Speed Track

Hyryder – ഇത്​ ടൊയോട്ടയുടെ തിരിച്ചുവരവ്

ഹൈബ്രിഡ്​ സംവിധാനവുമായി Toyota Hyryder

ആഗോള ഹൈബ്രിഡ് വാഹനനിർമാതാക്കളിൽ വമ്പന്മാരാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട, അർബൻ ക്രൂയിസർ ഹൈറൈഡർ (Toyota urban cruiser hyryder) എന്ന ഹൈബ്രിഡ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്​. ഏറെക്കാലമായി സ്വന്തമായി നിർമിച്ച ചെറുവാഹനം ഇന്ത്യയിൽ ടൊയോട്ട​ അവതരിപ്പിച്ചിട്ട്​. അതിനാട്​ ഇവിടെ വിരാമം കുറിച്ചിരിക്കുന്നത്​. ഇതോടെ എതിരാളികൾ ഏറെയുള്ള മിഡ്‌ സൈസ് എസ്‌യുവിയുടെ (Midsize SUV) രണാങ്കണത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു കമ്പനി. സെഗ്മെന്‍റിലേക്ക് ആദ്യമായി ഹൈബ്രിഡ് പവർട്രെയിൻ സമ്മാനിച്ചു കൊണ്ടാണ് ഹൈറൈഡറിന്‍റെ വരവ്. വിപണിയിൽ ഒക്ടോബറിലെത്തിയേക്കും എന്ന് പ്രതീക്ഷിക്കുന്നു.

Hyundai Creta, Volkswagen Taigun, MG Astor, Kia Seltos​ എന്നിവരോടൊപ്പാമാണ് ഹൈറൈഡർ കൊമ്പ് കോർക്കുക. ടൊയോട്ട – മാരുതി സുസുക്കി (Maruti Suzuki) കൂട്ടുകെട്ടിൽ കാറുകൾ വിപണിയിലിറക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഇതേ കൂട്ടുകെട്ടിൽ പിറക്കുന്ന മറ്റൊരു മോഡലാണ് ഹൈറൈഡറെങ്കിലും ഈ കാറിനൊരു പ്രത്യേകതയുണ്ട്. ടൊയോട്ട – മാരുതി സഖ്യത്തിൽ ഉണ്ടായ ടൊയോട്ടയുടെ മറ്റു കാറുകളെല്ലാം നിർമിച്ചെടുത്തത് മാരുതി സുസുക്കിയുടെ പ്ലാന്‍റിലായിരുന്നു. എന്നാൽ ഹൈറൈഡർ എത്തിയിട്ടുള്ളത് ടൊയോട്ടയുടെ സ്വന്തം പ്ലാന്‍റിൽനിന്ന് തന്നെയാണ്. ടൊയോട്ടയുടെ കർണാടകയിലെ പ്ലാന്‍റിലാണ് നിർമാണം. കാറിന്‍റെ ‘മാരുതി പതിപ്പും’ ഇതേ പ്ലാന്‍റിൽനിന്ന്​ വരുമെന്ന്​ പ്രതീക്ഷിക്കാം.

എക്സ്റ്റീരിയർ

ആധുനികതയും മനോഹാരിതയും ഒത്തുചേർന്ന ഡിസൈനാണ് പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്‍റേതെന്ന് പറയാം. എങ്കിലും ഡിസൈനിന്‍റെ കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമുള്ളവരും ഉണ്ട്. നിലവിലെ ട്രെൻഡായ സ്പ്ലിറ്റ് ഹെഡ് ലാമ്പ് സജ്ജീകരിച്ച ടൊയോട്ടയുടെ ആദ്യ മോഡലാണ് ഹൈറൈഡർ. തനതായ കാർബൺ ഫൈബർ പാറ്റേണും എൽഇഡി ഡിആർഎൽ വരെ നീളുന്ന നേർത്ത ക്രോം ലൈനും അടങ്ങുന്ന കറുത്ത ഗ്രില്ലാണ് വാഹനത്തിനുള്ളത്. അതിനു താഴെയുള്ള ഗ്ലോസ് – ബ്ലാക്ക് മെഷ് പാറ്റേണിൽ പണിത വലിയ ഗ്രില്ലാണ് മുൻവശത്ത് ആധിപത്യം പുലർത്തുന്നത്.

വശക്കാഴ്ചയിൽ ശ്രദ്ധേയമാവുന്നത് വിശാലമായ വിൻഡോകളും വലിയ ക്വാർട്ടർ ഗ്ലാസുമാണ്. 17 ഇഞ്ചിന്‍റെ ഡ്യൂവൽ ടോൺ അലോയ് വീലുകൾ വാഹനത്തിന്‍റെ എടുപ്പ് ഒരൽപ്പം വർധിപ്പിക്കുന്നു. കറുപ്പ് നിറത്തിൽ തീർത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പിൻവശത്തേക്ക് നോക്കുമ്പോൾ, ക്രോം ബാറിനോട് ചേർന്നുള്ള C – ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകളും ആകർഷകമാണ്.

4365 മില്ലീമീറ്റർ നീളവും 1795 മില്ലീമീറ്റർ വീതിയുമാണ് ഹൈ റൈഡറിനുള്ളത്. 2600 മില്ലീമീറ്ററിന്‍റെ വീൽബേസുമുണ്ട്. 7 നിറ വകഭേദങ്ങളിലായാണ് ടൊയോട്ട ഹൈറൈഡർ ലഭ്യമാവുക – ഇതിൽ സിൽവർ, റെഡ്, ബ്ലൂ, വൈറ്റ് എന്നിവ ബ്ലാക്ക് നിറമുള്ള റൂഫിലും ലഭ്യമാണ്.

ഇന്‍റീരിയർ

ഉൾവശത്ത് നൽകിയ ചില ഘടകങ്ങൾ മാരുതി സുസുക്കിയുടെ ചില മോഡലുകളിലും കണ്ടിട്ടുള്ളതാണ്. പവർ വിൻഡോ സ്വിച്ചുകൾ, ഡോർ ഹാൻഡിലുകൾ, HVAC സിസ്റ്റം, ടച്ച്സ്ക്രീൻ ഇൻഫോട്ടൈൻമെന്‍റ്​ സിസ്റ്റം എന്നിവ അതിൽ ഉൾപ്പെടുന്നു. സോഫ്റ്റ് ടച്ച്‌ മെറ്റീരിയൽസ് ഉപയോഗിച്ചാണ് ഡാഷ്ബോർഡും ഡോർ പാഡും എല്ലാം ടൊയോട്ട നിർമിച്ചിട്ടുള്ളത്.

​Toyota urban cruiser hyryder features

ഹെഡ് അപ്പ്‌ ഡിസ്പ്ലേ, ഒൻപത് ഇഞ്ച് ടച്ച്‌സ്ക്രീൻ, കൂറ്റൻ പനോരമിക് സൺറൂഫ്, 7 ഇഞ്ചിന്‍റെ ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവ ഹൈറൈഡറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ വയർലെസ് ചാർജർ, ആർകെമിസ് സൗണ്ട് സിസ്റ്റം, എയർ പ്യൂരിഫയർ, ആംബിയന്‍റ്​ ലൈറ്റിംഗ് എന്നിവയും ക്യാബിനകത്തെ ഹൈലൈറ്റുകളാണ്.

കഴിഞ്ഞില്ല, ടൊയോട്ടയുടെ ഐ-കണക്റ്റ് ഉൾപ്പെടുത്തിയാൽ റിമോട്ട് ഇഗ്നിഷൻ ഓൺ/ഓഫ്, വെഹിക്കിൾ ലോക്ക്/അൺലോക്ക്, റിമോട്ട് എസി കൺട്രോൾ, ജിയോഫെൻസിംഗ്, വെഹിക്കിൾ ട്രാക്കിംഗ് എന്നിവയും അതുപോലെയുള്ള 55 -ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഡ്രൈവ് മോഡ് ബട്ടണുകൾ / ടെറൈൻ സെലക്ടർ, 360-ഡിഗ്രി ക്യാമറ, റിവേഴ്​സ്​ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡി, എബിഎസ്, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്‍റ്​ സീറ്റ്ബെൽറ്റുകൾ, ആറ് എയർബാഗുകൾ, ഹിൽ – ഹോൾഡ് അസ്സിസ്റ്റ്, ഹിൽ ഡിസന്‍റ്​ കൺട്രോൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ തുടങ്ങി മിക്ക സുരക്ഷാ സംവിധാനങ്ങളും ഹൈറൈഡറിൽ കമ്പനി ഉറപ്പ് വരുത്തുന്നു.

hyryder എൻജിൻ വിശേഷങ്ങൾ

എൻജിൻ അല്ലെങ്കിൽ പവർട്രെയിൻ വിഭാഗത്തിലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനപ്രേമികളെ കൂടുതൽ ആകർഷിക്കാൻ ലക്ഷ്യമിടുന്നത്. രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണുള്ളത്. ആദ്യത്തേത് മാരുതി സുസുക്കിയുടെ 1.5 ലിറ്റർ K- സീരീസ് പെട്രോൾ എൻജിനാണ്. 5 -സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ പെട്രോൾ മോട്ടോർ 101 ബിഎച്ച്​പി പവറും 135 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും. ഇതിനോടൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

രണ്ടാമത്തെ പവർട്രെയിൻ ഓപ്ഷൻ ആണ് ഹൈറൈഡറിന്‍റെ ഹൈലൈറ്റ്. ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന ടൊയോട്ടയുടെ 1.5 ലിറ്റർ പെട്രോൾ എൻജിനടങ്ങിയ ഹൈബ്രിഡ് വേർഷനാണ് ഇത്. പെട്രോൾ എൻജിൻ 91 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ 79 ബിഎച്ച്പി പുറപ്പെടുവിക്കുന്നു. മൊത്തത്തിൽ, ഈ ഹൈബ്രിഡ് കോമ്പിനേഷൻ 114 ബിഎച്ച്പി പവറും 141 ടോർക്കും ഉൽപാദിപ്പിക്കും. ഇവയോടൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനം ലഭ്യമല്ല. മുൻ ചക്രങ്ങളിലേക്ക് മാത്രമാണ് പവർ അയക്കുന്നത്.

​Toyota hyryder price

ഈ വർഷം ഒക്ടോബർ പകുതിയോടെയായിരിക്കും കാർ വിപണിയിലെത്തുക എന്ന് പ്രതീക്ഷിക്കാം. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകി വാഹനം ബുക്ക്‌ ചെയ്യാം. 12 ലക്ഷം മുതൽ 20 ലക്ഷം ( എക്സ്-ഷോറൂം ) രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!