മലപ്പുറം എന്ന പേര് കേട്ടാൽ തന്നെ ആദ്യം നമ്മുടെ മനസ്സിലെത്തുക മതസൗഹാർദമാണ്. വിവിധ മതവിഭാഗങ്ങൾ സാഹോദര്യത്തോടെ ജീവിക്കുന്ന സുന്ദരഭൂമി. ഏതൊരു അതിഥിയെയും ആതിഥ്യമര്യാദകൊണ്ട് വിരുന്നൂട്ടുന്നവർ. കേരളത്തിന് പുറത്ത് മലപ്പുറത്തിന്‍റെ പേര് ചീത്തയാക്കാൻ പലവിധ ശ്രമങ്ങളും നടക്കാറുണ്ട്. എന്നാൽ, അതിനെയെല്ലാം ഇവിടത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുനിന്ന് തോൽപ്പിക്കാറാണ് പതിവ്. ഇവിടെ ഒരിക്കലെങ്കിലും വന്നവർക്ക് അത് മനസ്സിലാകും. മലപ്പുറത്തിന്‍റെ സ്നേഹവും കാഴ്ചകളും കണ്ടറിയാൻ ഒരിക്കലെങ്കിലും ഒരു യാത്ര പോകാണം. ധാരാളം ടൂറിസ്റ്റ് സ്ഥലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത് (tourist places of malappuram).
കടലും പുഴയും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ സുന്ദരഭൂമിയാണ് മലപ്പുറം. കൂടാതെ മലപ്പുറം കത്തി ( malappuram kathi ) പോലുള്ള ഉപകരണങ്ങളുടെ പേരിലും ഈ നാട് പ്രശസ്തമാണ്. ധാരാളം ഭക്ഷണവിഭവങ്ങളും ഈ നാടിന് സ്വന്തമായുണ്ട്. ഫുട്ബാളിനെ പ്രണയിച്ചവർ കൂടിയാണ് മലപ്പുറത്തുകാർ.
മലപ്പുറത്തുകാരുടെ യാത്രാപ്രിയം
കെഎസ്ആർടിസി ഉല്ലാസ യാത്രകൾ ( ksrtc budget tours ) ആരംഭിച്ചപ്പോൾ അതിൽ ആദ്യത്തേത് ആയിരുന്നു മലപ്പുറം – മൂന്നാർ സർവീസ്. മലപ്പുറത്തുകാരാണ് കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഏറ്റവുമധികം സന്ദർശകരായി എത്തുന്നവരിൽ കൂടുതലെന്ന് അധികൃതർ പറയുന്നു. കേരളത്തിലെ മറ്റു ജില്ലകളേക്കാൾ ജനസംഖ്യ ഉണ്ട് എന്നതും ഇതിനൊരു കാരണമാണ്. പക്ഷെ, ഈ മലപ്പുറത്തുകാർ തന്നെ അവരുടെ ജില്ലയിലെ കാഴ്ചകൾ മുഴുവൻ കണ്ടിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. അത്രയധികം വൈവിധ്യങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, അതിനെ വേണ്ടരീതിയിൽ മാർക്കറ്റ് ചെയ്യാനായിട്ടില്ല എന്നതാണ് പോരായ്മ.
ഈയിടെ അതിന് മാറ്റം വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഏഴ് ലക്ഷം പേർ മലപ്പുറം ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതായി 2022 മാർച്ചിൽ ഡിടിപിസി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജില്ലക്ക് പുറത്തുനിന്ന് ധാരാളം സഞ്ചാരികളെ മലപ്പുറത്ത് എത്തിക്കാനുള്ള പരിപാടികളും അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.
എവിടെയാണ് മലപ്പുറം – About Malappuram district
നമ്പർ പ്രകാരം നോക്കുകയാണെങ്കിൽ കേരളത്തിലെ പത്താമത്തെ ജില്ലയാണ് മലപ്പുറം. ഏകദേശം വടക്കുഭാഗത്തായിട്ട് മലബാർ പ്രദേശത്താണ് ജില്ലയുള്ളത്. തെക്ക് ഭാഗത്ത് തൃശൂർ, വടക്ക് ഭാഗത്ത് കോഴിക്കോട്, കിഴക്ക് ഭാഗത്ത് പാലക്കാട്, തമിഴ്നാട്, വടക്ക് കിഴക്ക് ഭാഗത്ത് വയനാട് എന്നിവയാണ് മലപ്പുറത്തിന്‍റെ അതിരുകൾ. ഇതിൽ വയനാട്ടിലേക്ക് നിലവിൽ നേരിട്ട് റോഡില്ല. ഭാവിയിൽ മുണ്ടേരി വനത്തിലൂടെ റോഡ് തുറക്കുമെന്ന് പ്രതീക്ഷിക്കാം. കടലുണ്ടിപ്പുഴ, ചാലിയർ, ഭാരതപ്പുഴ, കുന്തിപ്പുഴ, തിരൂർ പുഴ എന്നിവ കൊണ്ട് മലപ്പുറം സമ്പന്നമാണ്. ഈ പുഴകളുടെ തീരത്തായി നിരവധി ടൂറിസം കേന്ദ്രങ്ങൾ ( tourist places of malappuram ) ഇന്നുണ്ട്.
മലപ്പുറത്തെ കാഴ്ചകൾ – Tourist places of malappuram
1. മലപ്പുറം നഗരം
മലപ്പുറത്തെ കാഴ്ചകൾ നമുക്ക് മലപ്പുറം നഗരത്തിൽനിന്ന് തന്നെ തുടങ്ങാം. കേരളത്തിലെ മറ്റു ജില്ലാ ആസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോൾ മലപ്പുറം നഗരം താരതമ്യേന ചെറുതാണ്. കുന്നുമ്മൽ, കോട്ടപ്പടി എന്നീ രണ്ട് സ്ഥലങ്ങളാണ് നഗരത്തിന്‍റെ പ്രധാന ഭാഗങ്ങൾ. ഇതിൽ കുന്നുമ്മലാണ് കലക്ടറേറ്റ് നിലനിൽക്കുന്നത്. കലക്ടറേറ്റിന് അകത്തെ റോഡിലൂടെ പോയാൽ റിവർ സൈഡ് പാർക്ക് കാണാം (riverside park malappuram). കടലുണ്ടി പുഴയുടെ തീരത്ത് ഒരുക്കിയ മനോഹരമായ പാർക്കാണിത്. വൈകുന്നേരങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പം വന്നിരിക്കാൻ പറ്റിയ ഇടം. കുട്ടികൾക്ക് കളിക്കാനുള്ള വിനോദോപാധികളും ഇവിടെയുണ്ട്.
2. മലബാർ സ്പെഷൽ പൊലീസ്
മലപ്പുറം നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ പാലക്കാട് റോഡിലൂടെ സഞ്ചാരിച്ചാൽ മലബാർ സ്പെഷൽ പൊലീസിന്‍റെ ( Malabar special police – MSP ) ആസ്ഥാനം കാണാം. എംഎസ്പിയുടെ ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരള പൊലീസിന്‍റെ അർദ്ധ സൈനിക വിഭാഗമാണ് എംഎസ്പി. ആസാം റൈഫിൾസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പൊലീസ് അർദ്ധ സൈനിക വിഭാഗമാണിത്. 1881ൽ ബ്രിട്ടീഷുകാരാണ് ഈ സേന രൂപീകരിക്കുന്നത്. സ്വതന്ത്ര സമരം അടിച്ചമർത്താനായിരുന്നു ഈ സേനയെ ബ്രിട്ടീഷുകാർ ഉപയോഗിച്ചത്. ചരിത്രത്തിലേക്ക് ഒരു യാത്ര കൂടിയാകും എംഎസ്പി ക്യാമ്പിലൂടെയുള്ള സന്ദർശനം. ( ശ്രദ്ധിക്കുക: പൊതുജനങ്ങൾക്ക് അകത്തേക്ക് പ്രവേശനമില്ല).
3. കോട്ടക്കുന്ന്
മലപ്പുറം നഗരത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന് ( Malappuram Kottakkunnu ). നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് കുന്നിൻ മുകളിലേക്ക്. വാരിയൻകുന്നൻ ടൗൺഹാളിനോട് ചേർന്നുള്ള റോഡിലൂടെ പോയാൽ പാർക്കിങ് ഏരിയയിൽ വാഹനം നിർത്താം. എന്നിട്ട് മുകളിലേക്ക് ടിക്കറ്റെടുത്ത് നടന്നുപോകാം. മലപ്പുറം കുന്നുമ്മലിൽ ബസിറങ്ങി കാൽനടയായും കോട്ടക്കുന്നിലേക്ക് എത്താം.
ധാരാളം സ്റ്റെപ്പുകളുണ്ട് മുകളിലേക്ക്. ഇതിന് ഇരുവശത്തും ഇരിപ്പടങ്ങളും ചെടികളുമെല്ലാം ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് നേരത്തെ അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിച്ചിരുന്നു. ധാരാളം റൈഡുകളാണ് അന്നുണ്ടായിരുന്നത്. കൂടാതെ ഇവിടെ ആർട്ട് ഗ്യാലറിയും നിലകൊള്ളുന്നു. പ്രവർത്തനം നിലച്ച ലേസർ ഷോ വേദിയും ഇവിടെ കാണാനാകും.
കുന്നിന്‍റെ മുകളിലാണ് കാഴ്ചകളുള്ളത്. മുകളിലേക്ക് മറ്റൊരു വഴിയിലൂടെ വാഹനത്തിൽ വരാം. മഞ്ചേരി റോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞുവേണം ഇവിടേക്ക് എത്താൻ. വിശാലമായ പാർക്കിങ് സൗകര്യമാണ് ഇവിടെയുള്ളത്. ഇത് ഹെലിപ്പാഡായും ഉപയോഗിക്കുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എബി വാജ്പേയ്, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തുടങ്ങി നിരവധി പ്രമുഖമർ ഈ കുന്നിൻ മുകളിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയിട്ടുണ്ട്.
കുട്ടികൾക്ക് കളിക്കാനുള്ള ധാരാളം റൈഡുകളുണ്ട് കോട്ടക്കുന്നിൽ. അതുപോലെ ആകാശത്തുകൂടിയുള്ള സൈക്ലിങ് അടക്കമുള്ള സാഹസിക വിനോദങ്ങളും ഇവിടെ ലഭ്യമാണ്. കുന്നിന് ചുറ്റുമുള്ള നടപ്പാതയിലൂടെ നടക്കുക എന്നത് പ്രത്യേക അനുഭവമാണ്. പൂക്കളും ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു ഈ പാത. മലപ്പുറം നഗരവും സമീപപ്രദേശങ്ങളുമെല്ലാം ഈ കുന്നിൻ മുകളിൽനിന്ന് കാണാം. ധാരാളം ഭക്ഷണശാലകളും ഇതിന് മുകളിൽ പ്രവർത്തിക്കുന്നു. മുമ്പ് ഇവിടെ ഫുട്ബാൾ ടർഫ് കോർട്ട് ഉണ്ടായിരുന്നു. എന്നാൽ, നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ടർഫുകൾ വന്നതോടെ ഇത് വിസ്മൃതിയിലായി. തനത് കേരളീയ ശൈലിയിലുള്ള നിർമിതികൾ കോട്ടക്കുന്നിൽ കാണാം. മലപ്പുറം ജില്ലയുടെ തന്നെ പ്രതീകമായി ഈ നിർമിതികൾ മാറിക്കഴിഞ്ഞു.
ഇതിനെല്ലാം പുറമെ ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലം കൂടിയാണ് കോട്ടക്കുന്ന്. ബ്രിട്ടീഷുകാർക്കെതിരായ മലബാർ വിപ്ലവത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കോട്ടക്കുന്നിൽ വെച്ചാണ് ശത്രുക്കൾ വെടിവെച്ചു കൊന്നത്.
4. വലിയങ്ങാടി ജുമാമസ്ജിദ്
മലപ്പുറത്തെ പുരാതന പള്ളിയാണ് വലിയങ്ങാടി ജുമാമസ്ജിദ് ( Malappuram valiyangadi juma masjid ). നഗരത്തിൽനിന്ന് പരപ്പനങ്ങാടി റോഡിലൂടെ രണ്ട് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 600ലേറെ വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്.
മൂന്ന് നൂറ്റാണ്ടുമുമ്പ്, അതായത് 1700കളുടെ തുടക്കത്തിൽ സാമൂതിരി രാജാവിന് കീഴിൽ പാറനമ്പിയെന്ന ദുഷ്ടനായ ഭൂപ്രമാണിയുണ്ടായിരുന്നു.. അദ്ദേഹത്തിനെതിരെ സാധാരണക്കാരായ കർഷകർ ഏറ്റുമുട്ടുകയും 44 പേർ വീരമൃത്യു പ്രാപിക്കുകയുമുണ്ടായി. അന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ ഈ പള്ളിയിലാണ് അടക്കം ചെയ്തിട്ടുള്ളത്. അതിനാൽ ഇതൊരു തീർത്ഥാടനം കേന്ദ്രം കൂടിയാണ്. ഇവരെ അനുസ്മരിച്ച് മുമ്പ് കാലത്ത് മലപ്പുറം നേർച്ചയുണ്ടായിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള പെട്ടിവരവായിരുന്നു ഇതിലെ പ്രധാന ചടങ്ങ്. ആരിയക്കണക്കിന് പേരാണ് നേർച്ചക്ക് വന്നിരുന്നത്.
വലിയങ്ങാടി ഗ്രാമവും വ്യത്യസ്തമായ കാഴ്ചയാണ്. ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ പുരാതന വീടുകൾ ചേർന്നുനിൽക്കുകയാണ് ഇവിടെ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട വീടുകൾ. ഇപ്പോൾ പല വീടുകളും പുതുക്കിപ്പണിതിട്ടുണ്ട്. ഇതുപോലെയുള്ള ഗ്രാമം കേരളത്തിൽ അപൂർവമായിട്ടേ കാണാനാകൂ.
5. കൊളായി
മലപ്പുറം നഗരത്തിന് സമീപം പുതുതായി രൂപപ്പെട്ടു വരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കൊളായി ( Kolayi ). അഞ്ച് കിലോമീറ്ററാണ് മലപ്പറുത്തുനിന്നുള്ള ദൂരം. കോഴിക്കോട് റോഡിലുള്ള ആലത്തൂർ പടിയിൽനിന്നാണ് ഇവിടേക്ക് പോകേണ്ടത്. രണ്ട് വ്യൂ പോയിന്‍റുകളാണ് ഇവിടെയുള്ളത്. മികച്ച ഭക്ഷണങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റുകളും ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് കാറ്റുമേറ്റ് ടർഫിൽ ഫുട്ബാൾ കണ്ടിരിക്കുക എന്നത് പ്രത്യേക അനുഭവമാണ്. കൊളായിയെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
also read: ഹോണ്ട ഹൈനസിൽ കൊളായിയിലേക്ക്
6. അവതാർ ഹിൽസ്
ആലത്തൂർപടിക്ക് സമീപമുള്ള മറ്റൊരു അടിപൊളി സ്ഥലമാണ് പൊടിയാട് ക്വാറി ( Podiyad quari ). ചൈനയിലെ അവതാർ ഹിൽസിന്‍റെ ചെറുപതിപ്പാണിതെന്ന് വേണമെങ്കിൽ പറയാം. കൂർത്ത പാറകൾ നിറഞ്ഞതിനാലാണ് ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം. ചൈനയിലേത് പ്രകൃതിദത്തമായ മലകളാണെങ്കിൽ ഇവിടെയിത് മനുഷ്യനിർമിതമാണ്. കരിങ്കൽ ക്വാറിയായി പ്രവർത്തിച്ചിരുന്ന പ്രദേശമാണിത്. ഖനനം നിർത്തിയ ക്വാറികൾ ഇപ്പോൾ വലിയ ജലസംഭരണിയായി മാറിക്കഴിഞ്ഞു. ഈ ജലസംഭരണിയുടെ അരികിലൂടെ മുകളിലേക്ക് നടന്നുപോകാം.
തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇത് സമ്മാനിക്കുക. മഴക്കാലത്താണ് പ്രദേശത്തിന് കൂടുതൽ ഭംഗി. പറകൾക്കിടയിലെ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും അതിന് സമീപത്തായി പച്ചപ്പുല്ലുകൾ നിറയുകയും ചെയ്യും. ഇത് പ്രദേശത്തിന്‍റെ ഭംഗി കൂട്ടുന്നു. ഇവിടെയുള്ള ശ്രീ പാറമ്മൽ മഹാദേവ ക്ഷേത്രം ഇന്ന് തീർത്ഥാടന കേന്ദ്രമാണ്. വലിയ പാറയുടെ മുകളിലാണ് ഈ ക്ഷേത്രമുള്ളത്. പടികൾ കയറി വേണം മുകളിലേക്ക് പോകാൻ. ഇതിന്‍റെ മകുളിൽനിന്ന് 360 ഡിഗ്രിയിൽ പ്രദേശത്തിന്‍റെ കാഴ്ച ആസ്വദിക്കാം. അതിൽ നമ്മൾ ആദ്യം കണ്ട കൊളായിയും ഉൾപ്പെടും. ആലത്തൂർപടി കഴിഞ്ഞ് മേൽമുറി പൊടിയാട്ടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
7. പൂക്കോട്ടൂർ യുദ്ധസ്മാരകം
ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ ചരിത്രമുണ്ട് മലപ്പുറത്തിന്. അക്കൂട്ടത്തിൽ അറിയപ്പെടുന്ന ഒന്നാണ് പൂക്കോട്ടൂർ യുദ്ധം. 1921 ആഗസ്റ്റ് 26നാണ് പൂക്കോട്ടൂർ യുദ്ധം നടക്കുന്നത്. ആ യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ശവകുടീരം പൂക്കോട്ടൂരിന് സമീപത്തെ പിലക്കാലിൽ കാണാം. മലപ്പുറത്തുനിന്ന് കോഴിക്കോട് റോഡിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ദേശീയ പാതയോട് ചേർന്ന് തന്നെയാണ് ശവകുടീരമുള്ളത്. ഇതിന് സമീപമായിരുന്നു യുദ്ധം അരങ്ങേറിയത്. യുദ്ധ സ്മാരകമായി ( Pookkottur war memorial ) പൂക്കോട്ടൂർ പഞ്ചായത്ത് ഓഫിസിന് മുന്നിലായി വലിയ ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. പിലാക്കലിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ അറവങ്കരയിലാണ് സ്മാരകമുള്ളത്.
8. മിനി ഊട്ടിയും ചെരുപ്പടി മലയും
മലപ്പുറത്തെ ഏറെ ശ്രദ്ധയാകർഷിച്ച സ്ഥലമാണ് മിനി ഊട്ടിയും ചെരുപ്പടി മലയും. മലപ്പുറത്തുനിന്ന് കോഴിക്കോട് റോഡിലൂടെ പൂക്കോട്ടൂർ വഴി മിനി ഊട്ടി എത്താം. 12 കിലോമീറ്റർ ദൂരമുണ്ട് മലപ്പുറത്തുനിന്ന്. പേരുപോലെ തന്നെ നല്ല തണുപ്പും കാഴ്ചകളുമുള്ള പ്രദേശമാണിത്. മലമുകളിലെ വ്യൂപോയിന്‍റിൽനിന്നുള്ള കാഴ്ച നയനമനോഹമാണ്. ഈ ഭാഗത്ത് ഇപ്പോൾ സ്വിമ്മിങ് പൂൾ അടക്കമുള്ള റിസോർട്ടുകൾ ഉയർന്നുവന്നിട്ടുണ്ട്. Mini Ooty Hill Garden Resort (contact – 96333 53353 ), pineville resorts (contact 84320 01006) എന്നിവ അതിൽ ഉൾപ്പെടും.
മിനി ഊട്ടിയിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചെരുപ്പടി മലയിലെത്താം. മലയോര മേഖലയിലൂടെയാണ് ഈ യാത്ര. പോകുന്ന വഴിയിലാണ് തിരുവോണം മലയിലേക്കുള്ള പാതയുള്ളത്. 2200 അടിയാണ് തിരുവോണം മലയുടെ ഉയരം. മലയുടെ മുകളിൽ തിരുവര്‍ച്ചനാംകുന്ന് ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കരിങ്കല്ലിൽ നിർമിച്ച ഈ കൊച്ചു ക്ഷേത്രത്തിന് 2000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണ് ഇത്. തുലാമാസത്തിലെ തിരുവോണ നാളില്‍ ഇവിടെ ഉത്സവമുണ്ടാകാറുണ്ട്. അന്ന് ധാരാളം ഭക്തർ ഇവിടെ എത്തും. നാല് മണിക്കൂർ നടന്നുവേണം മലമുകളിൽ എത്താൻ. നിരവധി സഞ്ചാരികൾ ടെന്‍റടിച്ച് താമസിക്കാനായി ഇപ്പോൾ മലമുകളിലേക്ക് വരാറുണ്ട്.
മിനി ഊട്ടിയിൽനിന്ന് ചെരുപ്പടി മലയിലേക്കുള്ള വഴിയിൽ ഒരു മൈതാനം കാണാം. ഇതിന് സമീപമായി വെള്ളച്ചാട്ടമുണ്ട്. കോബ്ര വെള്ളച്ചാട്ടം എന്നാണ് പേര്. മഴക്കാലത്ത് ധാരാളം പേർ ഇവിടേക്ക് കുളിക്കാൻ എത്താറുണ്ട്.
വാഹനത്തിൽ കുത്തനെയുള്ള കയറ്റം കയറി വേണം ചെരുപ്പടി മലയിലെത്താൻ ( cheruppadi mala). കരിപ്പൂർ എയർപോർട്ട് റൺവേ കാണാമെന്നതാണ് ചെരുപ്പടി മലയുടെ ഏറ്റവും വലിയ പ്രത്യേകത. വിമാനം നമ്മുടെ സമീപത്തുകൂടി പറക്കുന്നതും അത് റൺവേയിലിറങ്ങുന്നതും ഇവിടെനിന്ന് കാണാം. ചെരുപ്പടി മലയിലെ കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നതിന്‍റെ ആകാശ കാഴ്ചയും മനോഹരമാണ്. വേങ്ങരയിൽനിന്നും (10 കിലോമീറ്റർ) കൊണ്ടോട്ടിയിൽനിന്നും (10 കിലോമീറ്റർ) ചെരുപ്പടി മലയിലേക്ക് വരാം.
മിനി ഊട്ടിക്ക് സമീപമുള്ള അടിപൊളി റിസോർട്ടാണ് misty green hills – park @ resorts – mini ooty. താമസിക്കാനുള്ള കോട്ടേജുകൾ, ഡോം സ്റ്റേ, ചെറുവനം, ഇൻഫിനിറ്റി പൂൾ, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാമാണ് ഇവിടത്തെ പ്രത്യേകതകൾ. 1500 രൂപയാണ് ഒരു മണിക്കൂർ സ്വിമ്മിങ് പൂൾ ഉപയോഗിക്കാൻ. Contact number: 94561 00600.
9. പാലൂർ കോട്ട
മലപ്പുറം നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് പാലൂർ കോട്ട. പേരിൽ കോട്ടയുണ്ടെങ്കിലും അത് പ്രതീക്ഷിച്ച് ആരും വരേണ്ട. പക്ഷെ, മഴക്കാലത്ത് അടിപൊളി വെള്ളച്ചാട്ടം കണാനാകും ( Paloor kotta waterfall ). പാറയിൽനിന്ന് വീഴുന്ന തണുത്ത വെള്ളത്തിൽ കുളിക്കുക എന്നത് പ്രത്യേക അനുഭവമാണ്. മലപ്പുറത്തുനിന്ന് പാലക്കാട് റോഡിലൂടെ വരുമ്പോൾ രാമപുരം അങ്ങാടി കഴിഞ്ഞ്, ജെംസ് കോളജ് റോഡിലൂടെ പുഴക്കാട്ടിരിയിലെത്തുക. ഇവിടെനിന്ന് രണ്ട് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്തും. അങ്ങാടിപ്പുറം – കോട്ടക്കൽ പാതയിലൂടെയും ഇവിടേക്ക് വരാം. വാഹനം നിർത്തി 200 മീറ്റർ മുകളിലേക്ക് നടന്നുവേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. ടിപ്പു സുൽത്താന്‍റെ പടയോട്ടകാലത്ത് ഈ പ്രദേശം ഇടത്താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അങ്ങനെയാണ് പ്രദേശത്തിന് ഈ പേര് ലഭിക്കുന്നത്.
10. പന്തലൂർ മല
മലപ്പുറത്തെ അൺ എക്സ്പ്ലോർഡ് ആയിട്ടുള്ള മറ്റൊരു പ്രദേശമാണ് പന്തലൂർ മല ( Panthaloor hills ). മലപ്പുറത്തുനിന്ന് മഞ്ചേരി റോഡിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കയം എത്തും. ഇവിടെനിന്ന് പെരിന്തൽമണ്ണ റോഡിലേക്ക് തിരിയുക. തുടർന്ന് 200 മീറ്റർ കഴിഞ്ഞാൽ പന്തലൂർ റോഡ് കാണാം. ഈ റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പന്തലൂർ മലയിലെത്താം. പെരിന്തൽമണ്ണയിൽനിന്ന് മങ്കട വഴിയും ഇവിടേക്ക് എത്താം. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് പന്തലൂർ മല. കുടിയേറ്റ മേഖലയാണിവിടം. എവിടെയും റബർ കൃഷി കാണാം. റബർ തോട്ടങ്ങൾക്ക് സമീപം മികച്ച വ്യൂ പോയിന്‍റുകളുണ്ട്. അതുപോലെ മഴക്കാലത്ത് ധാരാളം കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തെ അനുഗ്രഹീതമാക്കുന്നു. മലബാർ വിപ്ലവ കാലത്ത് സമരപോരാളികളുടെ ഒളിത്താവളമായിരുന്നു പന്തലൂർ മല. ഇവിടെയുള്ള കുരങ്ങൻ ചോല പ്രദേശത്തേക്ക് ധാരാളം പേരാണ് എത്താറ്. മികച്ചൊരു ടൂറിസം ഡെസ്റ്റിനേഷനാക്കി വളർത്താനുള്ള എല്ലാവിധ ചേരുവകളുമുള്ള പ്രദേശമാണ് പന്തലൂർ മല.
11. വാരിയൻ ചോല
മഞ്ചേരി നഗത്തിന് സമീപത്തെ ചെറിയൊരു വെള്ളച്ചാട്ടമാണ് വാരിയൻ ചോല ( variyanchola). സ്വകാര്യ ഭൂമിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മലപ്പുറത്തുനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. മഞ്ചേരി നഗത്തിന് സമീപത്തുള്ള വായ്പാറപ്പടിയിൽനിന്നാണ് ഇവിടേക്ക് പോകേണ്ടത്. വാഹനം നിർത്തി 500 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്തും. അത്യാവശ്യം വലിയ പറയുടെ മുകളിൽനിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. തട്ടുതട്ടുകളായാണ് വെള്ളം പതിക്കുക. മഴക്കാലത്ത് ഇവിടെ കുളിക്കാൻ പ്രത്യേക രസമാണ്.
മലപ്പുറം കത്തി
മലപ്പുറത്തെക്കുറിച്ച് പറയുമ്പോൾ മലപ്പുറം കത്തിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. പണ്ടുകാലത്ത് മലപ്പുറത്തെ ജനങ്ങൾ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കത്തിയായിരുന്നുവിത്. പഴയ തലമുറക്കാരുടെ വേഷം വെള്ള തുണിയും ബനിയും തലപ്പാവുമായിരുന്നു. അവരുടെ അരയിൽ വീതിയേറിയ പച്ച ബെൽറ്റുമുണ്ടായിരുന്നു. ഇതായിരുന്നു മലപ്പുറത്തിന്‍റെ തനത് വസ്ത്ര രീതി ( malappuram dress code ) എന്ന് വേണമെങ്കിൽ പറയാം. ഈ പച്ച ബെൽറ്റിലെ സ്ഥിരസാന്നിധ്യമായിരുന്നു മലപ്പുറം കത്തി ( Malappuram kathi or malappuram knife ). ഒമാൻ പോലുള്ള അറേബ്യൻ നാടുകളിൽനിന്നാണ് ഈ കത്തി ഇവിടെ എത്തുന്നത്. പുരാതന കാലത്ത് ഈ നാടുകളുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുണ്ടായിരുന്നു.
വ്യത്യസ്ത രീതിയിലാണ് മലപ്പുറം കത്തി നിർമിക്കുന്നത്. വലിപ്പം കുറവായിരിക്കും. എന്നാൽ, കനവും മൂർച്ചയുമുണ്ടാകും. ഏകദേശം 15 മുതല്‍ 25 ഇഞ്ച് വരെയാണ് നീളം. പ്രത്യേകതരം ലോഹകൂട്ട് ഉപയോഗിച്ചാണ് നിർമാണം. കത്തിയുടെ പിടി നിർമിക്കാൻ ആദ്യകാലത്ത് മാന്‍കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്. പിടിക്ക് നാല് വിരലിൽ പിടിക്കാവുന്ന നീളമേ ഉണ്ടാകൂ. ഇതിനാൽ മറ്റൊരാൾക്ക് കത്തിയിൽ കയറിപ്പിടിക്കാനാകില്ല. സ്വയം പ്രതിരോധത്തിനായിരുന്നു മാപ്പിളമാർ ഇതുപയോഗിച്ചത്. എന്നാൽ, ഇതൊരു യുദ്ധോപകരണമായി ഉപയോഗിച്ചിട്ടില്ലെന്ന് ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്നിപ്പോൾ മലപ്പുറത്ത് എത്തുന്ന സഞ്ചാരികൾക്ക് കത്തിയുടെ മാതൃക സുവനീർ രൂപത്തിൽ നൽകാനുള്ള ഒരുക്കത്തിലാണ് ടൂറിസം അധികൃതർ.
മലപ്പുറത്ത് എവിടെ താമസിക്കാം
മലപ്പുറം നഗത്തിൽ ധാരാളം താമസസൗകര്യങ്ങളുണ്ട്. ഹിൽ ഫോർട്ട് ( hillfort hotel – 0483 273 0779, 79471 49909), വുഡ്ബൈൻ ( Woodbine hotels – 80861 00160) എന്നിവ അതിൽ ഏതാനും ചിലതാണ്. ഇനി വ്യത്യസ്തമായ സ്ഥലങ്ങളിൽ താമസിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അതിന് മലയിൽ ഫാം ഹൗസ് ( Malayil farm house – 89218 80802 ), മലപ്പുറം കൂട്ടിലങ്ങാടിക്ക് സമീപമുള്ള weekend home ( 97471 27327 ) എന്നിവ തെരഞ്ഞെടുക്കാം. അതുപോലെ നേരത്തെ നമ്മൾ പറഞ്ഞ മിനി ഊട്ടിയിലും മികച്ച താമസസൗകര്യങ്ങളുണ്ട്.
എങ്ങനെ മലപ്പുറത്തെത്താം
അങ്ങാടിപ്പുറം, തിരൂർ എന്നിവയാണ് മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ. (Tirur to Malappuram – 26 KM, Angadipuram to Malappuram – 20 KM). അതുപോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി മലപ്പുറത്തേക്ക് സർവീസ് നടത്തുന്നുണ്ട്. അതേസമയം, മലപ്പുറം നഗരത്തെ അപേക്ഷിച്ച് പെരിന്തൽമണ്ണ, കോട്ടക്കൽ (ചങ്കുവെട്ടി) എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ലഭ്യമാണ്. കോഴിക്കോട് വിമാനത്താവളവും മലപ്പുറം ജില്ലയിലാണ്. 20 കിലോമീറ്ററാണ് കരിപ്പൂരിൽനിന്ന് മലപ്പുറത്തേക്കുള്ള ദൂരം.
മലപ്പുറത്തെ മികച്ച ഹോട്ടലുകൾ
ഹോട്ടൽ ഡെലീഷ്യ, എയർലൈൻസ് എന്നിവയാണ് മലപ്പുറം നഗരത്തിലെ മികച്ച ഹോട്ടലുകൾ. ഇത് കൂടാതെ മറ്റു ധാരാളം ഹോട്ടലുകളുമുണ്ട്. നല്ല കുഴിമന്തി കഴിക്കണമെങ്കിൽ മുണ്ടുപറമ്പ് – മച്ചിങ്ങൽ ബൈപാസ് റോഡിലുള്ള Hotel Madhabi യിൽ വന്നാൽ മതി. മലപ്പുറത്തിന്‍റെ തനത് വിഭവമാണ് തേങ്ങാ ചോറ് ( cocunut rice). ബീഫ് കറിയും തേങ്ങാച്ചോറും മികച്ച കോമ്പിനേഷനാണ്. ഇത് കഴിക്കണമെങ്കിൽ കോട്ടപ്പടിയിലെ അറഫ ഹോട്ടലിൽ ( Arafa Hotel) വരാം.
Tourist places of Malappuram അവസാനിക്കുന്നില്ല.
also read: മലപ്പുറം ജില്ലയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ – ഭാഗം രണ്ട്
One Comment