മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ( MLM ) പണം നഷ്ടപ്പെടാതിരിക്കാനുള്ള വഴികൾ
വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, സ്റ്റാറ്റസുകൾ, ഫേസ്ബുക്കിലെ പുതിയ പുതിയ പോസ്റ്റുകൾ, ഇൻസ്റ്റാഗ്രാം സ്റ്റോറികൾ… ഇങ്ങനെ നിരവധി മേഖലകളിൽ ദിവസവും മൾട്ടിലെവൽ മാർക്കറ്റിങ്ങിൻെറ ( Multilevel Marketing ) മഹിമകൾ പറഞ്ഞുള്ള കുറിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. സത്യത്തിൽ ഇത്രയൊക്കൊ സംഭവമാണോ ഈ മൾട്ടിലെവൽ മാർക്കറ്റിങ്. ഇത്തരം കമ്പനികൾ കൊണ്ട് ആരാണ് ശരിക്കും പണം കൊയ്യുന്നത്? ആരാണിതിൻെറ ഗുണഭോക്താക്കൾ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ നൽകുന്നത്.
എന്താണ് മൾട്ടിലെവൽ മാർക്കറ്റിങ്
നെറ്റ്വർക്ക് മാർക്കറ്റിങ് ( Network marketing ), പിരമിഡ് സെൽ ( Pyramid cell ), ഡയറക്ട് മാർക്കറ്റിങ് ( Direct marketing ) തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന multilevel marketing നമ്മുടെ സാമ്പ്രദായിക വിപണനരീതികളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. സാധാരണഗതിയിൽ നമ്മൾ ഒരു സാധനം വിൽക്കുക കടകൾ വഴിയോ ഓൺലൈൻ സൈറ്റുകൾ വഴിയോ ആണ്. എന്നാൽ, ഇവിടെ വ്യക്തികൾ നേരിട്ടാണ് വിൽപ്പന നടത്തുന്നത്. ഇങ്ങനെ വിൽപ്പന നടത്തുേമ്പാൾ ലഭിക്കുന്ന ലാഭത്തിൽനിന്ന് ഇവർക്ക് ചെറിയൊരു തുക കമീഷൻ ലഭിക്കുന്നു. ഏകദേശം ഒരു നൂറ്റാണ്ട് കാലം മുമ്പ് തന്നെ ഈയൊരു ബിസിനസ് രീതി പാശ്ചാത്യ നാടുകളിൽ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ ഇതിന് വേരോട്ടം ലഭിക്കാൻ തുടങ്ങിയിട്ട് ഏകദേശം 30 വർഷമേ ആയിട്ടുള്ളൂ. amway, phygicart, modicare തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരത്തിലുള്ള എംഎൽഎം കമ്പനികൾ.
തട്ടിപ്പുകൾ ഏറെ
ഇത്രയും വലിയൊരു പാരമ്പര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് multilevel marketing നെ നമ്മൾ ഭയപ്പെടേണ്ടത്? അത് അറിയണമെങ്കിൽ ദിവസവും പത്രം വായിച്ചാൽ മതി. അത്രയും തട്ടിപ്പുകളാണ് ഈ ബിസിനസ് മോഡലിൻെറ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്നത്.
എം.എൽ.എം ബിസിനസിൻെറ ഭാഗമായവർ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാമാണ് ഇതിൽ കണ്ണിചേർക്കുക. അതിനായി ഇവർ ആദ്യം വലിയ മോഹവാഗ്ദാനങ്ങൾ നൽകും. ഇത് വിശ്വസിപ്പിക്കാൻ ഇവരുടെ ലൈഫ്സ്റ്റൈലിൽ വന്ന മാറ്റങ്ങൾ കാണിച്ചുകൊടുക്കും. ആഡംബര കാർ, ഫോൺ, വിദേശയാത്രകൾ, സ്റ്റാർ ഹോട്ടലുകളിലെ മീറ്റിങ്ങുകൾ, ലക്ഷങ്ങൾ ഉടൻ അക്കൗണ്ടിലേക്ക് വരുമെന്ന് കാണിച്ചുള്ള സ്റ്റാറ്റസുകൾ… ഇങ്ങനെ പലവിധ നമ്പറുകൾ കാണിച്ചാണ് ഇവർ ആളുകളെ വലയിൽ വീഴ്ത്തുക. ഇതെല്ലാം കാണുേമ്പാൾ, പണത്തിനോട് അത്യാർത്തിയുള്ള ആരും ഈ കെണിയിൽ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇവർ ഭാഗമായ കമ്പനിയുടെ കുറച്ചു ഉൽപ്പന്നങ്ങൾ ആദ്യം വാങ്ങാൻ ആവശ്യപ്പെടും. ആർക്കും വലിയ ഉപയോഗമൊന്നും ഇല്ലാത്ത സാധനങ്ങളാകും ഇവ. ഇതിന് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലയാകും ഈടാക്കുക. ഇത് വാങ്ങി കണ്ണിചേരുന്നയാൾ തൻെറ കീഴിൽ പുതിയ ആളുകളെ ചേർക്കും. ഇയാൾ അവർക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പ്രേരിതനാകും. ഇങ്ങനെയാണ് ഇതിൻെറ പ്രവർത്തനം നീണ്ടുപോകുന്നത്. ആളുകൾക്ക് കാര്യമായി ആവശ്യമില്ലാത്ത പ്രൊഡക്ടുകൾ വലിയ തുകക്ക് വിറ്റ് കമ്പനികൾ ഇവിടെ തടിച്ചുകൊഴുക്കുന്നു.
ക്യൂനെറ്റും ലോങ്റിച്ചും
മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ഏറ്റവും അവസാനം പൊളിഞ്ഞ രണ്ട് കമ്പനികളാണ് ക്യൂനെറ്റും ( QNET ) ലോങ്റിച്ച് ടെക്നോളജീസുംc ( Longrich Technologies ). ഇതിൽ പണം നഷ്ടപ്പെട്ടത് അതിമോഹങ്ങളുമായി പണം നിക്ഷേപിച്ച സാധാരണക്കാർ ആണെങ്കിൽ ഇതിൻെറ ഉടമസ്ഥർ തട്ടിയെടുത്തത് കോടികളാണ്.
രണ്ട് വർഷം മുമ്പാണ് ബി.ടി.സി േഗ്ലാബൽ ( Btc global ) എന്ന കമ്പനിയുടെ പേരിൽ കേരളക്കരയാകെ ഞെട്ടിച്ച തട്ടിപ്പ് നടന്നത്. ഇതിൻെറ അവസാനം കമ്പനി ഉടമയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. ഒരു ലക്ഷം രൂപക്ക് മാസം 15,000 രൂപ ലാഭവിഹിതം തരാമെന്ന് പറഞ്ഞാണ് ഇതിലേക്ക് ആളുകളെ ആകർഷിപ്പിച്ചത്. ഇത്രയും ലാഭവിഹിതം ഒരു കമ്പനിക്ക് നൽകാൻ കഴിയുമോ എന്നുപോലും പലരും ആലോചിക്കില്ല.
ബിറ്റ്കോയിൻെറ ( Bitcoin ) പേരിലാണ് ബി.ടി.സി ഗ്ലോബൽ തട്ടിപ്പ് നടത്തിയത്. തങ്ങളുടെ പൈസ ബിറ്റ്കോയിനിലാണ് നിക്ഷേപിക്കുന്നതെന്നും അതിൻെറ മൂല്യം കൂടുന്നതിന് അനുസരിച്ചാണ് ലാഭവിഹിതം തരുന്നതെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാൽ, മണിചെയ്ൻ മാർക്കറ്റിങ് തന്ത്രം തന്നെയായിരുന്നു ഇവർ നടപ്പാക്കിയത്.
ആദ്യം പണം നിക്ഷേപിച്ചവർക്ക്, അവരുടെ പിറകെ വരുന്നവരിൽനിന്ന് പണം ലാഭമെന്ന പേരിൽ നൽകുന്ന ലളിതമായ സിദ്ധാന്തമാണ് ഇവിടെ അരങ്ങേറിയത്. ഇങ്ങനെ വലിയൊരു തുക കമ്പനികളുടെ കൈവശം വന്നപ്പോൾ അവർ പണവുമായി മുങ്ങി. ഇത് തന്നെയാണ് ക്യുനെറ്റ്, ലോങ്റിച്ച് ടെക്നോളജീസ് പോലുള്ള കമ്പനികളും നടത്തിയത്. മോറിസ് കോയിൻ ( Morris coin ) എന്ന ക്രിപ്റ്റോ കറൻസിയുടെ ( crypto currency ) പേരിലാണ് ലോങ്റിച്ച് ടെക്നോളജീസ് ആളുകളിൽനിന്ന് പണം പിരിച്ചെടുത്തത്.
ഇത്തരം കമ്പനികളിൽ ആദ്യഘട്ടത്തിൽ പണം നിക്ഷേപിക്കുന്നവർക്ക് നല്ല സമ്പാദ്യം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാൽ, കമ്പനി ഉടമകൾ മുങ്ങാൻ പോകുന്ന സമയത്ത് പണം നിക്ഷേപിച്ചവരാകും എപ്പോഴും കുടുങ്ങുക. കൂടാതെ, ആദ്യഘട്ടത്തിൽ ഉയർന്ന ലാഭവിഹിതം കിട്ടിയത് കണ്ടിട്ട് ഉള്ളതെല്ലാം വിറ്റുപൊറുക്കി വീണ്ടും നിക്ഷേപിച്ചവർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നത് പറയാതെ വയ്യ.
multilevel marketing – മാനദണ്ഡങ്ങൾ ഏറെ
പല രാജ്യങ്ങളും എംഎൽഎം ബിസിനസ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സൗദി അറേബ്യ പോലുള്ള നാടുകളിൽ ഇവ നിരോധിച്ചിട്ടുണ്ട്. മറ്റുള്ളവരെ പറ്റിച്ചാണ് ഇവിടെ പണം സമ്പാദിക്കുന്നത് എന്നതിനാൽ ഇത് ഹറാമാണെന്നാണ് സൗദിയിലെ മുസ്ലിം പണ്ഡിതരുടെ പക്ഷം.
ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഇത്തരം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ പറുപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കമ്പനികൾ ആദ്യം സർക്കാറിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷന്റെ അംഗീകാരത്തോട് കൂടി മാത്രമേ ഇപ്പോൾ ഇവ തുടങ്ങാൻ സാധിക്കൂ.
നിങ്ങൾ പണം നിക്ഷേപിക്കാൻ പോകുന്ന കമ്പനി സർക്കാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അവയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ടോ, പ്രവർത്തനം നല്ല രീതിയിലാണോ തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാറിൻെറ വെബ്സൈറ്റിൽ പരിശോധിച്ചാൽ ലഭിക്കും. https://web.archive.org/web/20201102121959/https://consumerhelpline.gov.in/directsellingentities/data-history.php എന്നതാണ് വെബ്സൈറ്റ്.
പണം നഷ്ടപ്പെടാതിരിക്കാനുള്ള വഴികൾ
- കേന്ദ്ര സർക്കാറിൻെറ കൺസ്യൂമർ അഫേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടെ കമ്പനികളിൽ മാത്രം പണം നിക്ഷേപിക്കുക.
- പെട്ടെന്ന് പണക്കാരനാകാനുള്ള മോഹം കാരണം തട്ടിപ്പ് കമ്പനികളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
- ജീവിത ചെലവുകളിൽ എപ്പോഴും മിതത്വം പാലിക്കുക.
- നമ്മുടെ വരുമാനത്തിന് അനുസരിച്ച് മാത്രം ചെലവഴിക്കുക
- മൂല്യം കുറയുന്ന സാധനങ്ങൾ അനാവശ്യമായി ലോണെടുത്ത് വാങ്ങാതിരിക്കുക.
- സാമ്പത്തിക അച്ചടക്കം പാലിക്കുക.
- ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ആവശ്യത്തിന് മാത്രം മതി.
- വ്യാജ ബിറ്റ്കോയിൻ പദ്ധതികളിൽ പണം നിക്ഷേപിക്കാതിരിക്കുക. OctFx Trading app, WazirX, coin switch kuber പോലുള്ള ആപ്പുകളെക്കുറിച്ച് പഠിച്ചശേഷം മാത്രം ക്രിപ്പ്റ്റോകറൻസി സ്വന്തമാക്കുക.
- സ്വകാര്യ ക്രിപ്റ്റോ കറൻസികളെ പിടിച്ചുനിർത്താൻ ഇന്ത്യൻ സർക്കാർ സ്വന്തം ഡിജിറ്റൽ രൂപ അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിറ്റൽ റുപീ (digital rupee) എന്നാണ് പേര്. ഇതിൽ നിക്ഷേപിക്കുന്നത് കുറച്ചുകൂടി സുരക്ഷിതമാകും.
ബോണസ് ടിപ്പ് – multilevel marketingമൾട്ടിലെവൽ മാർക്കറ്റിങ്ങിൽ പണം നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയുണ്ട്, അത് മോഹവാഗ്ദാനങ്ങൾ നൽകി വരുന്ന ആൾക്കാരെ വിശ്വസിച്ച് മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ചേരാതിരിക്കലാണ്. അതിന് പകരം മറ്റുള്ള നല്ല പാസീവ് വരുമാന മാർഗങ്ങൾ കണ്ടെത്തുക. |