Site icon MotorBeat

Tata Curvv vs Citroen C3X – കൂപ്പെ എസ്‌യുവികളുടെ ജനപ്രീതി ഉയരുമോ ?

Tata Curvv vs Citroen C3X

Tata Curvv vs Citroen C3X

വ്യത്യസ്ത രൂപം കൊണ്ട് 2023ന്‍റെ തുടക്കത്തിൽ തന്നെ ശ്രദ്ധ നേടിയ കാറാണ് Tata Curvv. ഹാച്ച്ബാക്കുകൾ, സെഡാനുകൾ, മിഡ്‌ സൈസ് എസ്‌യുവികൾ, എസ്‌യുവികൾ എന്നിങ്ങനെയുള്ള കാർ സെഗ്‌മെന്റുകൾ വിവിധ മോഡലുകളാൽ നിറഞ്ഞിരിക്കുന്നതിനാൽ പുതിയ ബോഡി ഘടനകൾ പരീക്ഷിക്കാനൊരുങ്ങുകകയാണ് വാഹന നിർമ്മാതാക്കൾ.

കൂപ്പെ എസ്‌യുവികൾ എന്ന് വിളിക്കപ്പെടുന്ന ഈ മോഡലുകൾ സെഡാൻ കാറുകളെ പോലെയാണെങ്കിലും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ളതിനാൽ എസ്‌യുവി പോലെയും തോന്നിക്കും. വരാനിരിക്കുന്ന രണ്ട് കൂപ്പെ എസ്‌യുവികളാണ് ടാറ്റ Curvv ഉം Citroen C3X ഉം. ഈ രണ്ട് മോഡലുകളും ഉടൻ തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പ്രതീക്ഷ.
മാത്രമല്ല കൂപ്പെ എസ്‌യുവി സെഗ്‌മെന്റിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കാറുകളായി ഇവ മാറുകയും ചെയ്യും. ഇന്ത്യയിൽ പുതുതായി കാണപ്പെടാൻ പോകുന്ന രണ്ട് കൂപ്പെ എസ്‌യുവികളുടെ ഡിസൈൻ, ഇന്റീരിയർ, ഫീച്ചറുകൾ, എഞ്ചിൻ, പ്രതീക്ഷിക്കുന്ന വില എന്നിവ താരതമ്യം ചെയ്താൽ എങ്ങനെയിരിക്കുമെന്ന് നോക്കാം.

എക്സ്റ്റീരിയർ

ഉയർന്ന റൈഡിംഗ് സ്റ്റാൻസ് ഉള്ള, എന്നാൽ ഒരു സെഡാൻ പോലെ തോന്നിക്കുന്ന നോച്ച്ബാക്ക് ഡിസൈനാണ് Tata Curvv അവതരിപ്പിക്കുന്നത്. മുൻവശവും വളരെ വ്യത്യസ്തവും ആകർഷകവുമാണ്. എൽഇഡി ലാമ്പുകളുടെയും, DRL-കളുടെയും ക്രമീകരണം തന്നെ വ്യത്യസ്തമാണ്. അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ തന്നെ ഹാരിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കർവിന്റെയും ഫ്രണ്ട് ഗ്രിൽ രൂപകല്പന ചെയ്തിട്ടുള്ളത്. വാസ്തവത്തിൽ Curvv-ന്റെ ഡിസൈൻ BMW X6, മെഴ്‌സിഡസ്-ബെൻസ് GLC കൂപ്പെ എന്നിവയെയാണ് ഓർമിപ്പിക്കുന്നത്.

സിട്രോൺ എന്ന ഫ്രഞ്ച് വാഹന നിർമ്മാതാവിൽ നിന്നും ഇന്ത്യയിലെത്തുന്ന അഞ്ചാമത്തെ മോഡലാണ് C3X. എസ്‌യുവി പോലുള്ള ഡിസൈനാണ് C3X-ന് ലഭിക്കുന്നത്. സമീപകാലത്ത് പ്രചരിച്ച സ്‌പൈ ഷോട്ടുകൾ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നില്ലെങ്കിലും മുൻഭാഗം C3 എയർക്രോസിനോട് സാമ്യമുള്ളതായിരിക്കും. നോച്ച്‌ബാക്ക് ശൈലിയിലുള്ള ബൂട്ട് ലിഡ് ആയിരിക്കും എന്ന സൂചന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.

ഇന്റീരിയർ

അടുത്തിടെ പുറത്തിറക്കിയ ടാറ്റ ഹാരിയർ, സഫാരി, നെക്‌സോൺ എന്നിവയുടെ അതേ ഇന്റീരിയറായിരിക്കും Tata Curvv വാഗ്ദാനം ചെയ്യുകയെന്ന് പ്രതീക്ഷിക്കാം. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, പ്രകാശിക്കുന്ന ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ലാൻഡ് റോവറിൽ നിന്നും കടമെടുത്ത ഗിയർ ലിവർ, പുതുതായി രൂപകൽപ്പന ചെയ്‌ത എസി വെന്റുകൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, പനോരമിക് സൺറൂഫ് എന്നിവയായിരിക്കും കർവിലെ പ്രധാന ഫീച്ചറുകൾ.

ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ C3X സിട്രോൺ C3 എയർക്രോസിന്റെ അതേ ഡാഷ്‌ബോർഡ് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റൂഫിൽ ഘടിപ്പിച്ച എയർകോൺ വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

പവർട്രെയിൻ

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് Tata Curvv വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ 123bhp കരുത്തും 225Nm ടോർക്കും ഉത്പാദിപ്പിക്കാൻ സജ്ജമാണ്. ട്രാൻസ്മിഷൻ ഓപ്ഷൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 6 സ്പീഡ് മാനുവലും, 7 സ്പീഡ് ഡിസിടി യൂണിറ്റുമായി ജോടിയാക്കുമെന്ന് കരുതുന്നു.

വരാനിരിക്കുന്ന സിട്രോൺ C3X-ന് 109 ബിഎച്ച്‌പിയും 190 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കരുത്തേകാനാണ് സാധ്യത. 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുക.

പ്രതീക്ഷിക്കുന്ന വില

Tata Curvvന്റെ ലോഞ്ച് 2024ന്റെ മധ്യത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 15 ലക്ഷം രൂപ മുതൽ വിലകൾ ആരംഭിക്കുമെന്ന് കരുതാം. ഇതിന്റെ EV മോഡലിന് 18 ലക്ഷം രൂപയും പ്രതീക്ഷിക്കാം( എക്സ്-ഷോറൂം).

മറുവശത്ത്, Citroen C3X 2024 ന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ. 12 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് C3Xന്റെ പ്രതീക്ഷിക്കുന്ന പ്രൈസ് റേഞ്ച് (എക്സ്-ഷോറൂം).

Exit mobile version