ടാറ്റയുടെ ഏറ്റവും സ്റ്റൈലിഷ് ലുക്കുള്ള കാറാണ് ആൾട്രോസ്. വാഹനം നിരത്തിലിറങ്ങിയ കാലത്ത് ആരുടെയും മനം കവർന്ന പ്രീമിയം ഹാച്ച് ബാക്ക്. വർഷങ്ങൾ പിന്നിട്ടപ്പോൾ വലിയ ഡിമാൻഡൊന്നും വാഹനത്തിന് ഇല്ലാത്ത സ്ഥിതിയായിരുന്നു. ഇത് തിരിച്ചറിഞ്ഞ ടാറ്റ വാഹനത്തിന്‍റെ ഫേസ്ലിഫ്റ്റ് കൊണ്ടുവരികയാണ്.
എക്സ്റ്റീരിയർ കാര്യമായി മിനുക്കിയിട്ടുണ്ട്. ഇന്‍റീരിയറിൽ വലിയ അപ്ഡേറ്റുകൾ കൊണ്ടുവന്നു. ഒപ്പം പുതിയ ഫീച്ചറുകളും ഇടംപിടിച്ചിരിക്കുന്നു. മുൻവശത്ത് 3ഡി ഗ്രിൽ, എൽഇഡി ഹെഡ്ലാമ്പുകൾ, ഡോറിനോട് ചേർന്നുനിൽക്കുന്ന ഹാൻഡിലുകൾ, പുതിയ എൽഇഡി ടെയിൽ ലൈറ്റുകളും എൽഇഡി ലൈറ്റ് ബാറുമെല്ലാം പുതുമയേകുന്നു. കൂടാതെ പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകളും ഇടംപിടിച്ചിട്ടുണ്ട്.
ഗ്രാൻഡ് പ്രസ്റ്റീജിയ ഡാഷ്ബോർഡ് ഇന്‍റീരിയറിന് കൂടുതൽ മിഴിവേകുന്നു. 10.25 ഇഞ്ച് ടച്ച് സ്ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതോടൊപ്പമുണ്ട്. 2 സ്പോക്ക് സ്റ്റീയറിങ്ങാണുള്ളത്.
പിന്നിലെ എസി വെന്‍റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്സ്, മഴയത്ത് താനെ പ്രവർത്തിക്കുന്ന വൈപ്പറുകൾ, 360 ഡിഗ്രി കാമറ, 6 എയർ ബാഗുകൾ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത ഫീച്ചറുകളാണുള്ളത്.
1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. പെട്രോൾ എൻജിനൊപ്പം 6 സ്പീഡ് ഡിസിടി ഗിയർബോക്സും ലഭ്യമാണ്. സിഎൻജി പതിപ്പും ടാറ്റ പുറത്തിറക്കുന്നുണ്ട്. വാഹനത്തിന്‍റെ വില 2025 മെയ് 22ന് പ്രഖ്യാപിക്കും.