Site icon MotorBeat

volkswagen virtus – മറ്റു സെഡാനുകൾ ഇവന്​ മുന്നിൽ മാറിനിൽക്കും

VOLKSWAGEN VIRTUS PRICE IN KERALA

PHOENIX VOLKSWAGEN, MALAPPURAM PH;9207722001

volkswagen virtus

എസ്‌യുവികൾ അരങ്ങുവാഴുന്ന ഇക്കാലത്ത് ഒരു പുത്തൻ സെഡാനുമായി വന്നാൽ എങ്ങനെയിരിക്കും, സംഭവം മാസ് ആവില്ലേ… എന്നാൽ അത്തരം ഒരു മാസ്സ് എൻട്രിയാണ് കഴിഞ്ഞവർഷം ഫോക്സ്‌വാഗൺ വെർട്ടസ് കാണിച്ചുതന്നത്. ‘മുട്ടോളം വരില്ല ഒന്നും’ എന്ന മട്ടിൽ ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി, മാരുതി സിയാസ് തുടങ്ങിയ വമ്പൻമാരോട് കൊമ്പുകോർക്കാൻ തന്നെയായിരുന്നു വെർട്ടസിന്റെ തീരുമാനം. തന്റെ ചാരുതയും പ്രകടനവും കൊണ്ട് വെർട്ടസ് വിപണിയിലേക്ക് ഇടിച്ചുകയറി.

ടയ്‌ഗുണിന് ശേഷം ഇന്ത്യ 2.0 പദ്ധതിയുടെ കീഴിൽ ഫോക്സ്‌വാഗൺ പുറത്തിറക്കിയ രണ്ടാമത്തെ വാഹനമാണ് വെർട്ടസ്. ടൈഗുൺ, സ്കോഡ കുശാഖ്, സ്കോഡ സ്ളാവിയ എന്നിവ നിർമ്മിച്ച MQB A0 പ്ലാറ്റ്​ഫോമിൽ തന്നെയാണ് വേർട്ടസും നിർമിച്ചിട്ടുള്ളത്. വെർട്ടസിന്റെ വരവോടെ എസ്‌യുവിയാണ് ഇനിയുള്ള കാലം എന്ന് കരുതിയ ചിലരെങ്കിലും മാറി ചിന്തിച്ചിട്ടുണ്ടാവും.

ഡിസൈൻ

ഒറ്റനോട്ടത്തിൽ തന്നെ ഫോക്സ്‌വാഗൺ ആണെന്ന് മനസിലാവുന്ന രൂപമാണ് വെർട്ടസിനുള്ളത്. ഫോക്സ്‌വാഗണിന്റെ പല വാഹനങ്ങളോടും സാമ്യം തോന്നുമെങ്കിലും ആദ്യ കാഴ്ചയിൽ തങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ Jetta GLI ആണ് മനസ്സിലെത്തുക. കുടുംബക്കാരനായ Skoda Slavia യുടെ അതേ നീളവും വീതിയും തന്നെയാണ് വെർട്ടസിനുമുള്ളത്. അത്കൊണ്ട് തന്നെ സെഗ്മെന്റിലെ വലിയ വാഹനം എന്ന പേരും ഇവർ പങ്കിട്ടെടുക്കുന്നു. ശരാശരിക്ക്​ മുകളിൽ നിൽക്കുന്ന ഗ്രൗണ്ട് ക്ലിയറൻസും (179 mm), എസ്‌യുവിയോളം ഉയരവും കാറിനുണ്ട്. ഡ്രൈവിലെ പോലെ തന്നെ ഡിസൈനും സ്പോർട്ടിയാണ്.

മുൻകാലങ്ങളിൽ ഫോക്സ്‌വാഗൺ-സ്കോഡ കാറുകളുടെ ഡിസൈനിൽ സാമ്യതകളേറെയുണ്ടായിരുന്നെങ്കിലും വെർട്ടസും സ്ലാവിയയും തമ്മിലുള്ള സാമ്യത വശക്കാഴ്ചയിൽ മാത്രമേയുള്ളൂ. വശങ്ങളിൽ ഇരുവാഹനത്തിന്റെയും ബോഡി ലൈൻസ് പോലും സമാനമാണ്. വേരിയന്റുകളും ട്രിമ്മുകളും മാറുന്നതിനനുസരിച്ച് design elementsലും മാറ്റങ്ങളുണ്ട് എന്നത് ശ്രദ്ധേയമാണ്. എട്ട് നിറവകഭേദങ്ങളാണ് വെർട്ടസിനുള്ളത്.

ഇന്റീരിയർ

മറ്റു സെഡാനുകളെ അപേക്ഷിച്ച് വാഹനത്തിനകത്തേക്ക് അനായാസം കയറിയിരിക്കാം എന്നതാണ് ആദ്യമേ എടുത്തു പറയേണ്ടത്. കയറിയിരുന്നാൽ ശ്രദ്ധയിൽ പെടുന്നത് പുതിയ Volkswagen Golf കാറിൽ കണ്ട സ്റ്റിയറിങ് വീലും പിയാനോ ബ്ലാക്കിൽ തീർത്ത ഡാഷ്ബോർഡുമാണ്. സെഗ്മെന്റിലെ പ്രധാന ഫീച്ചറായ വയർലെസ്സ് മൊബൈൽ ചാർജർ ഈ കാറിലുമുണ്ട്. ഭംഗിയുണ്ടെങ്കിലും ഇന്റീരിയർ നിലവാരത്തിലും fit and finish-ലും ഫോക്സ്‌വാഗൺ തങ്ങളുടെ തനിമ പുലർത്തിയിട്ടില്ല. മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിപ്പോകും. എങ്കിലും എതിരാളികളിലേക്ക് കണ്ണോടിക്കുമ്പോൾ വെർട്ടസ് മെച്ചമുണ്ട് താനും. 10 ഇഞ്ചിന്റെ വലിയ ടച്ച്സ്ക്രീനാണ് ഉള്ളതെങ്കിലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഗ്രാഫിക്സ് ശരാശരിയിലൊതുങ്ങുന്നു.

മുൻനിരയിലെ ഇരു സീറ്റുകളുടെയും ഉയരം ക്രമീകരിക്കാൻ സാധിക്കും. വെന്റിലേറ്റഡ് സീറ്റുകളാണിവ. മുൻനിരയിലെയും പിൻനിരയിലെയും മികച്ച ഹെഡ്റൂമിനും ലെഗ്റൂമിനും ഒപ്പം കംഫർട്ടും സപ്പോർട്ടുമുള്ള സീറ്റുകൾ കാറിനെ ഒരു ‘സെഡാൻ’ എന്നർത്ഥമുണർത്തുന്നു. സെഡാൻ എന്നാൽ കംഫർട്ട് ആണല്ലോ പ്രധാനം. യാത്രാസുഖത്തിൽ വിട്ടുവീഴ്ച്ചക്ക് ഫോക്സ്‌വാഗൺ തയ്യാറായിട്ടില്ല.

ഡ്രൈവ്

1 ലിറ്റർ TSI, 1.5 ലിറ്റർ എന്നീ പെട്രോൾ എൻജിനുകളാണ് വെർട്ടസിനുള്ളത്. ഇതിൽ 1.5 ലിറ്റർ എൻജിൻ GT വേരിയന്റുകളിലാണുള്ളത്. പക്ഷേ ഞങ്ങൾ ഓടിക്കാനിടയായത് 1 ലിറ്റർ എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സുമുള്ള ടോപ്പ്ലൈൻ എന്ന വേരിയന്റായിരുന്നു. വേർട്ടസ് ഞങ്ങളുടെ മനംകവർന്നതും ഡ്രൈവിലായിരുന്നു. ഏതൊരു ഫോക്സ്‌വാഗണിനെയും പോലെ മികച്ച പ്രകടനവും സ്റ്റബിലിറ്റിയും ചേർത്ത് രസകരമായ ഡ്രൈവ് വെർട്ടസും സമ്മാനിക്കുന്നു. എന്നാൽ Light steering ആണ്. 1500 rpm വരെ നേരിയ ലാഗ് അനുഭവപ്പെടുമെങ്കിലും അതിനുശേഷം വാഹനം കുതിക്കും. നിലവിൽ എതിരാളികളെക്കാൾ കരുത്തും പ്രകടനക്ഷമതയും വെർട്ടസിനാണുള്ളത്. 1 ലിറ്റർ എൻജിൻ ഇത്രയാണേൽ 1.5 ലിറ്റർ എൻജിന്റെ പ്രകടനം എന്തായിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു. പിന്നെ ഇതൊരു ഫോക്സ്‌വാഗൺ ആണല്ലോ, സ്വാഭാവികം!!

6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 7-സ്പീഡ് ഡിസിടി എന്നീ മൂന്ന് ഗിയർബോക്സ് വകഭേദങ്ങളാണ്​ കാറിനുള്ളത്. മുൻപ് 1.5 ലിറ്റർ GT​ വേരിയന്റിനോടൊപ്പം മാനുവൽ ഗിയർബോക്സ് ലഭ്യമായിരുന്നില്ല. എന്നാൽ 2023 മാർച്ചിൽ ജിടി മാനുവൽ വേരിയന്റുകൾ കൂടെ ചേർക്കപ്പെട്ടു. 7-സ്പീഡ് ഡിസിടി ഗിയർബോക്സാണ് GTയിലുള്ള ഓട്ടോമാറ്റിക്. ഇന്ധനക്ഷമത വർധിപ്പിക്കാൻ വേണ്ടിയുള്ള ആക്ടീവ് സിലിണ്ടർ ടെക്നോളജി വേർട്ടസിലുമുണ്ട്. ആവശ്യമില്ലാത്തപ്പോൾ എൻജിൻ സിലിണ്ടറുകൾ സ്വയം പ്രവർത്തനരഹിതമാകുന്ന സംവിധാനമാണിത്. നാല് സിലിണ്ടറുകളുള്ള ഈ കാറിന്റെ രണ്ട് സിലിണ്ടറുകൾ മാത്രമാവും അന്നേരത്ത് പ്രവർത്തിക്കുക. വാഹനം 750cc ആയി ചുരുങ്ങുകയും ചെയ്യും. 20 കിലോമീറ്റർ സ്പീഡിൽ പോലും വെർട്ടസിന്റെ ക്രൂയിസ് കൺട്രോൾ ഉപയോഗിക്കാനാവും എന്നതും പ്രത്യേകതയാണ്.

വിലയിരുത്തൽ

ഹരം പകരുന്ന ഉഗ്രൻ ഡ്രൈവിംഗ്, മികച്ച യാത്രാസുഖം, വിശാലമായ ക്യാബിൻ എന്നാൽ കാഴ്ചയിലും മനോഹരം ഇവയൊക്കെയാണ് ഫോക്സ്‌വാഗൺ വെർട്ടസ്. സെഗ്മെന്റിൽ 5 സ്റ്റാർ സുരക്ഷയുള്ള ഏക വാഹനവും വെർട്ടസാണ്.

Price of Volkswagen Virtus in Kerala

13.88 ലക്ഷം മുതൽ 22.76 ലക്ഷം രൂപ വരെയാണ് വെർട്ടസിന്റെ ഓൺ-റോഡ് വില.

For booking and details ;

PHOENIX VOLKSWAGEN, KOOTILANGADI PO, MALAPPURAM

Phone : 9207722001

Exit mobile version