം നിർത്തികൊടുക്കണം. വിദേശ രാജ്യങ്ങളിൽ സീബ്രാ ലൈനുകളിലുടെയല്ലാത്ത റോഡ് ക്രോസിങ്ങിന് വലിയ പിഴ നൽകേണ്ടി വരും.
റംബിൾ സ്ട്രിപ്സ് ( Rumble strips )
ദേശീയപാതകളിൽ സ്ഥിരമായി കാണുന്ന വരകളാണിത്. റോഡിന് കുറുകെ ഒരുപാട് ചെറിയ ലൈനുകൾ വരച്ചുവെച്ചിട്ടുണ്ടാകും. രണ്ട് കാര്യങ്ങളാണ് ഇതുകൊണ്ടുള്ളത്. ചെറിയ കനത്തിലായിരിക്കും ഈ വരകൾ. ഇവിടെ എത്തുേമ്പാൾ വേഗത കുറക്കണമെന്നാണ് ഒരു കാര്യം.
മറ്റൊന്ന് ദീർഘദൂര യാത്രയിൽ, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് തടയാൻ ഇത് സഹായിക്കും. അമിതവേഗതയിൽ ഇതിൻെറ മുകളിലൂടെ പോയാൽ നല്ല കുലുക്കം അനുഭവപ്പെടും. ഇതുവഴി ഏതൊരു ഡ്രൈവറും അർധമയക്കത്തിൽനിന്ന് ഉണരും.
അപ്പോൾ ഈ ലൈനുകൾ വഴി പറയുന്ന റോഡിൻെറ ഭാഷ ശ്രദ്ധിച്ച് യാത്ര പോകാം. അപകടരഹിതമായ നിരത്തുകളാകട്ടെ നമ്മുടെ ലക്ഷ്യം.
റോഡ് മാർക്കിങ്സിനെക്കുറിച്ചുള്ള വീഡിയോ കാണാം: