‘ബിഗ് റഷ്’
ലോകം പുതുവർഷത്തിലേക്ക് നീങ്ങുമ്പോൾ വർഷാവസാന ഇളവുകൾ പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലാണ് വാഹന നിർമാതാക്കൾ. ജെർമൻ വാഹനബ്രാൻഡായ ഫോക്സ്വാഗണും ‘ബിഗ് റഷ്’ എന്ന പേരിൽ തങ്ങളുടെ ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ മോഡലുകളായ Taigun, Virtus, Tiguan എന്നിവയ്ക്കാണ് കിടിലൻ ഓഫറുകളുള്ളത്. ടൈഗുണിന് 1.46 ലക്ഷം രൂപയുടെയും, വെർട്ടസിന് 1.13 ലക്ഷം രൂപയുടെയും, ടിഗ്വാൻ എസ്യുവിയ്ക്ക് 4.2 ലക്ഷം രൂപയുടെയും ആനുകൂല്യങ്ങളാണ് ഈ പുതുവത്സരകാലത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഫോക്സ്വാഗൺ വെർട്ടസ്
ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് വെർട്ടസ്. 1.13 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഫൈവ് സ്റ്റാർ സുരക്ഷയുള്ള ഈ സെഡാൻ സ്വാന്തമാക്കുന്നവരെ കാത്തിരിക്കുന്നത്. ഇതോടൊപ്പം 4 വർഷം അല്ലെങ്കിൽ 60000 കിലോമീറ്റർ വരെ സർവീസ് പാക്കേജുമുണ്ട്. 148 ബിഎച്ച്പിയാണ് 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുള്ള വെർട്ടസ് ജിടി വേരിയന്റിന്റെ കൂടിയ കരുത്ത്. 250 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും.
ഫോക്സ്വാഗൺ ടൈഗുൺ
1.46 ലക്ഷം രൂപയുടെ ഇളവുകളാണ് കമ്പനി ഇപ്പോൾ നൽകിയിരിക്കുന്നത്. 60000 കിലോമീറ്റർ അല്ലെങ്കിൽ 4 വർഷ കോംപ്ലിമെന്ററി സർവീസും പാക്കേജായി നൽകുന്നുണ്ട്. 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ ഓപ്ഷനുകളിൽ വാഹനം തിരഞ്ഞെടുക്കാം.
ഫോക്സ്വാഗൺ ടിഗ്വാൻ
4.2 ലക്ഷം രൂപ വരെയുള്ള വമ്പൻ ഓഫർ നൽകിക്കൊണ്ടാണ് ടിഗ്വാൻ പുതിയ വർഷത്തെ വർഷത്തെ വരവേൽക്കുന്നത്. നിലവിൽ ഫോക്സ്വാഗൺ ഇന്ത്യയുടെ നിരയിലെ ഏറ്റവും വില കൂടിയ എസ്യുവിയാണ് ടിഗ്വാൻ. 187 ബിഎച്പി കരുത്തും 320 ന്യൂട്ടൻമീറ്റർ ടോർക്കും ഉൽപാദിക്കാൻ ശേഷിയുള്ള 2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടിഗ്വാനുള്ളത്. AWD സംവിധാനമുള്ള ടിഗ്വാനും ലഭ്യമാണ്.