കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ ഫിനാന്‍ഷ്യല്‍ സർവീസസ് കമ്പനിയായ ടാറ്റാ കാപിറ്റല്‍ (tata capital) ഓഹരികളുടെ ഈടിന്‍മേല്‍ ഡിജിറ്റല്‍ വായ്പകള്‍ (Loan Against Shares) നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. ലളിതമായി തടസ്സങ്ങളില്ലാതെ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ ഓഹരികളുടെ ഈടിന്‍മേല്‍ വായ്പ നല്‍കുന്ന ആദ്യ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായി ടാറ്റാ കാപിറ്റല്‍ മാറി.
ഡീമാറ്റ് രൂപത്തിലുള്ള ഓഹരികള്‍ ഓണ്‍ലൈനില്‍ ലളിതമായി പണയംവെച്ച് അഞ്ചു കോടി രൂപ വരെ വായ്പ നേടാനാണ് എന്‍എസ്ഡിഎല്‍ പിന്തുണയോടെ അവസരം ലഭിക്കുന്നത്. ഡെപോസിറ്ററി പാര്‍ട്ടിസിപ്പന്‍റിന്‍റെ അനുമതി ലഭിച്ചാല്‍ അതേദിവസം തന്നെ പ്രക്രിയ പൂര്‍ണമാകും. ടാറ്റാ കാപിറ്റലിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഈ സേവനം നേടാം.(www.las.tatacapital.com/online/loans/las/apply-now-las-loan)
ഉപഭോക്താവിന്‍റെ ഓഹരികളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വായ്പാ തുക നിശ്ചയിക്കുക. എന്‍എസ്ഡിഎല്‍ വഴി ഓഹരികളുടെ ഓണ്‍ലൈനായുള്ള പണയവും കെവൈസിയും നടത്തും. ഇ-നാച് സൗകര്യത്തിലൂടെ ഇ-സൈനിങും സാധ്യമാക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ ലളിതവും സൗകര്യപ്രദവുമായി നിറവേറ്റാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഓഹരികളുടെ ഈടിന്‍മേലുള്ള ഡിജിറ്റല്‍ വായ്പകളെന്ന് ടാറ്റാ കാപിറ്റല്‍ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ അബന്‍റി ബാനര്‍ജി പറഞ്ഞു. വൈവിധ്യമാര്‍ന്ന കൂടുതല്‍ ഡിജിറ്റല്‍ ഉൽപ്പന്നങ്ങള്‍ തങ്ങള്‍ അവതരിപ്പിക്കുമെന്നും അവർ വെളിപ്പെടുത്തി.