Wonder World
Trending

അവിസ്മരണീയം ഈ വയനാട് യാത്ര

നിരവധിയുണ്ട്​ വയനാട്ടിൽ കാണേണ്ട കാഴ്ചകൾ

ഒരു മിന്നായം പോലെയാണ് വയനാട് യാത്ര ഞാനും സുഹൃത്തുകളും പ്ലാൻ ചെയുന്നത്. ട്രെക്കിങ് വളരെയധികം ഇഷ്ടമുള്ള ഞങ്ങൾ കോടയും തണുപ്പും എല്ലാം മനസ്സിൽ സ്വപ്നം നെയ്തെടുത്തിട്ടാണ് വയനാട്ടിലേക്ക് യാത്ര ആരംഭിച്ചത്. പ്രകൃതി രമണീയമായ വയനാടിൽ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട് ( tourism place in wayanad ).

ഏതൊരു മലയാളിയെ സംബന്ധിച്ചിടത്തോളം വയനാട് ഒരു വികാരമാണ്. അവിടെ എപ്പോയും സന്ദർശിക്കാൻ അവർ താൽപ്പര്യം കാണിക്കുന്ന. അതിനനുസരിച്ചുള്ള കാഴ്ചകളും താമസ്ഥലങ്ങളുമെല്ലാം ഈ ഹരിതഭൂമി വാഗ്ദാനം ചെയ്യുന്നു.

വയനാടിലെ ഞങ്ങളുടെ ആദ്യ പരിപാടി എന്നത് ചെമ്പ്ര മലയിലേക്കുള്ള ട്രെക്കിങ് ആയിരുന്നു. ഒരുപാട് പേർ ഈ സ്ഥലത്തിന്‍റെ മനോഹാരിത ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് ചെമ്പ്ര മലയിലേക്ക് തന്നെ ആദ്യ യാത്ര എന്ന തീരുമാനം ഞങ്ങൾ എടുക്കാൻ കാരണവും.

വയനാടിലേക്കുള്ള യാത്ര തുടങ്ങിയത് പുലർച്ചെ 4 മണിക്കാണ്. കാരണം, ചെമ്പ്ര പീക്കിലേക്കുള്ള പാസ് പെട്ടെന്ന് തീരുന്നതിനാൽ നേരത്തെ തന്നെ അവിടെ എത്തണം. ഉറക്കമൊഴിച്ച്​ തന്നെ ഞങ്ങൾ അതിരാവിലെ ബസ് കയറി. തിരക്കൊന്നും ഇല്ലാത്തതിനാൽ സൈഡ് സീറ്റിൽ തന്നെയിരുന്നു. അങ്ങനെ ബസ് ദൂരങ്ങൾ പിന്നിട്ടപ്പോൾ പ്രകൃതിയുടെ ഭംഗി കൂടാൻ തുടങ്ങി. കൂടെ കാലാവസ്ഥയിലെ മാറ്റവും ഞങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങി.

ലക്കിടി വ്യൂ പോയിന്റ് (Lakkidi View Point)

ചുരത്തിലെ ഒമ്പതാം വളവ് കഴിഞ്ഞപ്പോൾ വയനാടിന്‍റെ പ്രവേശന കവാടമായ ലക്കിടി വ്യൂ പോയിന്‍റിലാണ് ഞങ്ങൾ എത്തിയത്. എത്ര തന്നെ വർണിച്ചാലും മതിവരാത്ത അടിപൊളി ടൂറിസ്റ്റ് സ്പോട്ട്​ തന്നെയാണ്​ ലക്കിടി വ്യൂ പോയിന്‍റ്​. ഏതൊരു സന്ദർശകനെയും അവിടെ കുറച്ചു സമയം പിടിച്ചിരുത്തും. പകലിലേറെ രാത്രിയാണ് ഈ സ്ഥലം അതിസുന്ദരിയായി കാണപ്പെടാറ്. രാത്രിയിലെ വാഹനങ്ങളുടെ ലൈറ്റും ശബ്ദവും ചുരമിറങ്ങുന്ന വലിയ വാഹനങ്ങളും താഴോട്ട് നോക്കിയാൽ ഉറുമ്പിനെ പോലെ പോകുന്ന വാഹനങ്ങളും തണുപ്പുമെല്ലാം വല്ലാത്തൊരു ഫീൽ തന്നെയാണ്. ഈ മനോഹാരിതയിൽനിന്ന് വീണ്ടും മുമ്പോട്ട് പോയാൽ പൂക്കോട് താടാകത്തിൽ എത്താം.

tourism place in wayanad
വയനാട്​ ജില്ലയിലേക്കുള്ള കവാടം

ചെമ്പ്ര പീക്ക് (Chembra Peak)

ലക്കിടി വ്യൂ പോയിന്‍റിൽ നിന്നും 10 കി.മീ സഞ്ചരിച്ചാൽ ചുണ്ടേൽ എന്ന സ്ഥലത്തെത്തും. അവിടെനിന്ന് 12 കി.മീ കഴിഞ്ഞു മേപ്പാടിയിൽനിന്ന്​ ചെമ്പ്ര മലയിലേക്കുള്ള റോഡ്​ കാണാം. ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച്​ ചെമ്പ്ര മലയിലേക്കുള്ള ടിക്കറ്റ് കൗണ്ടറിന്​ സമീപമെത്തി. രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ട്രെക്കിങ് സമയം. പത്ത് പേരടങ്ങുന്ന ഗ്രൂപ്പ് ആയി തിരിച്ചു ഒരു ഗൈഡിനെയും തരും. പ്രവേശന ഫീസ് 885 രൂപയാണ്. ഒരു ദിവസം 200 പേരെയാണ് ഇങ്ങോട്ട് കടത്തിവിടാറുള്ളത്. 7 മണിക്കാണ് ട്രെക്കിങ് എങ്കിലും ടിക്കറ്റ് എടുക്കാൻ 4 അല്ലെങ്കിൽ 5 മണിക്ക് ഇവിടെ എത്തണം. കാരണം, നേരത്തെ തന്നെ ടിക്കറ്റ് തീരും.

കോവിഡ് പ്രോട്ടോകോൾ

ചെമ്പ്ര മലയിലേക്ക് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലേൽ RTPCR സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്. ടിക്കറ്റ് കൗണ്ടറിൽനിന്നും 2 കി.മീ പിന്നിട്ട് ഞങ്ങൾ ഒരു ചെക്ക് പോസ്റ്റിൽ എത്തി. ഇവിടെനിന്ന് എല്ലാവരുടെയും ബാഗുകൾ പരിശോധിച്ചു. പ്ലാസ്റ്റിക്കിന്​ നിരോധനമുണ്ട്​. അതിനാൽ കൊണ്ടുപോകുന്ന വെള്ളക്കുപ്പികൾക്ക് 50 രൂപ കൊടുക്കണം. ഈ ചെക്ക് പോസ്റ്റിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ് കൈയിൽ കിട്ടിയാൽ മൂന്ന്​ മണിക്കൂർ കൊണ്ട് തന്നെ യാത്ര ചെയ്ത് തിരിച്ചെത്തണം. ഇവിടെനിന്നും നടന്നു കഴിഞ്ഞാൽ രണ്ടാമത്തെ ചെക്ക്പോസ്റ്റ് എത്തും. അവിടെ ടിക്കറ്റ് കാണിച്ചുകൊടുക്കണം.

പിന്നീടുള്ള വഴി ചെറിയ ഒരു പാതയും ചുറ്റും നിറയെ കാടുമാണ്. വയനാട്ടിലെ അതിരാവിലെയുള്ള തണുപ്പും പക്ഷികളുടെ ശബ്ദവുമെല്ലാം പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കുന്നു. അവിടെനിന്നും പിന്നീട്​ കുത്തനെയുള്ള കയറ്റം ആയിരുന്നു. വളരെ ശ്രദ്ധിച്ചായിരുന്നു ഞങ്ങൾ കാലെടുത്തു വെക്കുന്നത്. ഈ ചെങ്കുത്തായ സ്ഥലം കയറി മുകളിലെത്തി. അപ്പോയെക്കും സൂര്യനാശാൻ അവിടെ ഹാജരായിരുന്നു. ചുറ്റും പച്ചപ്പ് പുതച്ച ചെറിയ മലകൾ ആയിരുന്നു അവിടത്തെ കാഴ്ച. ഞങ്ങളുടെ ഗൈഡ് കൂടെ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിൽനിന്നും ഒരുപാട് അറിവ് ആ യാത്രയിൽ നേടാൻ കഴിഞ്ഞു. അദ്ദേഹം ചെമ്പ്ര മലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ ഞങ്ങൾക്ക്​ വിവരിച്ചുതന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്​ ഈ മലനിരകൾ.

tourism place in wayanad
ചെമ്പ്ര മല

നടന്നു നടന്നു ഞങ്ങൾ ചെറിയൊരു തടാകത്തിന്​ സമീപമെത്തി. പക്ഷെ, മലയുടെ മുകളിൽ സമയം ചെലവഴിക്കണമെന്ന് ഞങ്ങൾ വിചാരിച്ചതിനാൽ തടാകത്തിൽ ഇറങ്ങാതെ യാത്ര തുടർന്നു. വീണ്ടും മല കയറി മുകളിലെത്തി. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രകൃതിയുടെ ഭംഗിയാണ് അവിടെ കാണാൻ സാധിച്ചത്. തണുത്ത കാറ്റും പച്ചപ്പാർന്ന കാഴ്ചകളും വേഗത്തിൽ തന്നെ ഞങ്ങളുടെ ക്ഷീണം അകറ്റി. അവിടെനിന്ന് നോക്കിയാൽ കാരാപ്പുഴ ഡാമിന്‍റെ ഒരു ഭാഗവും, ബാണാസുര ഡാമിന്‍റെ ഭാഗവും കാണാം. കുറച്ചു സമയം വീണ്ടും മല കയറിയാൽ ഹൃദയ തടാകത്തിലെത്താം. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഈ തടാകം വേനൽ കാലം ആയാൽ പോലും വറ്റാറില്ല. ഇതിലേക്ക് ഇറങ്ങാൻ അനുമതിയില്ല. മാത്രമല്ല, ഇവിടെ വരെയാണ് ട്രക്കിങ്ങിനു അനുവദിച്ച സ്ഥലം.

ഇതിന്‍റെ മുകളിലേക്ക് പിന്നെ കയറാൻ അനുവദിക്കില്ല. ഇതിനു അവർ പറയുന്നത് രണ്ട് കാരണങ്ങളാണ്. ഒന്ന് 200ൽ പരം ആളുകൾക്ക് അവിടെ നിൽക്കാനുള്ള സ്ഥലമില്ല. രണ്ട് അവിടെ അപൂർവമായി കാണപ്പെടുന്ന പക്ഷികളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയ തടാകം വരെ മാത്രം ട്രെക്കിങ് അനുവദിക്കുന്നുള്ളൂ. കുറച്ചു സമയം അവിടെ ഇരുന്ന് സെൽഫിയും ഫോട്ടോസും ഒക്കെ എടുത്ത് ഞങ്ങൾ അവിടെനിന്ന് ഇറങ്ങാൻ തുടങ്ങി. താഴെ ഞങ്ങൾ എത്തിയപ്പോഴേക്കും 12 മണിയായിരുന്നു. എല്ലാവർക്കും നല്ല വിശപ്പുള്ളത് കൊണ്ടു തന്നെ വേഗത്തിൽ നല്ല ഒരു ഊണ് കിട്ടുന്ന സ്ഥലം ലക്ഷ്യം വെച്ച് പുറപ്പെട്ടു.

വൈത്തിരി വില്ലേജ് റിസോർട്ട് വയനാട്ടിലേക്കാണ്​ (Vythiri village resort) ഞങ്ങൾ പോയത്. പെട്ടെന്ന് തന്നെ അവിടെ ചെക്ക് ഇൻ ചെയ്ത് ഞങ്ങൾ എല്ലാവരും കുറച്ചു സമയം വിശ്രമിച്ചു. വൈകുന്നേരമായപ്പോൾ ഞങ്ങളെല്ലാവരും റിസോർട്ടിലൂടെ നടക്കാനിറങ്ങി. വയനാട്ടിലെ ഏറ്റവും സൗകര്യപ്രദവും വിശാലതയും നിറഞ്ഞതാണ് വൈത്തിരി വില്ലേജ് റിസോർട്ട്. അവിടെ ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട്. മാത്രമല്ല നല്ലൊരു സംഗീത വിരുന്നും അത്താഴവും ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു ഞങ്ങൾ വീണ്ടും നടക്കാനിറങ്ങി. പ്രകൃതിയോട് വളരെയധികം ചേർന്നു നിൽക്കുന്ന റിസോർട്ടാണിത്. ഒരു നാച്ചുറൽ വില്ലേജ് ഫീൽ നമുക്ക് ഇവിടെ കാണാൻ കഴിയും. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ അവിടെനിന്നും ഇറങ്ങി. പിന്നീട് ഞങ്ങൾ നേരെ പോയത് സൂചിപ്പാറ വെള്ളചാട്ടം കാണാൻ വേണ്ടിയാണ്.

സൂചിപ്പാറ വെള്ളച്ചാട്ടം (Soochippara waterfalls)

മേപ്പാടിയിൽനിന്നും ചൂരൽ മല റോഡിലൂടെ 13 കി.മീ സഞ്ചരിച്ചാൽ സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന സ്ഥലത്തെത്താം. പോകുന്ന വഴിയെല്ലാം രണ്ട് ഭാഗവും തേയില തോട്ടങ്ങളാണ്. പിന്നീടുള്ള 2 കി.മീ ഉള്ളിലേക്കുള്ള ഒരു മോശമായ റോഡാണ്. ഈ റോഡ് അവസാനിക്കുന്നത് കാർ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ള സ്ഥലത്താണ്. അവിടെനിന്നും കുറച്ചു പോയാൽ ടിക്കറ്റ് കൗണ്ടർ കാണാം. അതിനടുത്ത് തന്നെ ഒരു ബോർഡുമുണ്ട്​. ഈ മനോഹരമായ സ്ഥലത്തേക്കുള്ള പ്രവേശന ഫീ താഴെ കൊടുത്തിട്ടുള്ളതാണ്.

Adult – Rs 59
Students/ Sudy tour – Rs 30
Foreigner – Rs 107

ടിക്കറ്റ് എടുത്ത് വെള്ളച്ചാട്ടം ലക്ഷ്യം വെച്ച് നടന്നു തുടങ്ങി. നടക്കുന്ന പാത മുഴുവൻ മുള ചെടികളും എല്ലാമായി നല്ല തണൽ ഉണ്ടായിരുന്നു. മാത്രമല്ല വിശ്രമിക്കാനായി ഇരിപ്പിടങ്ങളുമുണ്ട്​. നല്ല തിരക്കാണ്​ ഇവിടെ. കുറച്ചു ദൂരം കൂടി നടന്നപ്പോൾ പിന്നീട് താഴേക്ക് ഇറങ്ങാനുള്ള വഴികൾ കാണാൻ തുടങ്ങി. ഓരോ സ്റ്റെപ്പുകളും ഇറങ്ങി കഴിഞ്ഞപ്പോൾ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കാതുകളിൽ അലയടിക്കുന്നു. ചുറ്റും കാട് പോലെയുള്ള സ്ഥലമായിരുന്നു. വീണ്ടും നടന്നപ്പോൾ അതിമനോഹരമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്തി. വാനാടിന്‍റെ മനോഹാരിതയെക്കുറിച്ചു എത്ര വർണിച്ചാലും മതി വരില്ലെന്ന് ഞങ്ങൾക്ക് പിന്നെയും മനസ്സിലായി.

കണ്ണിനു കുളിർമയും മനസ്സിന് എന്തെന്നില്ലാത്ത ഒരു ഫീലുമായിരുന്നു ഈ വെള്ളച്ചാട്ടം സമ്മാനിച്ചത്. ഞങ്ങൾ എല്ലാവരും വെള്ളത്തിലിറങ്ങി കുറച്ചു സമയം അവിടെ ചെലവഴിച്ചു. നല്ല തിരക്കും ഉണ്ടായിരുന്നു. കോവിഡിന് ഒരു ശമനം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു കുറേ ആളുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് മഴ വന്നത്. ഞങ്ങൾ ഉടൻ തന്നെ ഒരു വെയിറ്റിങ് ഷെഡിലേക്ക് കയറി. മഴ പെയ്യുമ്പോൾ ആ കോടയും വെള്ളച്ചാട്ടവും എല്ലാം കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു. അവിടെനിന്നും ഇറങ്ങാൻ മനസ്സ് അനുവദിച്ചില്ലെങ്കിലും ഞങ്ങൾ നടന്നുനീങ്ങി. ഇറങ്ങിയ സ്റ്റെപ്പുകളെല്ലാം പിന്നീട് കയറി. വളരെ നല്ലൊരു അനുഭവമായിരുന്നു വെള്ളച്ചാട്ടം ഞങ്ങൾക്ക് സമ്മാനിച്ചത്. കോട മൂടിയ അന്തരീക്ഷമാകട്ടെ അതി മനോഹരവും.

പ്രകൃതിയുടെ ഭംഗി ഒരിക്കലും മനുഷ്യന് മടുക്കുന്നില്ല. വീണ്ടും വീണ്ടും പ്രകൃതിയോട് ഇണങ്ങി ചേരാനേ മനുഷ്യന് തോന്നുകയുള്ളൂ. സൂചിപ്പാറ വെള്ളച്ചാട്ടം ഒരിക്കലും മനസ്സിൽനിന്ന് മായുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിലേക്ക് തിരിച്ചു പോകാൻ പ്ലാനിട്ട ഞങ്ങൾ പെട്ടെന്ന് പ്ലാൻ മാറ്റി. അതിലുപരി, കഴിഞ്ഞ ദിവസത്തെ ട്രെക്കിങ് എല്ലാം ആലോചിച്ചപ്പോൾ ഒരു ദിവസം കൂടി അവിടെ താമസിക്കാം എന്ന് കരുതി. പെട്ടെന്നാണ് 900 കണ്ടിയിലെ ടെൻറ്ഗ്രാം (Tentgram) ഓർമ വന്നത്. ഉടനെ അങ്ങോട്ട് വിട്ടു.

ടെൻറ്ഗ്രാം 900 കണ്ടി (Tentgram 900 kandi)

വയനാടിലെ വിനോദസഞ്ചാരങ്ങളിൽ എല്ലാവർക്കും പ്രിയപ്പെട്ട സ്ഥലമാണ് 900 കണ്ടി. മനോഹരമായ ഒരു വന പ്രദേശമാണിത്​. വയനാട് ജില്ലയിലെ മേപ്പാടിയിൽനിന്നും 15 കി.മീ സഞ്ചരിച്ചാൽ ഇവിടെയെത്താം. സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽനിന്ന് 10 കി.മീറ്ററാണ്​ ഇവിടേക്കുള്ള ദൂരം. ഓഫ് റോഡ് ജീപ്പ് സവാരിയാണ് ഇവിടത്തെ പ്രധാന ആകർഷണം. കാടിന്​ സമാനമായ എസ്​റ്റേറ്റുകളിലൂടെയുള്ള ജീപ്പ്​ സവാരി ത്രില്ലടിപ്പിക്കുന്നതാണ്​. ടെൻറ്ഗ്രാമിൽ നിന്ന് അൽപ്പസമയം വിശ്രമിച്ച ശേഷം ഞങ്ങൾ ചെറിയൊരു റിവർ ഹൈക്കിങ്ങിനു വേണ്ടി വൈകുന്നേരമിറങ്ങി. നല്ലൊരു അനുഭവമായിരുന്നുവത്. ഇടക്കിടക്കുള്ള മഴയും ചെറിയ കോടയും കിളികളുടെ ശബ്ദവുമെല്ലാം നന്നായി ആസ്വദിച്ചു.

900 kandi jeef safari off road
900 കണ്ടിയിലെ ഓഫ്​ റോഡ്​ ജീപ്പുകൾ

അതു കഴിഞ്ഞു നേരെ പോയത് ഗ്ലാസ്​ ബ്രിഡ്ജിലേക്കാണ് ( Wayanad glass bridge). ഈയൊരു പാലത്തിൽ കയറിയാൽ വായുവിൽ നടക്കുന്ന പോലെയുള്ള പ്രതീതിയാണ് അനുഭവപ്പെട്ടത്. പാലത്തിന്‍റെ താഴോട്ട്​ നോക്കിയാൽ ഭയങ്കര കാടാണ്. ഈ പാലം പ്രത്യേക തരം ഗ്ലാസ്സ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരു സമയം 3 പേർക്കാണ് ഇതിനു മുകളിൽ കയറാനുള്ള അനുമതി. ഒരാൾക്ക് 100 രൂപയാണ് അവർ ഈടാക്കുന്നത്.

ഇവിടെ നിന്നും പിന്നീട് ഞങ്ങൾ ടെൻറ്ഗ്രാമിലേക്ക് തന്നെ മടങ്ങി. രാത്രി ടെന്റിലായിരുന്നു വാസം. നല്ലൊരു ടെൻറ് അനുഭവം തന്നെയായിരുന്നുവത്​. കുറച്ചു പ്രൈവസി ആഗ്രഹിക്കുന്നവർക്ക് റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് ടെന്റിൽ താമസിക്കാൻ 1700 രൂപയാണ് ചിലവ്. ഇതിൽ ഭക്ഷണവും ഉൾപ്പെടുന്നു. ടെൻറ്ഗ്രാമിലെ അടുത്ത ദിവസവും ഒരു ചെറിയ റിവർ ഹൈക്കിങ് ഉണ്ടായിരുന്നു. കുറച്ച് സാഹസികത നിറഞ്ഞതായിരുന്നു അത്. എന്നാലും, കഷ്ടപ്പെട്ടതിനു ഫലമായി അവിടെ ഒരു വെള്ളച്ചാട്ടം കണ്ടു. വളരെ മനോഹരമായ പ്രദേശമായിരുന്നു അവിടെ. അതിലുപരി, ഇടക്കിടക്കുള്ള മഴയും കോടയും മനസ്സിൽ നല്ലൊരു അനുഭൂതി സൃഷ്ടിച്ചു. ടെൻറ്ഗ്രാം നല്ലൊരു അനുഭവം തന്നെയാണ്. ഒരുപാട് പ്രകൃതിയുടെ കാഴ്ചകൾ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്.

tentgram
900 കണ്ടിയിലെ ടെന്‍റ്​ഗ്രാം

എന്തിരുന്നാലും വയനാടിൽ വന്നാൽ സ്ഥിരം കാണാറുള്ള പൂക്കോട് തടാകം കാണാതെ തിരിച്ച് പോരേണ്ട എന്ന് ഞങ്ങൾക്ക് തോന്നി. അതിനാൽ, അടുത്ത ദിവസത്തെ യാത്ര തുടക്കം കുറിച്ചത് പൂക്കോട് താടാകത്തിൽനിന്നാണ്.

പൂക്കോട് തടാകം

വയനാട്ടിൽ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളിൽ ഒന്ന് തന്നെയാണ് ലക്കിടി വ്യൂ പോയിന്‍റ്​. ഇവിടെ നിന്നും 4 കി.മീ പോയാൽ ഈ തടാകത്തിൽ എത്താം. തടാകത്തിൽ പെഡൽ ബോട്ട് സവാരിയും മോട്ടർ ബോട്ടും എല്ലാം ലഭ്യമാണ്. കൂടാതെ, കുട്ടികൾക്കു കളിക്കാനുള്ള പാർക്കും തടാകത്തിനു ചുറ്റും നടക്കാനുള്ള നടപ്പാതയും ഉണ്ട്.

വെള്ളച്ചാട്ടങ്ങൾ കണ്ട് കൊതിതീരാത്ത ഞങ്ങൾ ഫോണിൽ ‘Must visit waterfalls in Wayanad’ എന്നൊക്കെ നോക്കാൻ തുടങ്ങി. ഒടുവിൽ, അത് അവസാനിച്ചത് സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലും കാന്തൻപാറ വെള്ളച്ചാട്ടത്തിലുമാണ്.

സീതമ്മക്കുണ്ട് വെള്ളച്ചാട്ടം

വയനാട്ടിലെ മേപ്പാടിയിൽനിന്നും 15 കി.മീ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന സ്ഥലത്തെത്താം. പാറക്കെട്ടുകൾക്ക് നടുവിൽനിന്നും അധികം ഉയരത്തിലല്ലാതെ താഴെയുള്ള തടാകത്തിലേക്ക് ജലം ഒഴുകുന്നതാണ് ഈ വെള്ളച്ചാട്ടം. രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം ആറ്​ വരെയാണ് ഇതിന്‍റെ പ്രവർത്തന സമയം. ബസിലോ ഓട്ടോറിക്ഷോയിലോ ടാക്സിയിലോ ഇങ്ങോട്ടേക്ക് എത്താം. അതിലുപരി, സീതമ്മക്കുണ്ട് വെള്ളച്ചാട്ടം കാണാൻ ടിക്കറ്റ് എടുക്കേണ്ട ആവശ്യവുമില്ല.

കാന്തൻ പാറ വെള്ളച്ചാട്ടം

വയനാട് ജില്ലയിലെ ചെറിയൊരു വെള്ളച്ചാട്ടമാണിത്. ഇവിടേക്കുള്ള വഴി തന്നെ അതിമനോഹരമാണ്​. തേയിലത്തോട്ടങ്ങൾക്ക്​ ഇടയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന പാത നമ്മെ സ്വർഗത്തിലേക്ക്​ ആനയിക്കുന്നതുപോലെയാണ്​. കാന്തൻ പാറയിലെത്തിയാൽ വെള്ളച്ചാട്ടം കുറച്ച്​ നടക്കണം. ഒരു പുഴയുടെ തീരത്തുകൂടിയാണ്​ ആ നടത്തം. വശങ്ങളിലെല്ലാം കമ്പികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്​. വെള്ളച്ചാട്ടിത്തിന്‍റെ ഭാഗത്ത്​ പുഴയിൽ ഇറങ്ങാൻ പാടില്ല. എന്നാൽ, മുകളിൽ സുരക്ഷിത ഇടങ്ങളിൽ താൽപ്പര്യമുള്ളവർക്ക്​ കുളിക്കാനിറങ്ങാം. ഏകദേശം 30 മീറ്റർ ആണ് വെള്ളച്ചാട്ടത്തിന്‍റെ ഉയരം. വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളും വളരെ മനോഹരമാണ്. കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു.

kanthanpara waterfalls
കാന്തൻപാറ വെള്ളച്ചാട്ടം

എടക്കൽ ഗുഹയിലേക്കും കുറുവ ദ്വീപിലേക്കും ഞങ്ങളൊക്കെ പണ്ട് എപ്പോഴൊക്കെയോ വന്നിട്ടുണ്ട്. പക്ഷെ, ഞങ്ങൾ എല്ലാവരും ഒരുമിച്ച് പോയിട്ടില്ല എന്നതിനാൽ അങ്ങോട്ടേക്ക് യാത്ര തിരിക്കാം എന്ന തീരുമാനത്തിലായി ഞങ്ങൾ.

എടക്കൽ ഗുഹ (Edakkal cave)

മനോഹരമായ ഈ ഗുഹ സ്ഥിതി ചെയുന്നത് അമ്പുകുത്തി മലയിലാണ്. ഈ ഗുഹയിൽ പുരാതന കാലത്തെ ധാരാളം ചുമർ ചിത്രങ്ങൾ ഉണ്ട്. മൃഗങ്ങളുടെയും, മനുഷ്യരുടെയും ചിത്രങ്ങളാണ് ചുമരിലുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 4000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയുന്നത്. ഞങ്ങൾ പോയ ദിവസം നല്ല തിരക്കുണ്ടായിരുന്നു. ഇവിടെ എൻട്രൻസ് ഫീ കൂടാതെ ക്യാമറ ഉപയോഗിക്കുന്നതിന് പ്രത്യേക പണം ഈടാക്കുന്നുണ്ട്.

edakkal cave wayanad
എടക്കൽ ഗുഹ

കൂടാതെ, സ്ഥലത്ത് മാലിന്യം തള്ളുന്നത് അനുവദനീയമല്ല. അതിനാൽ എല്ലാ കുപ്പികളും സ്റ്റിക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും പിന്നീട് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സുൽത്താൻ ബത്തേരിയാണ് ഏറ്റവും അടുത്തുള്ള KSRTC ബസ് സ്റ്റേഷൻ. അമ്പലവഴിയിൽ ബസ് അല്ലെങ്കിൽ ജീപ്പ് സർവിസ് ലഭ്യമാണ്. അതുകൊണ്ട്, ഇങ്ങോട്ടേക്ക് എത്താൻ വളരെ എളുപ്പമാണ്.

കുറുവ ദ്വീപ്

വയനാട്ടിൽ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്​. അതി​ൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് കുറവ ദീപ്​ എന്നതിൽ സംശയമില്ല. വയനാടിലെ വലിയൊരു ദ്വീപാണ് കുറുവ ദ്വീപ്. ഇവിടെ ഒരു സംരക്ഷണ മേഖലയാണ്. പല സസ്യങ്ങളും പക്ഷികളും ഇവിടെ വളരുന്നുണ്ട്. ധാരാളം ദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഈ വനം പൂർണ്ണമായും പരിപാലിക്കുന്നത് ഇന്ത്യൻ വനം വകുപ്പാണ്. അതിനാൽ, ദ്വീപിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും ഡിപ്പാർട്ട്മെന്‍റ്​ൽ നിന്ന് പാസ് എടുക്കേണ്ടത് നിർബന്ധമാണ്​.

ഒരുപാട് മനോഹരമായ ഓർമകൾ സമ്മാനിച്ച ഒരു അടിപൊളി യാത്രയായിരുന്നു വയനാടൻ ദിനങ്ങൾ. ശോഭനമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിരവധിയുള്ളതിനാൽ വയനാട് സഞ്ചരികളെ വിസ്മയിപ്പിക്കുന്നതിൽ പരാജയപെടാറില്ല. ഒരിക്കൽ കൂടി വയനാടിന്‍റെ പ്രകൃതി ഭംഗി ആസ്വദിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ അവിടെ നിന്നും KSRTC ബസിൽ നാട്ടിലേക്ക് യാത്ര തിരിച്ചു. കേരളത്തിൽനിന്ന്​ മാത്രമല്ല, അയൽസംസ്ഥാനങ്ങളിൽനിന്നും ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്​. ബാംഗ്ലൂർ പോലുള്ള ഐടി ഹബ്ബുകളിൽനിന്ന്​ നിരവധി ​പേർ ഇവിടേക്ക്​ ഒഴുകുന്നു.

Bangalore to Wayanad

By car:

ബാംഗ്ലൂരും വയനാടും തമ്മിലുള്ള ദൂരം ഏകദേശം 282.7 കിലോമീറ്ററാണ്. സ്വന്തമായി വാഹനമോടിക്കുന്നവരാണെങ്കിൽ ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് പോകാവുന്ന മൂന്ന് റൂട്ടുകളുണ്ട്.

Route 1: through Banglore, Channapatna, Mandya, Mysore, Kattikulam, Kaithakal, Wayanad with State Highway – 17 and 33.

Route 2: through Banglore, Kanakapura, Sathanur, Malavalli, Kartikulam, Kaithakal, Wayanad with National Highway 209 and SH 33.

Route 3: through Banglore, Kanakpura, Kollegal, Chamrajnagar, Gundlupet, Sultan Bathery, Wayanad with NH 209 and 212.

Bangalore to Wayanad by Bus:

വയനാടിനും ബാംഗ്ലൂരിനുമിടയിൽ ഒരുപാട് ബസുകൾ സർവീസ് നടത്തുന്നുണ്ട്. കർണാടക, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ രണ്ട് സ്ഥലങ്ങളെയും യോജിപ്പിക്കുന്ന ഒരുപാട് ബസുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ കമ്പനികളെ ബസുകളും ലഭ്യമാണ്​.

Best time to visit Wayanad

ഒക്ടോബർ മുതൽ മെയ് വരെയാണ് വയനാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് വയനാടിന്‍റെ കാലാവസ്ഥ തണുപ്പുള്ളതും സുഖകരവുമാണ്. അതിനാൽ, മിക്ക ആളുകളും ഈ മാസങ്ങളിൽ വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. മഴക്കാലത്ത്​ വയനാട്​ അതിസുന്ദരിയാകും. പക്ഷെ, ഉരുൾപൊട്ടൽ, പ്രളയം പോലുള്ള ഭീഷണിയുള്ളതിനാൽ ശ്രദ്ധിച്ചുവേണം യാത്ര നടത്താൻ. കൂടാതെ മഴ കാരണം മിക്ക സ്ഥലങ്ങളിൽ പോകാൻ ബുദ്ധിമുട്ടാകും. എന്നാൽ, നല്ലൊരു റിസോർട്ട്​ എടുത്ത്​ മഴയും ആസ്വദിച്ച്​ ഒന്നു രണ്ട്​ ദിവസം തങ്ങുകയാണെങ്കിൽ അത്​ മറക്കാനാവാത്ത അനുഭവമാകും.

വയനാടിലെ താമസ സ്ഥലങ്ങൾ (places to stay in wayanad)

വൈത്തിരി വില്ലജ് റിസോർട്ട്​, – Vythiri village resort
Phone number : 80866 22217

ടെന്റ്ഗ്രാം, 900 കണ്ടി – Tentgram, 900 kandi
Phone number : 99469 96681

also read: മലപ്പുറം ജില്ലയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!