SPECTRE : ഇന്ത്യയിലെ ഇവി കളത്തിലേക്ക് റോൾസ്-റോയ്സും, വില 7.5 കോടി
ലോകത്തിലെ ഏറ്റവും വിലകൂടിയ സമ്പൂർണ്ണ ഇലക്ട്രിക് കാറാണ് സ്പെക്ടർ
Rolls-Royce Spectre
ആഡംബര കാറുകളുടെ അവസാന വാക്കാണ് റോൾസ് റോയ്സ്. ലോകമെമ്പാടും ഇലക്ട്രിക് വെഹിക്കിൾ യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കെ Rolls-Royce എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആദ്യ ഇവി മോഡലും ആഗോള തലത്തിൽ അവതരിപ്പിച്ചിരുന്നു. Spectre എന്നാണ് റോൾസ് റോയ്സിന്റെ ആദ്യ ഇലക്‌ട്രിക് കാറിന്റെ നാമം. ആഡംബരം വിളിച്ചോതുന്ന ഈ ഇവിയെ ഇപ്പോൾ ഇന്ത്യയിലും എത്തിച്ചിരിക്കുകയാണ് കമ്പനി. ലോകത്തിലെ ഏറ്റവും വിലകൂടിയ സമ്പൂർണ്ണ ഇലക്ട്രിക് കാറായ സ്പെക്ടറിനെ 2022-ൽ ഫാൻ്റത്തിന്റെ പിൻഗാമിയായിട്ടായിരുന്നു ആഗോള തലത്തിൽ അനാവരണം ചെയ്തത്. ഇന്ത്യയിൽ 7.5 കോടി രൂപയാണ് എക്‌സ് ഷോറൂം വില. 2023 നവംബറിൽ ചെന്നൈയിലെ ഒരു ഉപഭോക്താവിന് ഇന്ത്യയിലെ ആദ്യത്തെ യൂണിറ്റ് കൈമാറിയിരുന്നു. ബ്രാൻഡിൻ്റെ ഓൾ-അലൂമിനിയം സ്‌പേസ് ഫ്രെയിമിൽ നിർമ്മിച്ച ആദ്യത്തെ അത്യാഡംബര ടൂ-ഡോർ ഇലക്ട്രിക് സെഡാന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം.
Rolls-Royce Spectre ; ഡിസൈൻ
Phantom, Ghost, Cullinan തുടങ്ങിയ മോഡലുകളുമായിട്ടാണ് റോൾസ് റോയ്സ് സ്പെക്ടർ അതിന്റെ ഫൗണ്ടേഷൻ പങ്കിടുന്നത്. ആയതിനാൽ റോൾസ്-റോയ്‌സിന്റെ തനത് സിഗ്നേച്ചറിലും ചാരുതയിലുമാണ് കാറിനെ നിർമ്മിച്ചിട്ടുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും അതിനു മുകളിൽ അൾട്രാ-സ്ലിം എൽഇഡി ഡിആർഎല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 22 എൽഇഡികളാൽ പ്രകാശിക്കുന്ന ‘pantheon’ ഗ്രില്ലാണ് മുൻവശത്തെ ഹൈലൈറ്റ്.
റോൾസ് റോയ്സ് കാറുകളുടെ സിഗ്‌നേച്ചറാണ് ഹൂഡിലെ ‘സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി’ മുദ്ര. എന്നാൽ അതിനെ കൂടുതൽ എയറോഡൈനാമിക് ആക്കുന്നതിനായി ചിറകുകളുടെ വീതി കുറച്ചാണ് സ്പെക്ടറിൽ ഘടിപ്പിച്ചിട്ടുള്ളത്. എക്കാലത്തെയും മികച്ച എയറോഡൈനാമിക് റോൾസ് റോയ്സ് വാഹനമായ ഈ കൂറ്റൻ ഇലക്ട്രിക് സെഡാൻ 5,475 മില്ലീമീറ്റർ നീളവും 2,144 മില്ലീമീറ്റർ വീതിയും 1,573 മില്ലീമീറ്റർ ഉയരവുമുണ്ട്. ഈ പരിമാണങ്ങൾക്ക് അനുപാതമായ 23 ഇഞ്ചിന്റെ വലിയ ചക്രങ്ങളാണ് കാറിനെ ചലിപ്പിക്കുന്നതും.
ഇന്റീരിയർ
കൂറ്റൻ വാതിലുകൾ തുറന്ന് അകത്തേക്ക് പ്രവേശിച്ചാലാണല്ലോ യാഥാർഥ്യത്തിലുള്ള റോൾസ് റോയ്സിന്റെ ചാരുത മനസിലാക്കാനാകുക! ബ്രിട്ടീഷ് ടയ്‌ലറിംഗിനെ സ്വാധീനിച്ച പുത്തൻ രൂപത്തിലുള്ള സീറ്റുകളാണ് ഉൾവശത്തെ ആദ്യത്തെ ശ്രദ്ധാകേന്ദ്രം. സീറ്റുകളുടെ നിറവും ഉപഭോക്താക്കൾക്ക് ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. ഇതിലെ സ്റ്റിച്ചിങ്, എംബ്രോയ്ഡറി, പൈപ്പിംഗ് എന്നിവയെല്ലാം മനുഷ്യകരങ്ങളാൽ ചെയ്തതാണ്.
ഗാലക്സിയിലെ നക്ഷത്രങ്ങളോട് സാമ്യമുള്ള രീതിയിൽ പ്രകാശിക്കുന്ന മേൽക്കൂര റോൾസ് റോയ്സ് കാറുകളിൽ പുതുമയല്ല. എന്നാൽ 4,796 സൂക്ഷ്മമായ എൽഇഡികളാൽ പ്രകാശിക്കുന്ന ‘സ്റ്റാർലൈറ്റ്’ ഉൾകൊള്ളുന്ന ഡോർ പാഡാണ് സ്പെക്ടറിനെ വ്യത്യസ്തനാക്കുന്നത്. ഒരു സീരീസ് പ്രൊഡക്ഷൻ റോൾസ് റോയ്‌സിൽ ഇത് ആദ്യമായാണ് ചെയ്യുന്നത്. ‘Canadel Panelling’ എന്ന് റോൾസ് റോയ്സ് വിളിക്കുന്ന തടി ഉപയോഗിച്ച് വരെ സ്പെക്ടറിന്റെ ഡോറുകൾ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനാകും.
ഫീച്ചറുകൾ
എന്തും നൽകും. ഇതാണ് റോൾസ് റോയ്സിന്റെ പ്രത്യേകത. ഉപഭോക്താക്കൾ എക്സ്ക്ലൂസീവ് ഡിസൈനുകൾ ആവശ്യപ്പെടുകയും അവ വിതരണം ചെയ്യുന്നതും റോൾസ് റോയ്‌സിനെ അറിയുന്ന ആളുകളെ ഞെട്ടിക്കുന്ന കാര്യമല്ല. ബ്രാൻഡിൻ്റെ ‘Whispers’ എന്ന ആപ്ലിക്കേഷനുമായി സംയോജിപ്പിച്ച് കാറിൻ്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള പുത്തൻ സംവിധാനമാണ് ‘SPIRIT’. ഉപഭോക്താക്കൾക്ക് വിദൂരത്തിൽ നിന്ന് തന്നെ വാഹനത്തിലെ നിരവധി ക്രമീകരണങ്ങൾ നടത്താനും കാറിലെ എല്ലാ തത്സമയ വിവരങ്ങളും നേടാനും ഈ ഫീച്ചർ സഹായകമാണ്. കാറിന്റെ സുരക്ഷാ ഫീച്ചറുകളുടെയും, ഡിജിറ്റൽ സ്‌ക്രീനുകളുടെയും സവിശേഷതകളോ വിശദാംശങ്ങളോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും ഇതൊരു റോൾസ് റോയ്സ് ആണ്, ഇവയെല്ലാം ഇഷ്‌ടാനുസൃതം തെരഞ്ഞെടുക്കാമല്ലോ! ഇന്റീരിയറിലെ ഡയലുകളുടെ നിറങ്ങൾ പോലും കസ്റ്റമൈസ് ചെയ്യാം.
Rolls-Royce Spectre : പവർട്രെയിൻ
മിക്ക റോൾസ്-റോയ്‌സ് കാറുകളിലുമുള്ള V12 എഞ്ചിനിൽ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം ഇലക്ട്രിക് മോട്ടോറുകളാണ് സ്പെക്‌ടറിനെ ചലിപ്പിക്കുന്നത്. തൽഫലമായി 575 ബിഎച്ച്പി ഉയർന്ന കരുത്തും 900 എൻഎം ടോർക്കും ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള ഈ സെഡാന് ഉൽപാദിപ്പിക്കാനാവും. ഇത് പൂജ്യത്തിൽ നിന്ന് 4.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌പെക്ടറിനെ പ്രാപ്‌തമാക്കുന്നു. ഏകദേശം മൂന്ന് ടൺ ഭാരമുള്ള ഈ ഭീമൻ കാറിനെ 521 കിലോമീറ്റർ റേഞ്ച് നൽകുന്ന 102kWh ബാറ്ററി പായ്ക്കാണ് പിന്തുണക്കുന്നത്.
Rolls-Royce Spectre : വില
എല്ലാ റോൾസ്-റോയ്‌സ് കാറുകളെയും പോലെ വാങ്ങുന്നയാളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്‌പെക്ടറിനെയും നിർമിച്ചു നൽകും. എക്സ്റ്റീരിയർ, ഇൻ്റീരിയർ നിറങ്ങളോ അപ്ഹോൾസ്റ്ററിയോ എന്തുമാകട്ടെ, ഓരോ കസ്റ്റമൈസേഷനും പ്രീമിയം അനുഭവവും ചെലവും ഉണ്ട്. എന്നിരുന്നാലും Spectre-ന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് 7.5 കോടി രൂപയാണ്. അങ്ങനെ ലോകത്തിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറായി ഇത് മാറിക്കഴിഞ്ഞു.
Click here >>> റോൾസ് റോയ്‌സ് കാറുകളിലേക്ക് ലഭ്യമാകുന്ന ആക്‌സെസ്സറികൾ