Site icon MotorBeat

Volkswagen Taigun – ഇന്ത്യക്കാരുടെ സ്വന്തം എസ്​യുവി

Volkswagen taigun

Photos: Ajmal K

ഇന്ത്യക്കാർക്കിടയിൽ പിടിച്ചുനിൽക്കണമെങ്കിൽ ഇപ്പോൾ എസ്​യുവി തന്നെ വേണമെന്നതാണ്​ അവസ്ഥ. എസ്‌യുവികളുടെ ജനസമ്മിതി മനസ്സിലാക്കിയ ഫോക്സ്‌വാഗൺ ഇവയിലേക്കാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ വിപണിയെ വിശദമായി പഠിച്ച്, ഇന്ത്യൻ എഞ്ചിനീയർമാരുടെ കൈകളാൽ ഇന്ത്യക്കാർക്കായി പുത്തൻ എസ്​യുവിയെ വിപണിയിലെത്തിച്ചിരിക്കുകയാണ്. അതാണ് ടൈഗുൺ ( volkswagen taigun ). ഡ്രൈവിലും കാഴ്ചയിലും ഒരുപോലെ കരുത്തൻ. ബോൾഡ് & സ്പോർട്ടി എന്ന് ഈ എസ്‌യുവിയെ ചുരുക്കി വിശേഷിപ്പിക്കാം.

2020 ഓട്ടോ എക്സ്പോയിലായിരുന്നു വാഹനപ്രേമികൾ ടൈഗുണിനെ ആദ്യമായി കാണുന്നത്. ഫോക്സ്‌വാഗൺ പവലിയനിലേക്ക് ഏതൊരു വണ്ടിപ്രാന്തനും എത്തി നോക്കിയത് ഈ ജർമൻ എസ്‌യുവിയെ കാണാനായിരുന്നു. ഇവനെ ഒന്ന് ഡ്രൈവ് ചെയ്യണമെന്ന് ആദ്യ ദർശനത്തിൽ തന്നെ തോന്നിയ തങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ ഒട്ടേറെപ്പേർ കാത്തിരുന്നു. ഈ കാത്തിരിപ്പ് അവസാനിക്കാൻ ഒന്നര വർഷം വേണ്ടിവന്നു. കാരണം ഓട്ടോ എക്സ്പോക്ക് ശേഷം ഒന്നര വർഷം കഴിഞ്ഞായിരുന്നു ടൈഗുൺ പുറത്തിറങ്ങിയത്.

വിൽപ്പനയിലെ കുതിപ്പ്​

2021 സെപ്റ്റംബറിൽ അവതരിപ്പിച്ച ഈ എസ്‌യുവിയുടെ വിൽപ്പന കുതിക്കുകയാണ്. ഇതുവരെ ഇരുപതിനായിരത്തിലേറെ ബുക്കിംഗുകൾ ആണ് രേഖപ്പെടുത്തിയത്. വിപണിയിലെത്തി ഒരു മാസത്തിനകം തന്നെ 50 ശതമാനം വളർച്ച കമ്പനിക്ക് നേടിക്കൊടുക്കാൻ ഫോക്സ്‌വാഗണിന്‍റെ നിലവിലെ വിലകുറഞ്ഞ എസ്.യു.വിയായ ടൈഗുണിന് കഴിഞ്ഞു.

താരതമ്യേന പിന്നോക്കം നിൽക്കുന്ന, കമ്പനിയുടെ ഇന്ത്യൻ വിപണി മെച്ചപ്പെടുത്താനുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിന്‍റെ പദ്ധതിയായ ഇന്ത്യ 2.0-ക്ക് കീഴിൽ സ്‌കോഡയിൽനിന്നും ( Skoda ) ഒരുപാട് മോഡലുകൾ എത്തിയിരുന്നു. ഫോക്സ്‌വാഗൺ എന്ന ബ്രാൻഡിൽനിന്നും പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് ടൈഗുൺ. ടൈഗുണിനെ നമുക്ക് ഏഴ് വേരിയന്‍റുകളിൽനിന്നും തിരഞ്ഞെടുക്കാം. സാധാരണ ഫോക്സ്‌വാഗൺ കാറുകളുടെ ഉയർന്ന വേരിയന്‍റ്​ ‘ഹൈലൈൻ’ ആണെങ്കിലും ടൈഗുണിൽ highline-ന് മുകളിലായി GT, Topline, GT plus എന്നീ വേരിയന്‍റുകളുമുണ്ട്.

Volkswagen Taigun സെഗ്​മെന്‍റ്​

2012-ൽ റെനോ ഡസ്റ്ററിന്‍റെ ( Renault duster ) അവതരണത്തോടെ പിറവിയെടുത്ത സെഗ്മെന്‍റ്​ ആയിരുന്നു കോംപാക്ട് എസ്‌യുവി. പിന്നീട് ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവി വിപ്ലവം സൃഷ്ടിച്ച ഈ സെഗ്മെന്‍റി​ൽ ഇന്ന് മത്സരാർത്ഥികൾ ഏറെയാണ്. ഹ്യുണ്ടായ് ക്രെറ്റ ( Hyundai creta ), കിയ സെൽറ്റോസ് ( Kia seltos ) തുടങ്ങി ഇന്ത്യൻ എസ്‌യുവി മാർക്കറ്റിലെ തന്നെ വമ്പൻമാരാണ്​ ഈ സെഗ്മെന്‍റിലുള്ളത്​. ഇവിടേക്ക്​ കാലം മാറുമ്പോഴും പുതിയ അതിഥികൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. അവസാനമായെത്തിയത് എംജി ആസ്റ്റർ ആയിരുന്നു. അതിന് തൊട്ടു മുമ്പായിട്ടാണ് ടൈഗുൺ എത്തിയത്.

ഡിസൈൻ & ഇന്‍റീരിയർ

ഡിസൈനിലും നിർമ്മാണത്തിലും മികവും തനിമയും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ കാറും ഫോക്സ്‌വാഗൺ പൂർത്തിയാക്കിയിട്ടുള്ളത്. ഒരേസമയം കുലീനത്വവും കരുത്തും വിളിച്ചോതുന്ന നിർമ്മാണ ശൈലിയാണ് ടൈഗുണിനുള്ളത്. കാറിന് ചുറ്റിലൂടെയുള്ള കറുത്ത ക്ലാഡിങ്ങും 188 മില്ലി മീറ്ററിന്‍റെ ഗ്രൗണ്ട് ക്ലിയറൻസും എടുപ്പ് തോന്നിപ്പിക്കുന്നു. വിവിധ വേരിയന്‍റുകളിലായി 4 തരം അലോയ് വീൽ ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. വശക്കാഴ്ചയിൽ സ്കോഡ കുശാക്കിനോട് ( Skoda Kushaq ) 90 ശതമാനത്തിലേറെ സാമ്യം തോന്നുമെങ്കിലും വെള്ളിനിറത്തിലുള്ള സ്കിഡ് പ്ലേറ്റ് പിൻവശക്കാഴ്ചയെ മനോഹരമാക്കുന്നു.


അന്താരാഷ്ട്ര വിപണിയിലെ ഫോക്സ്‌വാഗൺ കാറുകളിലുള്ള സ്റ്റീയറിങ് വീൽ ഇന്ത്യയിലാദ്യമായി കമ്പനി പ്രയോഗിച്ചത് ടൈഗുണിലൂടെയാണ്. ഫോക്സ്‌വാഗണിന്‍റെ യൂറോപ്യൻ നിർമ്മാണമികവ് ഡാഷ്ബോർഡിലും തെളിയുന്നുണ്ട്. എങ്കിലും ഇന്നത്തെ കാറുകളിൽനിന്നും വ്യത്യസ്തമായി ആവശ്യത്തിലധികം ഫിസിക്കൽ സ്വിച്ചുകൾ നൽകിയത് കാണാം.

2651 മില്ലി മീറ്ററിന്‍റെ വലിയ വീൽബേസ് പ്രതിഫലിക്കുന്നത് ഉൾവശത്താണ്. അതുകൊണ്ട് വിശാലമായ ക്യാബിനും മികച്ച ലെഗ്റൂമും ടൈഗുണിന് ഉണ്ട്. ഇരുനിരയിലേയും ഇരിപ്പിടങ്ങൾ സുഖപ്രദമാണെങ്കിലും പിൻനിര രണ്ട് പേർക്കാണ് ഉചിതം. 385 ലിറ്ററാണ് ബൂട്സ്പേസ്.

എൻജിൻ & ട്രാൻസ്‌മിഷൻ

1 ലിറ്റർ, 1.5 ലിറ്റർ എന്നീ ടർബോചാർജ്ഡ് പെട്രോൾ എൻജിനുകളിലാണ് ടൈഗുൺ എത്തിയിട്ടുള്ളത്. ഇനി വരാനുള്ള വാഹനങ്ങൾ പൂർണമായും പെട്രോൾ എഞ്ചിനുകളിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഫോക്സ്‌വാഗൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1 ലിറ്റർ എൻജിനുള്ള വേരിയന്‍റുകൾ, 1.5 ലിറ്റർ എൻജിനുള്ള ജിടി വേരിയന്‍റുകൾ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സീരീസുകൾ ആയിട്ടാണ് ഫോക്സ് വാഗൺ ടൈഗുണിനെ ഇറക്കിയിട്ടുള്ളത്. ഇതിൽ 1 ലിറ്റർ എൻജിനോടൊപ്പം 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്​. 1.5 ലിറ്റർ എൻജിനോടൊപ്പം ജിടി എന്ന വേരിയന്‍റിൽ മാനുവൽ ഗിയർബോക്സും ജിടി പ്ലസ് എന്ന വേരിയന്‍റിൽ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സും ലഭ്യമാണ്.

1 ലിറ്റർ എൻജിൻ 114 ബിഎച്ച്​പി നൽകുമ്പോൾ 1.5 ലിറ്റർ എൻജിൻ 148 ബിഎച്ച്​പി കരുത്തേകും. 178 ന്യൂട്ടൻമീറ്റർ, 250 ന്യൂട്ടൻമീറ്റർ എന്നിങ്ങനെയാണ് ഇരു എൻജിനുകളുടെയും യഥാക്രമത്തിലുള്ള ഉയർന്ന ടോർക്ക്. രണ്ട് എൻജിനുകളും മികച്ച ഡ്രൈവബിലിറ്റി ഉറപ്പ് തരുന്നു. 3 സിലിണ്ടർ എൻജിനാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് 1 ലിറ്റർ എൻജിന്‍റെ പ്രകടനം.

ഇന്ത്യൻ ജനങ്ങളെയും റോഡുകളെയും മനസ്സിൽ കണ്ട് നിർമ്മിച്ചതിനാൽ അതിനനുസരിച്ച് ചിട്ടപ്പെടുത്തിയ ഒരുപാട് പ്രത്യേകതകൾ നമുക്ക് ഈ കാറിൽ കാണാം. അതിൽപെട്ട ഒന്നാണ് ഈ കാറിൽ ഒരുക്കിയ മികച്ച സസ്പെൻഷൻ. ഇന്ത്യൻ റോഡുകൾക്ക് വേണ്ടി ഒരുക്കിയ സസ്പെൻഷൻ ആണെന്ന് നിസ്സംശയം പറയാം. ഈ സസ്പെൻഷനോടൊപ്പം സപ്പോർട്ടുള്ള സീറ്റുകളും മികച്ച സീറ്റിങ് പൊസിഷനും കൂടെയാകുമ്പോൾ യാത്രാ സുഖത്തിലും ടൈഗുണിനെ കേമനെന്ന് വിളിക്കാം.

വിലയിരുത്തൽ

Volkswagen Taigun Price

ഫോക്സ്​വാഗൺ ടൈഗുണിന്‍റെ വേരിയന്‍റുകളും വില വിവരവും താഴെ ചേർക്കുന്നു.

Variant Engine & Transmission  Mileage (kmpl) On-road Price (in lakhs)
Comfortline 1 L , Manual 18.1 13.10
Highline 1 L , Manual 18.1 15.45
Highline 1 L , Torque Convertor 16.44 17.10
Topline 1 L , Manual 18.1 17.80
GT 1.5 L , MT 18.47 18.85
Topline 1L , Torque Convertor 16.44 19.98
GT Plus 1.5 L , DSG 17.88 21.98

Car courtesy : Volkswagen Malappuram – Phone +91 92077 22019

Exit mobile version