ഒന്നാം ഭാഗത്ത് മലപ്പുറം നഗരത്തോട് ചേർന്നതും സമീപ പ്രദേശത്തുള്ളതുമായ സഞ്ചാര കേന്ദ്രങ്ങളെയാണ് പരിചയപ്പെടുത്തിയത്. എന്നാൽ, ഇത്തവണ നമ്മൾ പരിചയപ്പെടുത്തുന്നത് മലപ്പുറം ജില്ലയുടെ ( Malappuram District ) മറ്റു ഭാഗങ്ങളിലുള്ള അടിപൊളി സ്ഥലങ്ങളാണ് ( tourist place in malappuram ). അതിൽ പ്രധാനമായും വരുന്നത് മലയയോര മേഖലയും വനവുമാണ്. മലയയോര മേഖലയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.
നിലമ്പൂർ – Nilambur Tourism Places
മലപ്പുറത്തിന്‍റെ ഹരിത ഭൂമിയാണ് നിലമ്പൂർ ( Nilambur ). തേക്കിന്‍റെ നാട് എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തോട് ചേർന്നുനിൽക്കുന്ന നിലമ്പൂരിൽ അനവധി കാഴ്ചകളാണുള്ളത്. അതിലൂടെ നമുക്കൊന്ന് ഓടിച്ചുപോകാം. മലപ്പുറം ജില്ലയുടെ കിഴക്ക് ഭാഗത്തായിട്ട് തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് നിലമ്പൂരുള്ളത്. മലപ്പുറത്തുനിന്ന് 30 കിലോമീറ്റർ ദൂരമുണ്ട് നിലമ്പൂരിലേക്ക്. ചാലിയാർ പുഴ ( chaliyar river ) നിലമ്പൂരിനെ തഴുകിയാണ് കടന്നുപോകുന്നത്.
ഷൊർണൂരിൽനിന്ന് നിലമ്പൂർ വരെയുള്ള ട്രെയിൻ സർവീസ് ( shoranur nilambur train ) ഏറെ പ്രശസ്തമാണ്. തനി ഗ്രാമീണ കാഴ്ചകളിലൂടെയാണ് ഈ ട്രെയിൻ പോകുന്നത്. വള്ളുവനാടിന്‍റെയും ഏറനാടിന്‍റെയും ഗ്രാമീണ ഭംഗി ഈ യാത്രയിൽ ആസ്വദിക്കാം.
അതേസമയം, ട്രെയിൻ യാത്രയേക്കാൾ ഉപരി ഗ്രാമങ്ങളിലൂടെ ട്രെയിൻ കടന്നുപോകുന്നത് കാണാനാണ് ഏറെ ചന്തം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലങ്ങൾക്ക് മുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. അതൊന്നും ട്രെയിൻ യാത്രയിൽ നമുക്ക് കാണാനാകില്ല. പെരിന്തൽമണ്ണക്ക് സമീപം വലമ്പൂരിലുള്ള അഞ്ചുകണ്ണി പാലം ഇത്തരത്തിൽ ഒന്നാണ്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ മാറി പട്ടിക്കാട് സ്റ്റേഷന് മുമ്പായിട്ടാണ് ഈ പാലമുള്ളത്. ഷൊർണൂർ – നിലമ്പൂർ ട്രെയിനിന്‍റെ സമയക്രമങ്ങൾ ഈ ലേഖനത്തിന്‍റെ അവസാനമുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി ബസുകൾ നിലമ്പൂരിലേക്ക് സർവീസ് നടത്തുന്നുണ്ട് (ksrtc nilambur – 04931 223 929).
Tourist place in malappuram
കനോലി പ്ലോട്ട് ( Conolly’s Plot )
നിലമ്പൂരിലെത്തിയാൽ നിർബന്ധമായും കാണേണ്ട കാഴ്ചയാണ് കനോലി പ്ലോട്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത തേക്കിൻ തോട്ടങ്ങളിൽ ഒന്നാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ല കലക്ടർ ആയിരുന്ന എച്ച്.വി. കനോലിയിൽനിന്നാണ് ഈ പേര് ലഭിക്കുന്നത്. അദ്ദേഹമാണ് ഇവിടെ തേക്ക് തോട്ടം നിർമിക്കാൻ നിർദേശം നൽകിയത്.
1840കളിൽ തോട്ടം ഒരുക്കി. ചാലിയർ പുഴ കടന്നുവേണം ഇവിടേക്ക് എത്താൻ. നേരത്തെ പുഴ കടക്കാൻ തൂക്കുപാലം ഉണ്ടായിരുന്നു. എന്നാൽ, 2018ൽ പ്രളയത്തിൽ ഈ പാലം തകർന്നു. ഇപ്പോൾ ബോട്ടിലാണ് പോകാനാവുക. 420 സെന്‍റീമീറ്റർ വണ്ണമുള്ള തേക്ക് ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വണ്ണമുള്ള തേക്കുകളിൽ ഒന്നാണിത്. തിങ്കളാഴ്ച സന്ദർശകർക്ക് പ്രവേശനമില്ല.
നിലമ്പൂർ കോവിലകം
നിലമ്പൂർ രാജകുടുംബത്തിന്‍റെ താമസ കേന്ദ്രമായിരുന്നു നിലമ്പൂർ കോവിലകം ( Nilambur kovilakam ). നഗരത്തിനോട് ചേർന്നാണ് കോവലികമുള്ളത്. കോട്ട പോലുള്ള കവാടം കടന്നുവേണം കോവിലകം വളപ്പിലേക്ക് കടക്കാൻ. ചെറുതും വലുതുമായ ധാരാളം വീടുകൾ ഇവിടെയുണ്ട്. എല്ലാം തനി കേരളീയ ആർകിടെക്ചർ രീതിയിൽ നിർമിച്ചവ. ഏകദേശം 200 വർഷങ്ങൾക്ക് മുമ്പാണ് കോവിലകം നിർമിക്കുന്നത്. കൊത്തുപണികളാൽ സമ്പന്നമാണ് ഇവ. കുടുംബ ക്ഷേത്രവും ഇവിടെയുണ്ട്. ഇവിടെ വർഷം തോറും ഉണ്ടാകാറുള്ള നിലമ്പൂർ പാട്ടുത്സവം നാടിന്‍റെ ആഘോഷം കൂടിയാണ്.
നിലമ്പൂർ കോവിലകത്തിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ബംഗ്ലാവ് കുന്നുള്ളത്. 1928ൽ നിർമിച്ച ബംഗ്ലാവ് ഇവിടെ കാണാം. ആദ്യകാലത്തെ ഡി.എഫ്.ഒ ഓഫിസായിരുന്നു ഇത്. ഇതിനോട് ചേർന്ന് ഇപ്പോൾ സ്കൈവൾക്ക് ബ്രിഡ്ജ് ( Skydive bridge nilambur ) ആരംഭിച്ചിട്ടുണ്ട്. മരങ്ങൾക്ക് മുകളിലൂടെ പാലത്തിൽ നടക്കുന്ന അനുഭവമാണ് ഇത് സമ്മാനിക്കുക. നിലമ്പൂർ ചന്തക്കുന്ന് അങ്ങാടിയിൽ ബസ്സ്റ്റാൻഡിന് എതിർവശത്തുള്ള റോഡിലൂടെയാണ് ഇവിടേക്ക് പോവുക.
തേക്ക് മ്യൂസിയം (Nilambur teak museum)
നിലമ്പൂർ ടൗൺ കഴിഞ്ഞിട്ടാണ് തേക്ക് മ്യൂസിയമുള്ളത്. ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക് മ്യൂസിയമാണിത്. കൂടാതെ ഇന്ത്യയിൽ ഇത് മാത്രമേയുള്ളൂ. തേക്കിനെക്കുറിച്ചുള്ള ശാസ്ത്രീയവും പ്രകൃതിദത്തവുമായ സകല വിവരങ്ങളും ഇവിടെ ലഭിക്കും. പറമ്പിക്കുളം ടൈഗർ റിസർവിലുള്ള പഴക്കം ചെന്ന തേക്കിന്‍റെയും മലയൂറ്റൂർ കാട്ടിലെ ഉയരം കൂടിയ തേക്കിന്‍റെയും മാതൃക ഇവിടെയുണ്ട്. തേക്ക് തോട്ടങ്ങളിൽ കാണപ്പെടുന്ന 300-ലധികം ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, പ്രാണികൾ എന്നിവയുടെ ശേഖരവും മ്യൂസിയത്തിലുണ്ട്. മുള കൊണ്ട് നിർമിച്ച കുടിലുകൾ, പാർക്ക് എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം സമയം. 10 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാടുകാണി ചുരം
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ പാതകളിലൊന്നാണ് നാടുകാണി ചുരം ( Nadukani churam ). നിലമ്പൂരിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്. പശ്ചിമഘട്ടത്തിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ആനയടക്കമുള്ള വന്യജീവികൾ ഈ പാതയിൽ നിത്യ സന്ദർശകരാണ്. നിലമ്പൂരിൽനിന്ന് വഴിക്കടവിലേക്ക് 17 കിലോമീറ്റർ ദൂരമുണ്ട്. പിന്നീടങ്ങോട്ട് വനവും ചുരവും ആരംഭിക്കുകയാണ്. ഈ പാതയിൽ ധാരാളം വ്യൂ പോയിന്‍റുകളുണ്ട്. അതുപോലെ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. വഴിക്കടവിൽനിന്ന് 18 കിലോമീറ്റർ ദൂരമുണ്ട് തമിഴ്നാട്ടിലെ നാടുകാണിയിലേക്ക്. അതുവരെയുള്ള കാഴ്ചകൾ ആരുടെയും മനം കീഴടക്കും. നാടുകാണിയിൽനിന്ന് വയനാട്ടിലേക്കും ഗൂഡല്ലൂർ വഴ ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കും യാത്ര പോകാം. ഈ വഴികൾ അതിമനോഹരമാണ്.
ആഢ്യൻപാറ വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ആഢ്യൻപാറ വെള്ളച്ചാട്ടം ( Adyanpara Waterfalls ). നിലമ്പൂരിൽനിന്ന് 14 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കക്കാടംപൊയിലേക്കുള്ള വഴിയിലൂടെ പോയി അകമ്പാടത്തുനിന്ന് വലത്തോട്ട് തിരിഞ്ഞുവേണം പോകാൻ. മലയോര മേഖലയിലൂടെയാണ് ഇവിടേക്കുള്ള യാത്ര. ധാരാളം പേരാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനായി എത്താറ്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശന സമയം. ഇന്നിപ്പോൾ കെഎസ്ഇബിയുടെ വൈദ്യുതി ഉൽപ്പാദനവും ഇവിടെ നടക്കുന്നുണ്ട്.
മലപ്പുറത്തിന്‍റെ ഹരിഹർ ഫോർട്ട്
മഹാരാഷ്ട്രയിലെ ഹരിഹർ ഫോർട്ട് എല്ലാ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമാണ്. ഇതുപോലെയൊരു സ്ഥലം മലപ്പുറം ജില്ലയിലുമുണ്ട്. ഓം കുരിശുമല ( om kurishumala ) എന്നാണ് ഇതിന്‍റെ പേര്. കക്കാടംപൊയിലേക്കുള്ള ( Kakkadampoyil ) പാതയിൽ ഈ മല കാണാം. ഇവിടേക്ക് എത്തണമെങ്കിൽ ഇടിവണ്ണയിൽനിന്നാണ് തിരിഞ്ഞുപോകേണ്ടത്. വാഹനം നിർത്തി സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിലൂടെ 100 മീറ്റർ നടക്കാനുണ്ട്. കുത്തനെയുള്ള പാറയാണിത്. പാറയുടെ മുകളിലേക്ക് ഏകദേശം 200 മീറ്റർ ദൂരമുണ്ട്. അടി മുതൽ മുകൾ വരെ കയറിപ്പോകാൻ ചങ്ങലയുണ്ട്. കുറച്ചധികം മനോധൈര്യം ഉള്ളവർക്കേ മുകളിലേക്ക് പോകാനാകൂ.
പാറക്ക് വീതി കുറവാണ് എന്നത് പലരെയും ഭയപ്പെടുത്തും. കൈവിടുകയോ കാൽ തെന്നിപ്പോവുകയോ ചെയ്താൽ താഴേക്ക് പതിക്കും. പാറയുടെ ഏറ്റവും മുകളിൽ അത്യാവശ്യം വിശാലതയുണ്ട്. രണ്ട് തട്ടുകളായിട്ടാണ് ഈ പാറയുള്ളത്. മുകളിൽ കുരിശിന്‍റെയും ഓംമിന്‍റെയും രൂപമുണ്ട്. വീശിയടിക്കുന്ന കാറ്റാണ് മുകളിൽ. നാല് ഭാഗത്തെയും കാഴ്ചകൾ ഇവിടെനിന്ന് കാണാം. നിലമ്പൂരിൽ ഒമ്പത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇങ്ങോട്ടേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടേത് ആയതിനാൽ സഞ്ചാരികൾ സ്വയം സുരക്ഷ കരുതണം. അതേസമയം, ഡിടിപിസിക്ക് ഈ മല ഏറ്റെടുത്ത് മികച്ചൊരു ടൂറിസം കേന്ദ്രമാക്കാവുന്നതാണ്.
കക്കാടംപൊയിൽ
മലബാറിന്‍റെ ഊട്ടിയെന്നാണ് കക്കാടംപൊയിൽ അറിയപ്പെടുന്നത്. നിലമ്പൂരിൽനിന്ന് 23 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ധാരാളം സഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്. കോഴിപ്പാറ വെള്ളച്ചാട്ടം, കുരിശ് മല, പഴശ്ശി ഗുഹ എന്നിവയാണ് പ്രധാന ആകർഷകങ്ങൾ. അതുപോലെ നിലമ്പൂരിൽനിന്ന് വരുമ്പോഴുള്ള മൂലപ്പാടം വെള്ളച്ചാട്ടം, വ്യൂ പോയിന്‍റ് എന്നിവയും സഞ്ചാരികളുടെ സെൽഫി സ്പോട്ടാണ്.
കോഴിപ്പാറ വെള്ളച്ചാട്ടതിന് സമീപമുള്ള ഫോറസ്റ്റ് ഓഫിസിൽനിന്ന് പഴശ്ശി ഗുഹയിലേക്ക് ( Pazhassi cave ) ജീപ്പ് സർവീസുണ്ട്. രണ്ട് മണിക്കൂർ യാത്രക്ക് 1500 രൂപയാണ് ചാർജ്. ആറുപേർക്ക് പരമാവധി സഞ്ചരിക്കാം. For booking: 97448 45539, 90720 45539
ഇതിനെല്ലാം പുറമെ മലമുകളിലെ വ്യത്യസ്തമായ റിസോർട്ടുകളാണ് കക്കാടംപൊയിലിനെ കൂടുതൽ ആകർഷകമാക്കുന്നത്. ഇൻഫിറ്റി പൂൾ അടക്കമുള്ള ധാരാളം റിസോർട്ടുകൾ ഇവിടെയുണ്ട്.
നിങ്ങൾക്ക് കാടിന് നടുവിൽ താമസിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ jungle valley resort ( contact: 96059 73270 ) തെരഞ്ഞെടുക്കാം. അതല്ല, ഇൻഫിറ്റി പൂൾ ഉള്ള റിസോർട്ട് വേണമെങ്കിൽ Pinnacle inn resrort (contact: 85938 77774) തെരഞ്ഞെടുത്തോളൂ.
നെടുങ്കയം (Nedumkayam)
നിലമ്പൂരിന് സമീപമുള്ള അതിമനോഹരമായ പ്രദേശമാണ് നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം. ഈ മഴക്കാടുകൾ അപൂർവ ആദിവാസികളുടെ ആവാസ കേന്ദ്രം കൂടിയാണ്. ചോലനായ്ക്ക പോലുള്ള ആദിവാസി വിഭാഗങ്ങൾ ഇവിടെ താമസിക്കുന്നു. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽനിന്ന് ടിക്കറ്റെടുത്ത് വനത്തിലൂടെ വാഹനത്തിലൂടെ ഒരു കിലോമീറ്റർ സഞ്ചരിക്കാം. തുടർന്ന് ഒരു പാലത്തിന് സമീപത്തായി വാഹനം നിർത്തണം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലമാണിത്. ചാലിയാറിന്‍റെ കൈവഴിയായ പാണ്ടിപ്പുഴയുടെ കുറുകെയാണ് പാലമുള്ളത്.
വെള്ളം കുറവുള്ള സമയത്ത് പുഴയിലിറങ്ങി കുളിക്കാം. പാലത്തിന്‍റെ അക്കരെ എത്തിയാൽ ആദിവാസി കോളനികൾ കാണാം. ഇവിടെ തന്നെയാണ് ഡോസൺ സായിപ്പിന്‍റെ ( ES Dawson) ശവകുടീരമുള്ളത്. ബ്രിട്ടീഷുകാരനായ ഇ.എസ്. ഡോസൺ 1922 മുതൽ ഇന്ത്യൻ ഫോറസ്റ്റ് എൻജിനീയറങ് സർവീസിലുണ്ടായിരുന്നു. 1938 ഒക്ടോബറിൽ നെടുങ്കയം പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട് മുങ്ങിമരിക്കുകയായിരുന്നു. അദ്ദേഹമാണ് ഇവിടെ പാലം നിർമിച്ചത്.
നെടുങ്കയം വനവും ഈ പാലവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഡോസൺന്റെ ഭാര്യയുടെ നിർദേശപ്രകാരമാണ് മൃതദേഹം ഇവിടത്തന്നെ സംസ്കരിച്ചത്. നമ്മുടെ നാട് ബ്രിട്ടീഷ് ആധിപത്യത്തിന് ഏറെ നാൾ കീഴിലായിരുന്നു എന്നതിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണ് നെടുങ്കയത്തെ ഈ സ്മാരകം. നിലമ്പൂരിൽനിന്ന് 12 കിലോമീറ്ററാണ് നെടുങ്കയത്തേക്കുള്ള ദൂരം.
ചിങ്കക്കല്ല്
മലപ്പുറം ജില്ലയിൽ അത്ര പ്രശസ്തമല്ലാത്ത ഒരിടമാണ് ചിങ്കക്കല്ല്. എന്നാൽ, വലിയ ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണിത്. മലപ്പുറം ജില്ലയിൽ നിർബന്ധമായും കാണേണ്ട കാഴ്ചകളെക്കുറിച്ചുള്ള ആദ്യ ഭാഗത്തിൽ, കോട്ടക്കുന്നിൽവെച്ച് മലബാർ സമര പോരാളി വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ച് കൊന്ന സംഭവം പറഞ്ഞിരുന്നല്ലോ. അദ്ദേഹം അവസാന കാലഘട്ടത്തിൽ ഇവിടെയായിരുന്നു ഒളിച്ചുകഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് ഇദ്ദേഹത്തെയും കൂട്ടാളികളെയും ബ്രിട്ടീഷ് പട്ടാളം പിടികൂടുന്നത്.
പൂക്കോട്ടുംപാടത്തിന് സമീപത്തുള്ള ചോക്കാട് ആണ് ചിങ്കക്കല്ല് കോളനിയുള്ളത്. ഇവിടേക്കുള്ള റോഡ് അതിമനോഹരമാണ്. പാറ നിൽക്കുന്ന പ്രദേശം വനമേഖലയിലാണ്. ഇവിടെ ആദിവാസി കോളനിയും വനംവകുപ്പിന്‍റെ ഓഫീസുമുണ്ട്. വനംവകുപ്പിന്‍റെ ഓഫീസിനോട് ചേർന്ന് വാഹനം നിർത്തി 100 മീറ്റർ നടക്കണം പാറയുടെ അടുത്തേക്ക്.
ഭീമാകാരമായ പാറയാണ് ചിങ്കക്കല്ലിലേത്. ഇതിന് സമീപത്തുകൂടി അരുവി ഒഴുകുന്നുണ്ട്. പാറയുടെ അരികിലൂടെ ഒരു വഴി പോകുന്നത് കാണാം. ചിങ്കക്കല്ല് വെള്ളച്ചാട്ടത്തിലേക്കാണ് ഇത് എത്തുന്നത്. നിലമ്പൂരിൽനിന്ന് 18 കിലോമീറ്റർ ദൂരമുണ്ട് ചിങ്കക്കല്ലിലേക്ക്.
കേരളാംകുണ്ട് വെള്ളച്ചാട്ടം
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് കേരളാംകുണ്ട് . സോഷ്യൽമീഡിയയിലെല്ലാം ഇതിന്‍റെ ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. ഏകദേശം 30 ഉയരത്തിൽനിന്ന് വെള്ളത്തിലേക്ക് എടുത്തുചാടാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. തെളിനീർ പോലത്തെ വെള്ളമാണിവിടെ. സൈലന്‍റ് വാലി ബഫർ സോണിന്‍റെ പരിധിയിൽപെട്ട പ്രദേശമാണിത്. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടിലാണ് ഈ വെള്ളച്ചാട്ടമുള്ളത് ( Keralamkundu waterfalls location ). നിലമ്പൂരിൽനിന്ന് 34ഉം മലപ്പുറത്തുനിന്ന് 47ഉം കിലോമീറ്റർ ദൂരമുണ്ട് കേരളാംകുണ്ടിലേക്ക്. കരുവാകുണ്ടിൽ തന്നെയുള്ള മറ്റൊരു ടൂറിസം കേന്ദ്രമാണ് ചേറുമ്പ ഇക്കോ ടൂറിസ്റ്റ് വില്ലേജ്. പുഴയുടെ തീരത്ത് ഒരുക്കിയ മനോഹരമായ പാർക്കാണിത്. കുടുംബവുമൊത്ത് ഒന്നിച്ചിരിക്കാൻ പറ്റിയ സ്ഥലമാണിത്.
ചിങ്കക്കല്ല്, കേരളാംകുണ്ട് എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് താമസിക്കാൻ പറ്റിയ ഇടമാണ് Great Hornbill Resorts. പൂക്കോട്ടുംപാടത്ത് വനത്തിനോട് ചേർന്നാണ് ഈ റിസോർട്ടുള്ളത്. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. contact no: 91427 97190.
കൊടികുത്തിമല
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട നഗരമാണ് പെരിന്തൽമണ്ണ ( Perinthalmanna ). ആശുപത്രികളുടെ നഗരം എന്ന വിശേഷണം കൂടിയുണ്ട് പെരിന്തൽമണ്ണക്ക്. നഗരത്തിന് സമീപത്തെ അതിഗംഭീര ടൂറിസം സ്പോട്ടാണ് കൊടികുത്തിമല ( Kodikuthimala). പെരിന്തൽമണ്ണ നഗത്തിൽനിന്ന് തന്നെ ഈ മല ദൃശ്യമാകും. പാലക്കാട് റോഡിലൂടെ സഞ്ചരിച്ച് അമ്മിനിക്കാട്ടുനിന്ന് വേണം കൊടുകുത്തി മലയിലേക്ക് പോകാൻ. മലയുടെ പകുതി ദൂരം മാത്രമേ വാഹനം പോകൂ.
പിന്നീട് മുകളിലേക്ക് നടന്നുവേണം എത്താൻ. വനംവകുപ്പിന്‍റെ കീഴിലാണ് ഈ പ്രദേശം. ഏതുസമയത്ത് വന്നാലും വീശിയടിക്കുന്ന കാറ്റാണ് നിങ്ങളെ സ്വാഗതം ചെയ്യുക. മലയുടെ ഏറ്റവും മുകളിലായി വാച്ച് ടവറുണ്ട്. ഇവിടെനിന്ന് നോക്കിയാൽ പെരിന്തൽമണ്ണ നഗരവും പ്രാന്തപ്രദേശങ്ങളുമെല്ലാം കാണാം.
ഈയിടെ ധാരാളം വികസനങ്ങൾ കൊടികുത്തി മലയിൽ കൊണ്ടുവന്നിട്ടുണ്ട്. വാച്ച്ടവറെല്ലാം നവീകരിച്ച് മനോഹരമാക്കി. മലകയറ്റം ആരംഭിക്കുന്ന സ്ഥലത്ത് ചെറിയ അരുവിയുണ്ട്. മഴക്കാലത്ത് ഇവിടെ കുളിക്കാനാകും. പെരിന്തൽമണ്ണയിൽനിന്ന് 10 കിലോമീറ്റർ ദൂരമുണ്ട് കൊടുകുത്തി മലയിലേക്ക്. അങ്ങാടിപ്പുറമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
Nilambur Shornur train timing
ഒമ്പത് ട്രെയിനുകളാണ് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് സർവീസ് നടത്തുന്നത്. നിലമ്പൂരിലെ സ്റ്റേഷന്റെ പേര് നിലമ്പൂർ റോഡ് എന്നാണ്. നഗരത്തിൽനിന്ന് ഒരൽപ്പം മാറിയാണ് സ്റ്റേഷനുള്ളത്. രാവിലെ സർവീസ് നടത്തുന്ന രാജ്യറാണി തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിക്കുന്നത്. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ ട്രെയിൻ രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുള്ളത് അങ്ങാടിപ്പുറത്തുവെച്ചാണ്. കോട്ടയത്തുനിന്ന് വരുന്ന പാസഞ്ചറാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന മറ്റൊരു ദീർഘദൂര ട്രെയിൻ. ഈ ട്രെയിനിനും രണ്ട് സ്റ്റോപ്പുകൾ മാത്രമാണ് ഇടയിലുള്ളത്.
അതേസമയം, പാസഞ്ചർ ട്രെയിനുകൾക്ക് വാടാനാംകുറുശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. അതിമനോഹരമാണ് ഈ റെയിൽ വേസ്റ്റേഷനുകൾ. മരങ്ങൾ നിറഞ്ഞ ചെറുകര സ്റ്റേഷൻ കാവ്യഭംഗി തുളുമ്പുന്ന സ്ഥലമാണ്. മേലാറ്റൂർ സ്റ്റേഷനിൽ ഗുൽമോഹർ പൂക്കൾ വീണ് ചുവന്ന നിറത്തിലായതിന്‍റെ ചിത്രങ്ങൾ 2020ലെ കോവിഡ് കാലത്ത് ഏറെ വൈറലായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി വരെ ചിത്രങ്ങൾ പങ്കുവെച്ചു. ഈ റൂട്ടിലൂടെ കർണാടകയിലെ നഞ്ചൻഗോഡ് വരെ പാത ഒരുക്കണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് യാഥാർഥ്യമായാൽ മലപ്പുറം ജില്ലയുടെ ടൂറിസം രംഗത്ത് വലിയ വിപ്ലവമാണ് വരിക. നിലമ്പൂർ വനത്തിലൂടെയും വയനാടൻ മലനിരകളിലൂടെയുമാകും ഈ പാത കടന്നുപോവുക.
ട്രെയിൻ ഷൊർണൂരിൽനിന്ന് പുറപ്പെടുന്നതിന്‍റെയും നിലമ്പൂരിൽ എത്തുന്നതിന്‍റെയും സമയം:
shoranur nilambur train
1. 03.50 – 05.45 (Rajya rani experss)
2. 07.05 – 08.50 (Passanger)
3. 09.15 – 11.05 (Passanger)
4. 10.20 – 11.45 ( Kottayam – Nilambur express)
5. 11.35 – 13.10 (Passanger)
6. 15.00 – 16.40 (Passanger)
7. 17.10 – 18.55 (Passanger)
8. 17.55 – 19.33 (SRR NIL EXP SPL)
9. 19.20 – 21.20 (Passanger)
Nilambur road – Shornur trains
1. 07.00 – 08.45 (Passanger)
2. 09.10 – 10.55 (Passanger)
3. 11.25 – 13.05 (Passanger)
4. 14.45 – 16.25 (Passanger)
5. 15.10 – 16.40 (Nilambur – Kottayam express)
6. 17.05 – 18.22 (Nil PGT PASS Passanger)
7. 19.15 – 21.00 (Passanger)
8. 21.30 – 22.50 (Rajya Rani Express)
also read: മലപ്പുറം ജില്ലയിൽ നിർബന്ധമായും കാണേണ്ട ടൂറിസം കേന്ദ്രങ്ങൾ – 1