Site icon MotorBeat

മലപ്പുറം ജില്ലയിൽ നിർബന്ധമായും കാണേണ്ട ടൂറിസം കേ​ന്ദ്രങ്ങൾ – 1

tourist places of malappuram

മലപ്പുറത്തിന്​ സമീപത്തെ പൊടിയാട്ടുപാറ

മലപ്പുറം എന്ന പേര്​ കേട്ടാൽ തന്നെ ആദ്യം നമ്മുടെ മനസ്സിലെത്തുക മതസൗഹാർദമാണ്​. വിവിധ മതവിഭാഗങ്ങൾ സാഹോദര്യത്തോടെ ജീവിക്കുന്ന സുന്ദരഭൂമി. ഏതൊരു അതിഥിയെയും ആതിഥ്യമര്യാദകൊണ്ട്​ വിരുന്നൂട്ടുന്നവർ. കേരളത്തിന്​ പുറത്ത്​ മലപ്പുറത്തിന്‍റെ പേര്​ ചീത്തയാക്കാൻ പലവിധ ശ്രമങ്ങളും നടക്കാറുണ്ട്​. എന്നാൽ, അതിനെയെല്ലാം ഇവിടത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുനിന്ന്​ തോൽപ്പിക്കാറാണ്​ പതിവ്​. ഇവിടെ ഒരിക്കലെങ്കിലും വന്നവർക്ക്​ അത്​ മനസ്സിലാകും. മലപ്പുറത്തിന്‍റെ സ്​നേഹവും കാഴ്ചകളും കണ്ടറിയാൻ ഒരിക്കലെങ്കിലും ഒരു യാത്ര പോകാണം. ധാരാളം ടൂറിസ്റ്റ്​ സ്ഥലങ്ങളാണ്​​ മലപ്പുറം ജില്ലയിലുള്ളത് (tourist places of malappuram)​.

കടലും പുഴയും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ സുന്ദരഭൂമിയാണ്​ മലപ്പുറം. കൂടാതെ മലപ്പുറം കത്തി ( malappuram kathi ) പോലുള്ള ഉപകരണങ്ങളുടെ പേരിലും ഈ നാട്​ പ്രശസ്തമാണ്​. ധാരാളം ഭക്ഷണവിഭവങ്ങളും ഈ നാടിന്​ സ്വന്തമായുണ്ട്​. ഫുട്​ബാളിനെ പ്രണയിച്ചവർ കൂടിയാണ്​ മലപ്പുറത്തുകാർ.

മലപ്പുറത്തുകാരുടെ യാത്രാപ്രിയം

കെഎസ്​ആർടിസി ഉല്ലാസ യാത്രകൾ ( ksrtc budget tours ) ആരംഭിച്ചപ്പോൾ അതിൽ ആദ്യത്തേത്​ ആയിരുന്നു മലപ്പുറം – മൂന്നാർ സർവീസ്​. മലപ്പുറത്തുകാരാണ്​ കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഏറ്റവുമധികം സന്ദർശകരായി എത്തുന്നവരിൽ കൂടുതലെന്ന്​ അധികൃതർ പറയുന്നു​. കേരളത്തിലെ മറ്റു ജില്ലകളേക്കാൾ ജനസംഖ്യ ഉണ്ട്​ എന്നതും ഇതി​നൊരു കാരണമാണ്​. പക്ഷെ, ഈ മലപ്പുറത്തുകാർ തന്നെ അവരുടെ ജില്ലയിലെ കാഴ്ചകൾ മുഴുവൻ കണ്ടിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്​. അതിന്​ അവരെ കുറ്റം പറഞ്ഞിട്ട്​ കാര്യവുമില്ല. അത്രയധികം വൈവിധ്യങ്ങളാണ്​ ഇവിടെയുള്ളത്​. പക്ഷെ, അതിനെ വേണ്ടരീതിയിൽ മാർക്കറ്റ്​ ചെയ്യാനായിട്ടില്ല എന്നതാണ്​ പോരായ്മ.

ഈയിടെ അതിന്​ മാറ്റം വരുന്നതായാണ്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്​. കഴിഞ്ഞ നാല്​ മാസത്തിനിടെ ഏഴ്​ ലക്ഷം പേർ മലപ്പുറം ജില്ലയിലെ വിവിധ ടൂറിസ്റ്റ്​ കേന്ദ്രങ്ങൾ സന്ദർശിച്ചതായി 2022 മാർച്ചിൽ ഡിടിപിസി റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. ജില്ലക്ക്​ പുറത്തുനിന്ന്​ ധാരാളം സഞ്ചാരികളെ മലപ്പുറത്ത്​ എത്തിക്കാനുള്ള പരിപാടികളും അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്​.

എവിടെയാണ്​ മലപ്പുറം – About Malappuram district

നമ്പർ പ്രകാരം നോക്കുകയാണെങ്കിൽ കേരളത്തിലെ പത്താമത്തെ ജില്ലയാണ്​ മലപ്പുറം. ഏകദേശം വടക്കുഭാഗത്തായിട്ട്​ മലബാർ പ്രദേശത്താണ്​ ജില്ലയുള്ളത്​. തെക്ക്​ ഭാഗത്ത്​ തൃശൂർ, വടക്ക്​ ഭാഗത്ത്​ കോഴിക്കോട്​, കിഴക്ക്​ ഭാഗത്ത്​ പാലക്കാട്​, തമിഴ്​നാട്​, വടക്ക്​ കിഴക്ക്​ ഭാഗത്ത്​ വയനാട്​ എന്നിവയാണ്​ മലപ്പുറത്തിന്‍റെ അതിരുകൾ. ഇതിൽ വയനാട്ടിലേക്ക്​ നിലവിൽ നേരിട്ട്​ റോഡില്ല. ഭാവിയിൽ മുണ്ടേരി വനത്തിലൂടെ റോഡ്​ തുറക്കുമെന്ന്​ പ്രതീക്ഷിക്കാം. കടലുണ്ടിപ്പുഴ, ചാലിയർ, ഭാരതപ്പുഴ, കുന്തിപ്പുഴ, തിരൂർ പുഴ എന്നിവ കൊണ്ട്​ മലപ്പുറം സമ്പന്നമാണ്​. ഈ പുഴകളുടെ തീരത്തായി നിരവധി ടൂറിസം കേന്ദ്രങ്ങൾ ( tourist places of malappuram ) ഇന്നുണ്ട്​.

മലപ്പുറത്തെ കാഴ്ചകൾ – Tourist places of malappuram

1. മലപ്പുറം നഗരം

മലപ്പുറത്തെ കാഴ്ചകൾ നമുക്ക്​ മലപ്പുറം നഗരത്തിൽനിന്ന്​ തന്നെ തുടങ്ങാം. കേരളത്തിലെ മറ്റു ജില്ലാ ആസ്ഥാനങ്ങളെ വെച്ചുനോക്കുമ്പോൾ മലപ്പുറം നഗരം താരതമ്യേന ചെറുതാണ്​. കുന്നുമ്മൽ, കോട്ടപ്പടി എന്നീ രണ്ട്​ സ്ഥലങ്ങളാണ്​ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങൾ. ഇതിൽ കുന്നുമ്മലാണ്​ കലക്ടറേറ്റ്​ നിലനിൽക്കുന്നത്​. കലക്ടറേറ്റിന്​ അകത്തെ റോഡിലൂടെ പോയാൽ റിവർ സൈഡ്​ പാർക്ക്​ കാണാം (riverside park malappuram). കടലുണ്ടി പുഴയുടെ തീരത്ത്​ ഒരുക്കിയ മനോഹരമായ പാർക്കാണിത്​. വൈകുന്നേരങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പം വന്നിരിക്കാൻ പറ്റിയ ഇടം​. കുട്ടികൾക്ക്​ കളിക്കാനു​ള്ള വിനോദോപാധികളും ഇവിടെയുണ്ട്​.

2. മലബാർ സ്​പെഷൽ പൊലീസ്​

മലപ്പുറം നഗരത്തിൽ നിന്ന്​ ഒരു കിലോമീറ്റർ പാലക്കാട്​ റോഡിലൂടെ സഞ്ചാരിച്ചാൽ മലബാർ സ്​പെഷൽ പൊലീസിന്‍റെ ( Malabar special police – MSP ) ആസ്ഥാനം കാണാം. എംഎസ്​പിയുടെ ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ ഒരുക്കിയിട്ടുണ്ട്​. കേരള പൊലീസിന്‍റെ അർദ്ധ സൈനിക വിഭാഗമാണ്​ എംഎസ്​പി. ആസാം റൈഫിൾസ്​ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പൊലീസ്​ അർദ്ധ സൈനിക വിഭാഗമാണിത്​. 1881ൽ ബ്രിട്ടീഷുകാരാണ്​ ഈ സേന രൂപീകരിക്കുന്നത്​. സ്വതന്ത്ര സമരം അടിച്ചമർത്താനായിരുന്നു ഈ സേനയെ ബ്രിട്ടീഷുകാർ ഉപയോഗിച്ചത്​. ചരിത്രത്തിലേക്ക്​​ ഒരു യാത്ര കൂടിയാകും എംഎസ്​പി ക്യാമ്പിലൂടെയുള്ള സന്ദർശനം. ( ശ്രദ്ധിക്കുക: പൊതുജനങ്ങൾക്ക്​ അകത്തേക്ക്​ പ്രവേശനമില്ല).

3. കോട്ടക്കുന്ന്​

മലപ്പുറം നഗരത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാണ്​ കോട്ടക്കുന്ന് ( Malappuram Kottakkunnu )​. നഗരത്തിൽനിന്ന്​ ഒരു കിലോമീറ്റർ ദൂരമുണ്ട്​​ കുന്നിൻ മുകളിലേക്ക്​​. വാരിയൻകുന്നൻ ടൗൺഹാളിനോട്​ ചേർന്നുള്ള റോഡിലൂടെ പോയാൽ പാർക്കിങ്​ ഏരിയയിൽ വാഹനം നിർത്താം. എന്നിട്ട്​ മുകളിലേക്ക്​ ടിക്കറ്റെടുത്ത്​ നടന്നുപോകാം. മലപ്പുറം കുന്നുമ്മലിൽ ബസിറങ്ങി കാൽനടയായും കോട്ടക്കുന്നിലേക്ക്​​ എത്താം.

ധാരാളം സ്​റ്റെപ്പുകളുണ്ട്​ മുകളിലേക്ക്​. ഇതിന്​ ഇരുവശത്തും ഇരിപ്പടങ്ങളും ചെടികളുമെല്ലാം ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്​. ഇതിനോട്​ ചേർന്ന്​ നേരത്തെ അമ്യൂസ്​മെന്‍റ്​ പാർക്ക്​ പ്രവർത്തിച്ചിരുന്നു. ധാരാളം റൈഡുകളാണ്​ അന്നുണ്ടായിരുന്നത്​. കൂടാതെ ഇവിടെ ആർട്ട്​ ഗ്യാലറിയും നിലകൊള്ളുന്നു. പ്രവർത്തനം നിലച്ച ലേസർ ഷോ വേദിയും ഇവിടെ കാണാനാകും.

കുന്നിന്‍റെ മുകളിലാണ്​ കാഴ്ചകളുള്ളത്​. മുകളിലേക്ക്​ ​മറ്റൊരു വഴിയിലൂടെ വാഹനത്തിൽ വരാം. മഞ്ചേരി റോഡിൽനിന്ന്​ ഇടത്തോട്ട്​ തിരിഞ്ഞുവേണം ഇവിടേക്ക്​ എത്താൻ. വിശാലമായ പാർക്കിങ്​ സൗകര്യമാണ്​ ഇവിടെയുള്ളത്​. ഇത്​ ഹെലിപ്പാഡായും ഉപയോഗിക്കുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എബി വാജ്​പേയ്​, കോ​ൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി തുടങ്ങി നിരവധി പ്രമുഖമർ ഈ കുന്നിൻ മുകളിൽ ഹെലികോപ്​ടറിൽ വന്നിറങ്ങിയിട്ടുണ്ട്​.

കുട്ടികൾക്ക്​ കളിക്കാനുള്ള ധാരാളം റൈഡുകളുണ്ട്​ കോട്ടക്കുന്നിൽ​. അതുപോലെ ആകാശത്തുകൂടിയുള്ള സൈക്ലിങ്​ അടക്കമുള്ള സാഹസിക വിനോദങ്ങളും ഇവിടെ ലഭ്യമാണ്​. കുന്നിന്​ ചുറ്റുമുള്ള നടപ്പാതയിലൂടെ നടക്കുക എന്നത്​ പ്രത്യേക അനുഭവമാണ്​. പൂക്കളും ചെടികളും കൊണ്ട്​ അലങ്കരിച്ചിരിക്കുന്നു ഈ പാത. മലപ്പുറം നഗരവും സമീപപ്രദേശങ്ങളുമെല്ലാം ഈ കുന്നിൻ മുകളിൽനിന്ന്​ കാണാം. ധാരാളം ഭക്ഷണശാലകളും ഇതിന്​ മുകളിൽ പ്രവർത്തിക്കുന്നു. മുമ്പ്​ ഇവിടെ ഫുട്​ബാൾ ടർഫ്​ കോർട്ട്​ ഉണ്ടായിരുന്നു. എന്നാൽ, നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ടർഫുകൾ വന്നതോടെ ഇത്​ വിസ്​മൃതിയിലായി. തനത്​ കേരളീയ ശൈലിയി​ലുള്ള നിർമിതികൾ കോട്ടക്കുന്നിൽ കാണാം. മലപ്പുറം ജില്ലയുടെ തന്നെ പ്രതീകമായി ഈ നിർമിതികൾ മാറിക്കഴിഞ്ഞു.

ഇതിനെല്ലാം പുറമെ ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലം കൂടിയാണ്​ കോട്ടക്കുന്ന്​. ബ്രിട്ടീഷുകാർക്കെതിരായ മലബാർ വിപ്ലവത്തിന്​ നേതൃത്വം നൽകിയ വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ കോട്ടക്കുന്നിൽ വെച്ചാണ്​ ശത്രുക്കൾ വെടിവെച്ചു കൊന്നത്​.

4. വലിയങ്ങാടി ജുമാമസ്​ജിദ്​

മലപ്പുറത്തെ പുരാതന പള്ളിയാണ്​ വലിയങ്ങാടി ജുമാമസ്​ജിദ്​ ( Malappuram valiyangadi juma masjid ). നഗരത്തിൽനിന്ന് പരപ്പനങ്ങാടി റോഡിലൂടെ​ രണ്ട്​ കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. 600ലേറെ വർഷം പഴക്കമുണ്ട്​ ഈ പള്ളിക്ക്​.

മൂന്ന്​ നൂറ്റാണ്ടുമുമ്പ്, അതായത്​ 1700കളുടെ തുടക്കത്തിൽ​ സാമൂതിരി രാജാവിന്​ കീഴിൽ പാറനമ്പിയെന്ന ദുഷ്ടനായ ഭൂപ്രമാണിയുണ്ടായിരുന്നു.​. അദ്ദേഹത്തിനെതിരെ​ സാധാരണക്കാരായ കർഷകർ ഏറ്റുമുട്ടുകയും 44 പേർ വീരമൃത്യു പ്രാപിക്കുകയുമുണ്ടായി. അന്ന്​ മരിച്ചവരുടെ മൃതദേഹങ്ങൾ ഈ പള്ളിയിലാണ്​ അടക്കം ചെയ്തിട്ടുള്ളത്​. അതിനാൽ ഇതൊരു തീർത്ഥാടനം കേ​ന്ദ്രം കൂടിയാണ്​. ഇവരെ അനുസ്മരിച്ച്​ മുമ്പ്​ കാലത്ത്​ മലപ്പുറം നേർച്ചയുണ്ടായിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള പെട്ടിവരവായിരുന്നു ഇതിലെ പ്രധാന ചടങ്ങ്​. ആരിയക്കണക്കിന്​ പേരാണ്​ നേർച്ചക്ക്​ വന്നിരുന്നത്​.

വലിയങ്ങാടി ഗ്രാമവും വ്യത്യസ്തമായ കാഴ്ചയാണ്​. ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ പുരാതന വീടുകൾ ചേർന്നുനിൽക്കുകയാണ്​ ഇവിടെ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട വീടുകൾ. ഇപ്പോൾ പല വീടുകളും പുതുക്കിപ്പണിതിട്ടുണ്ട്​. ഇതുപോലെയുള്ള ഗ്രാമം കേരളത്തിൽ അപൂർവമായിട്ടേ കാണാനാകൂ.

5. കൊളായി

മലപ്പുറം നഗരത്തിന്​ സമീപം പുതുതായി രൂപപ്പെട്ടു വരുന്ന ടൂറിസ്റ്റ്​ ഡെസ്റ്റിനേഷനാണ്​ കൊളായി ( Kolayi ). അഞ്ച്​ കിലോമീറ്ററാണ്​ മലപ്പറുത്തുനിന്നുള്ള ദൂരം. കോഴിക്കോട്​ റോഡിലുള്ള ആലത്തൂർ പടിയിൽനിന്നാണ്​ ഇവിടേക്ക്​ പോകേണ്ടത്​. രണ്ട്​ വ്യൂ പോയിന്‍റുകളാണ്​ ഇവിടെയുള്ളത്​. മികച്ച ഭക്ഷണങ്ങൾ ലഭിക്കുന്ന റെസ്​റ്റോറന്‍റുകളും ഇവിടെയുണ്ട്​. വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് കാറ്റുമേറ്റ്​​ ടർഫിൽ ഫുട്​ബാൾ കണ്ടിരിക്കുക എന്നത്​ പ്രത്യേക അനുഭവമാണ്​. കൊളായിയെക്കുറിച്ച്​ കൂടുതൽ അറിയാൻ താഴെയുള്ള ലിങ്ക്​ സന്ദർശിക്കുക.

also read: ​ഹോണ്ട ഹൈനസിൽ കൊളായിയിലേക്ക്​

കൊളായി ടർഫിൽനിന്നുള്ള കാഴ്ച

6. അവതാർ ഹിൽസ്​

ആലത്തൂർപടിക്ക്​ സമീപമുള്ള മറ്റൊരു അടിപൊളി സ്ഥലമാണ്​ പൊടിയാട്​ ക്വാറി ( Podiyad quari ). ചൈനയിലെ അവതാർ ഹിൽസിന്‍റെ​ ചെറുപതിപ്പാണിതെന്ന്​ വേണമെങ്കിൽ പറയാം. കൂർത്ത പാറകൾ നിറഞ്ഞതിനാലാണ്​​ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം. ചൈനയിലേത്​ പ്രകൃതിദത്തമായ മലകളാണെങ്കിൽ ഇവിടെയിത്​ മനുഷ്യനിർമിതമാണ്​. കരിങ്കൽ ക്വാറിയായി പ്രവർത്തിച്ചിരുന്ന പ്രദേശമാണിത്​. ഖനനം നിർത്തിയ ക്വാറികൾ ഇപ്പോൾ വലിയ ജലസംഭരണിയായി മാറിക്കഴിഞ്ഞു. ഈ ജലസംഭരണിയുടെ അരികിലൂടെ മുകളിലേക്ക്​ ​നടന്നുപോകാം.

തികച്ചും വ്യത്യസ്തമായ അനുഭവമാണ്​ ഇത്​ സമ്മാനിക്കുക. മഴക്കാലത്താണ്​ പ്രദേശത്തിന്​​ കൂടുതൽ ഭംഗി. പറകൾക്കിടയിലെ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും അതിന്​ സമീപത്തായി പച്ചപ്പുല്ലുകൾ നിറയുകയും ചെയ്യും. ഇത്​ പ്രദേശ​ത്തിന്‍റെ ഭംഗി കൂട്ടുന്നു. ഇവിടെയുള്ള ശ്രീ പാറമ്മൽ മഹാദേവ ക്ഷേത്രം ഇന്ന്​ തീർത്ഥാടന കേന്ദ്രമാണ്​. വലിയ പാറയുടെ മുകളിലാണ്​ ഈ ക്ഷേത്രമുള്ളത്​. പടികൾ കയറി വേണം മുകളിലേക്ക്​ പോകാൻ. ഇതിന്‍റെ മകുളിൽനിന്ന്​ 360 ഡിഗ്രിയിൽ പ്രദേശത്തിന്‍റെ കാഴ്ച ആസ്വദിക്കാം. അതിൽ നമ്മൾ ആദ്യം കണ്ട കൊളായിയും ഉൾപ്പെടും. ആലത്തൂർപടി കഴിഞ്ഞ്​ മേൽമുറി പൊടിയാട്ടുനിന്ന്​ ഇടത്തോട്ട്​ തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ചാൽ​ ഇവിടെ എത്താം.

7. പൂക്കോട്ടൂർ യുദ്ധസ്മാരകം

ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ ചരിത്രമുണ്ട്​ മലപ്പുറത്തിന്​. അക്കൂട്ടത്തിൽ അറിയപ്പെടുന്ന ഒന്നാണ്​ പൂക്കോട്ടൂർ യുദ്ധം. 1921 ആഗസ്റ്റ്​ 26നാണ്​ പൂക്കോട്ടൂർ യുദ്ധം നടക്കുന്നത്​. ആ യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ ശവകുടീരം പൂക്കോട്ടൂരിന്​ സമീപത്തെ പിലക്കാലിൽ കാണാം. മലപ്പുറത്തുനിന്ന്​ കോഴിക്കോട്​ റോഡിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ദേശീയ പാതയോട്​ ചേർന്ന്​ തന്നെയാണ്​ ശവകുടീരമുള്ളത്​. ഇതിന്​ സമീപമായിരുന്നു യുദ്ധം അരങ്ങേറിയത്​. യുദ്ധ സ്മാരകമായി ( Pookkottur war memorial ) പൂക്കോട്ടൂർ പഞ്ചായത്ത്​ ഓഫിസിന്​ മുന്നിലായി വലിയ ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്​. പിലാക്കലിൽനിന്ന്​ രണ്ട്​ കിലോമീറ്റർ അകലെ അറവങ്കരയിലാണ്​ സ്മാരകമുള്ളത്​.

8. മിനി ഊട്ടിയും ചെരുപ്പടി മലയും

മലപ്പുറത്തെ ഏറെ ശ്രദ്ധയാകർഷിച്ച സ്ഥലമാണ്​ മിനി ഊട്ടിയും ചെരുപ്പടി മലയും. മലപ്പുറത്തുനിന്ന് കോഴിക്കോട്​ റോഡിലൂടെ​ പൂക്കോട്ടൂർ വഴി മിനി ഊട്ടി എത്താം. 12 കിലോമീറ്റർ ദൂരമുണ്ട്​ മലപ്പുറത്തുനിന്ന്​. പേരുപോലെ തന്നെ നല്ല തണുപ്പും കാഴ്ചകളുമുള്ള പ്രദേശമാണിത്​. മലമുകളിലെ വ്യൂപോയിന്‍റിൽനിന്നുള്ള കാഴ്ച നയനമനോഹമാണ്​. ഈ ഭാഗത്ത്​ ഇപ്പോൾ സ്വിമ്മിങ്​ പൂൾ അടക്കമുള്ള റിസോർട്ടുകൾ ഉയർന്നുവന്നിട്ടുണ്ട്​. Mini Ooty Hill Garden Resort (contact – 96333 53353 ), pineville resorts (contact 84320 01006) എന്നിവ അതിൽ ഉൾപ്പെടും.

ചെരുപ്പടി മല

മിനി ഊട്ടിയിൽനിന്ന്​ ​ഏഴ്​ കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചെരുപ്പടി മലയിലെത്താം. മലയോര മേഖലയിലൂടെയാണ്​ ഈ യാത്ര. പോകുന്ന വഴിയിലാണ്​​ തിരുവോണം മലയിലേക്കുള്ള പാതയുള്ളത്​. 2200 അടിയാണ്​ തിരുവോണം മലയുടെ ഉയരം​. മലയുടെ മുകളിൽ തിരുവര്‍ച്ചനാംകുന്ന് ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കരിങ്കല്ലിൽ നിർമിച്ച ഈ കൊച്ചു ക്ഷേത്രത്തിന്​ 2000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശബരിമല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണ് ഇത്​. തുലാമാസത്തിലെ തിരുവോണ നാളില്‍ ഇവിടെ ഉത്സവമുണ്ടാകാറുണ്ട്​. അന്ന്​ ധാരാളം ഭക്​തർ ഇവിടെ എത്തും. നാല്​ മണിക്കൂർ നടന്നുവേണം മലമുകളിൽ എത്താൻ. നിരവധി സഞ്ചാരികൾ ടെന്‍റടിച്ച്​ താമസിക്കാനായി ഇപ്പോൾ മലമുകളിലേക്ക്​ വരാറുണ്ട്​.

മിനി ഊട്ടിയിൽനിന്ന്​ ചെരുപ്പടി മലയിലേക്കുള്ള വഴിയിൽ ഒരു മൈതാനം കാണാം. ഇതിന്​​  സമീപമായി വെള്ളച്ചാട്ടമുണ്ട്​. കോബ്ര വെള്ളച്ചാട്ടം എന്നാണ്​ പേര്​. മഴക്കാലത്ത്​ ധാരാളം പേർ ഇവിടേക്ക്​ കുളിക്കാൻ എത്താറുണ്ട്​.

വാഹനത്തിൽ കുത്തനെയുള്ള കയറ്റം കയറി വേണം ചെരുപ്പടി മലയി​ലെത്താൻ ( cheruppadi mala). കരിപ്പൂർ എയർപോർട്ട്​ റൺവേ കാണാമെന്നതാണ്​ ചെരുപ്പടി മലയുടെ ഏറ്റവും വലിയ പ്രത്യേകത. വിമാനം നമ്മുടെ സമീപത്തുകൂടി പറക്കുന്നതും അത്​ റൺവേയിലിറങ്ങുന്നതും ഇവിടെനിന്ന്​ കാണാം. ചെരുപ്പടി മലയിലെ കരിങ്കൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നതിന്‍റെ ആകാശ കാഴ്ചയും ​മനോഹരമാണ്​. വേങ്ങരയിൽനിന്നും (10 കിലോമീറ്റർ) കൊണ്ടോട്ടിയിൽനിന്നും (10 കിലോമീറ്റർ) ചെരുപ്പടി മലയിലേക്ക്​ വരാം.

മിനി ഊട്ടിക്ക്​ സമീപമുള്ള അടിപൊളി റിസോർട്ടാണ്​ misty green hills – park @ resorts – mini ooty. താമസിക്കാനുള്ള കോട്ടേജുകൾ, ഡോം സ്​റ്റേ, ചെറുവനം, ഇൻഫിനിറ്റി പൂൾ, കുട്ടികളുടെ പാർക്ക്​ എന്നിവയെല്ലാമാണ്​ ഇവിടത്തെ പ്രത്യേകതകൾ. 1500 രൂപയാണ്​ ഒരു മണിക്കൂർ സ്വിമ്മിങ്​ പൂൾ ഉപയോഗിക്കാൻ. Contact number: 94561 00600.

9. പാലൂർ കോട്ട

മലപ്പുറം നഗരത്തിൽനിന്ന്​ 17 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ്​ പാലൂർ കോട്ട. പേരിൽ കോട്ടയുണ്ടെങ്കിലും അത്​ പ്രതീക്ഷിച്ച്​ ആരും വരേണ്ട. പക്ഷെ, മഴക്കാലത്ത്​ അടിപൊളി വെള്ളച്ചാട്ടം കണാനാകും ( Paloor kotta waterfall ). പാറയിൽനിന്ന്​ വീഴുന്ന തണുത്ത വെള്ളത്തിൽ കുളിക്കുക എന്നത്​ പ്രത്യേക അനുഭവമാണ്​. മലപ്പുറത്തുനിന്ന്​ പാലക്കാട്​ റോഡിലൂടെ വരുമ്പോൾ രാമപുരം അങ്ങാടി കഴിഞ്ഞ്​, ജെംസ്​ കോളജ്​ റോഡിലൂടെ പുഴക്കാട്ടിരിയിലെത്തുക. ഇവിടെനിന്ന്​ രണ്ട്​ കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്തും. അങ്ങാടിപ്പുറം – കോട്ടക്കൽ പാതയിലൂടെയും ഇവിടേക്ക്​ വരാം. വാഹനം നിർത്തി 200 മീറ്റർ മുകളിലേക്ക്​ നടന്നുവേണം വെള്ളച്ചാട്ടത്തിന്​ അടുത്തെത്താൻ. ടിപ്പു സുൽത്താന്‍റെ പടയോട്ടകാലത്ത്​ ഈ പ്രദേശം ഇടത്താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അങ്ങനെയാണ് പ്രദേശത്തിന്​​ ഈ പേര്​ ലഭിക്കുന്നത്​.

10. പന്തലൂർ മല

മലപ്പുറത്തെ അൺ എക്സ്​പ്ലോർഡ്​ ആയിട്ടുള്ള മറ്റൊരു പ്രദേശമാണ്​ പന്തലൂർ മല ( Panthaloor hills ). മലപ്പുറത്തുനിന്ന്​ മ​ഞ്ചേരി റോഡിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ ആനക്കയം എത്തും. ഇവിടെനിന്ന്​ പെരിന്തൽമണ്ണ റോഡിലേക്ക്​ തിരിയുക. തുടർന്ന്​ 200 മീറ്റർ കഴിഞ്ഞാൽ പന്തലൂർ റോഡ്​ കാണാം. ഈ റോഡിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പന്തലൂർ മലയിലെത്താം. പെരിന്തൽമണ്ണയിൽനിന്ന്​ മങ്കട വഴിയും ഇവിടേക്ക്​ എത്താം. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്​ പന്തലൂർ മല. കുടിയേറ്റ മേഖലയാണിവിടം. എവിടെയും റബർ കൃഷി കാണാം. റബർ തോട്ടങ്ങൾക്ക്​ സമീപം ​മികച്ച വ്യൂ പോയിന്‍റുകളുണ്ട്​. അതുപോലെ മഴക്കാലത്ത്​ ധാരാളം കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തെ അനുഗ്രഹീതമാക്കുന്നു. മലബാർ വിപ്ലവ കാലത്ത് സമരപോരാളികളുടെ ഒളിത്താവളമായിരുന്നു പന്തലൂർ മല. ഇവിടെയുള്ള കുരങ്ങൻ ചോല പ്രദേശത്തേക്ക്​ ധാരാളം പേരാണ്​ എത്താറ്​. മികച്ചൊരു ടൂറിസം ഡെസ്റ്റിനേഷനാക്കി വളർത്താനുള്ള എല്ലാവിധ ചേരുവകളുമുള്ള പ്രദേശമാണ്​ പന്തലൂർ മല.

11. വാരിയൻ ചോല

മഞ്ചേരി നഗത്തിന്​ സമീപത്തെ ചെറിയൊരു വെള്ളച്ചാട്ടമാണ്​ വാരിയൻ ചോല ( variyanchola). സ്വകാര്യ ഭൂമിയിലാണ്​ ഈ വെള്ളച്ചാട്ടമുള്ളത്​. മലപ്പുറത്തുനിന്ന്​ 12 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. മഞ്ചേരി നഗത്തിന്​ സമീപ​ത്തുള്ള വായ്പാറപ്പടിയിൽനിന്നാണ്​ ഇവിടേക്ക്​ പോകേണ്ടത്​. വാഹനം നിർത്തി 500 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്തും. അത്യാവശ്യം വലിയ പറയുടെ മുകളിൽനിന്നാണ്​ വെള്ളം താഴേക്ക്​ പതിക്കുന്നത്​. തട്ടുതട്ടുകളായാണ്​ വെള്ളം പതിക്കുക. മഴക്കാലത്ത്​ ഇവിടെ കുളിക്കാൻ പ്രത്യേക രസമാണ്​.

വാരിയൻ ചോല

മലപ്പുറം കത്തി

മലപ്പുറത്തെക്കുറിച്ച്​ പറയുമ്പോൾ മലപ്പുറം കത്തിയെക്കുറിച്ച്​ പറയാതിരിക്കാനാവില്ല. പണ്ടുകാലത്ത്​ മലപ്പുറത്തെ ജനങ്ങൾ നിത്യോപയോഗത്തിനായി ഉപയോഗിച്ചിരുന്ന കത്തിയായിരുന്നുവിത്​. പഴയ തലമുറക്കാരുടെ വേഷം വെള്ള തുണിയും ബനിയും തലപ്പാവുമായിരുന്നു. അവരുടെ അരയിൽ വീതിയേറിയ പച്ച ബെൽറ്റുമുണ്ടായിരുന്നു. ഇതായിരുന്നു മലപ്പുറത്തിന്‍റെ തനത്​ വസ്​ത്ര രീതി ( malappuram dress code ) എന്ന്​ വേണമെങ്കിൽ പറയാം. ഈ പച്ച ബെൽറ്റിലെ സ്ഥിരസാന്നിധ്യമായിരുന്നു മലപ്പുറം കത്തി ( Malappuram kathi or malappuram knife ). ഒമാൻ പോലുള്ള അറേബ്യൻ നാടുകളിൽനിന്നാണ്​ ഈ കത്തി ഇവിടെ എത്തുന്നത്​. പുരാതന കാലത്ത്​ ഈ നാടുകളുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുണ്ടായിരുന്നു.

വ്യത്യസ്ത രീതിയിലാണ്​ മലപ്പുറം കത്തി നിർമിക്കുന്നത്​. വലിപ്പം കുറവായിരിക്കും. എന്നാൽ, കനവും മൂർച്ചയുമുണ്ടാകും. ഏകദേശം 15 മുതല്‍ 25 ഇഞ്ച് വരെയാണ് നീളം. പ്രത്യേകതരം ലോഹകൂട്ട്​ ഉപയോഗിച്ചാണ്​ നിർമാണം​. കത്തിയുടെ പിടി നിർമിക്കാൻ ആദ്യകാലത്ത്​ മാന്‍കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്​. പിടിക്ക്​ നാല് വിരലിൽ പിടിക്കാവുന്ന നീളമേ ഉണ്ടാകൂ. ഇതി​നാൽ മറ്റൊരാൾക്ക്​ കത്തിയിൽ കയറിപ്പിടിക്കാനാകില്ല. സ്വയം പ്രതിരോധത്തിനായിരുന്നു മാപ്പിളമാർ ഇതുപയോഗിച്ചത്​. എന്നാൽ, ഇതൊരു യു​ദ്ധോപകരണമായി ഉപയോഗിച്ചിട്ടില്ലെന്ന്​ ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്നിപ്പോൾ മലപ്പുറത്ത്​ എത്തുന്ന സഞ്ചാരികൾക്ക്​ കത്തിയുടെ മാതൃക സുവനീർ രൂപത്തിൽ നൽകാനുള്ള ഒരുക്കത്തിലാണ്​ ടൂറിസം അധികൃതർ.

മലപ്പുറത്ത്​ എവിടെ താമസിക്കാം

മലപ്പുറം നഗത്തിൽ ധാരാളം താമസസൗകര്യങ്ങളു​ണ്ട്​. ഹിൽ ഫോർട്ട്​ ( hillfort hotel – 0483 273 0779, 79471 49909), വുഡ്​ബൈൻ ( Woodbine hotels – 80861 00160) എന്നിവ അതിൽ ഏതാനും ചിലതാണ്​. ഇനി വ്യത്യസ്തമായ സ്ഥലങ്ങളിൽ താമസിക്കണം എന്ന്​ ആഗ്രഹമുണ്ടെങ്കിൽ അതിന്​ മലയിൽ ഫാം ഹൗസ് ( Malayil farm house – 89218 80802 )​, മലപ്പുറം കൂട്ടിലങ്ങാടിക്ക്​ സമീപമുള്ള weekend home ( 97471 27327 ) എന്നിവ ​തെരഞ്ഞെടുക്കാം. അതുപോലെ നേരത്തെ നമ്മൾ പറഞ്ഞ മിനി ഊട്ടിയിലും മികച്ച താമസസൗകര്യങ്ങളുണ്ട്​.

എങ്ങനെ മലപ്പുറത്തെത്താം

അങ്ങാടിപ്പുറം, തിരൂർ എന്നിവയാണ്​ മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്​റ്റേഷനുകൾ. (Tirur to Malappuram – 26 KM, Angadipuram to Malappuram – 20 KM). അതുപോലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ കെഎസ്​ആർടിസി മലപ്പുറത്തേക്ക്​ സർവീസ്​ നടത്തുന്നുണ്ട്​. അതേസമയം, മലപ്പുറം നഗരത്തെ അപേക്ഷിച്ച്​ പെരിന്തൽമണ്ണ, കോട്ടക്കൽ (ചങ്കുവെട്ടി) എന്നിവിടങ്ങളിലേക്ക്​ കൂടുതൽ ബസ്​ സർവീസുകൾ ലഭ്യമാണ്​. കോഴിക്കോട്​ വിമാനത്താവളവും മലപ്പുറം ജില്ലയിലാണ്​. 20 കിലോമീറ്ററാണ്​ കരിപ്പൂരിൽനിന്ന്​ മലപ്പുറത്തേക്കുള്ള ദൂരം.

മലപ്പുറത്തെ മികച്ച ഹോട്ടലുകൾ

ഹോട്ടൽ ഡെലീഷ്യ, എയർലൈൻസ്​ എന്നിവയാണ്​ മലപ്പുറം നഗരത്തിലെ മികച്ച ഹോട്ടലുകൾ. ഇത്​ കൂടാതെ മറ്റു ധാരാളം ഹോട്ടലുകളുമുണ്ട്​. നല്ല കുഴിമന്തി കഴിക്കണമെങ്കിൽ മുണ്ടുപറമ്പ്​ – മച്ചിങ്ങൽ ബൈപാസ്​ റോഡിലുള്ള Hotel Madhabi യിൽ വന്നാൽ മതി. മലപ്പുറത്തിന്‍റെ തനത്​ വിഭവമാണ്​ തേങ്ങാ ചോറ്​ ( cocunut rice). ബീഫ്​ കറിയും തേങ്ങാച്ചോറും മികച്ച കോമ്പിനേഷനാണ്​. ഇത്​ കഴിക്കണമെങ്കിൽ കോട്ടപ്പടിയിലെ അറഫ ഹോട്ടലിൽ ( Arafa Hotel) വരാം.

​Tourist places of Malappuram അവസാനിക്കുന്നില്ല.

also read: മലപ്പുറം ജില്ലയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ – ഭാഗം രണ്ട്​

Exit mobile version