കോടമഞ്ഞിലൊളിച്ച കോടനാട്; ഇത് ഊട്ടിയിലെ വേറിട്ടകാഴ്ച
അറ്റമില്ലാത്ത കാഴ്ചകളുടെ നാടാണ് ഊട്ടി ( Ooty ). സഹ്യൻെറ മടിത്തട്ടിൽ നീലഗിരിയിലെ ഒരുപാട് സുന്ദര കാഴ്ചകൾ നാം പലപ്പോഴായി ആസ്വദിച്ചിട്ടുണ്ടാകും. എന്നാൽ, ആ തീരാകാഴ്ചകളുടെ അറ്റത്ത് കോടമഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന നാടുണ്ട്, അതാണ് കോടനാട് ( Kodanad ).
ഉദഗമണ്ഡലത്തെ വെല്ലുന്ന തണുപ്പും അഴകുമായി കോടനാട് സഞ്ചാരികളെ കാത്തിരിക്കുകയാണ്. നഗരത്തിെൻറ തിരക്കുകളും യന്ത്രവത്കൃത ലോകത്തിെൻറ ശബ്ദങ്ങളുമൊഴിഞ്ഞ് പ്രകൃതിയുടെ വിരിമാറിൽ ശാന്തമായി അലിഞ്ഞുചേരാൻ ഇഷ്ടപ്പെടുന്നവർക്കുള്ള ഡെസ്റ്റിനേഷൻ.
നീലഗിരിയുടെ സ്വിറ്റ്സർലൻഡ്
നീലഗിരിയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കോത്തഗിരി പഞ്ചായത്തിലാണ് ( Kotagiri ) കോടനാട്. ഊട്ടിയിൽനിന്ന് 47 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഈ യാത്ര തന്നെ അവിസ്മരണീയമാണ്. മലമുകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡും കുന്നിൻചെരിവുകളിലെ തേയിലത്തോട്ടങ്ങളും ബഹുവർണ നിറങ്ങളിൽ തട്ടുതട്ടായുള്ള വീടുകൾ നിറഞ്ഞ ഗ്രാമങ്ങളും കുളിരേകിയെത്തുന്ന കാറ്റുമെല്ലാം യാത്രക്ക് അകമ്പടിയേകും.
കോടനാട് എസ്റ്റേറ്റ്
കോത്തഗിരിയിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണാനാവുക കോടനാട് എസ്റ്റേറ്റാണ് ( Kodanad estate ). തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ളതാണ് 1600 ഏക്കർ വിശലാമായ ഈ എസ്റ്റേറ്റ്. 1990കളിലാണ് ഈ സ്വർഗീയ ഭൂമി ജയലളിത സ്വന്തമാക്കുന്നത്. വേനൽക്കാല വസതിയായാണ് ഇവിടം അവർ ഉപയോഗിച്ചത്. മുഖ്യമന്ത്രിയായിരിക്കുേമ്പാൾ പോലും പലതവണ ഇവിടെ വന്നിട്ടുണ്ട്.
ആ സമയത്തെല്ലാം സംസ്ഥാനത്തിെൻറ ഭരണസിരാക്രേന്ദം കോടനാടായി മാറും. ജയലളിതയുടെ മരണശേഷം എസ്റ്റേറ്റിൽ നടന്ന മോഷണവും തുടർന്നുണ്ടായ കൊലപാതകവുമെല്ലാം കോടനാടിനെ വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചു. മലയാളികളടക്കമുള്ള പ്രതികളാണ് പിന്നീട് അറസ്റ്റിലായത്.
കോടനാട് എസ്റ്റേറ്റിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇന്നും വിവാദങ്ങൾ ബാക്കിയാണ്. സഞ്ചാരികൾക്ക് അകത്തേക്ക് പ്രവേശനം ഇല്ലെങ്കിലും ബംഗ്ലാവും ഡാമും ചെത്തിമിനുക്കിയ തേയിലച്ചെടികളുമെല്ലാം ദൂരെനിന്ന് തന്നെ കാണാം.
കോടനാട് വ്യൂപോയിൻറ്
എസ്റ്റേറ്റിന് മുന്നിലൂടെയുള്ള റോഡ് കോടനാട് വ്യൂ പോയിൻറിലാണ് ( Kodanad viewpoint ) അവസാനിക്കുക. റോഡ് മാത്രമേ ഇവിടം അവസാനിക്കുന്നുള്ളൂ. കാഴ്ചകൾ തുടരുകയാണ്. 5880 അടി ഉയരത്തിലുള്ള മലമുകളിൽ തമിഴ്നാട് വനം വകുപ്പ് വാച്ച്ടവർ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാൽ 360 ഡിഗ്രിയിൽ ദൃശ്യങ്ങൾ ആസ്വദിക്കാം.
മുന്നിൽ രംഗസ്വാമി കൊടുമുടി തലയുയർത്തി നിൽപ്പുണ്ട്. വലത് ഭാഗത്ത് മോയാർ നദിയും ഭവാനി സാഗർ ഡാമുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസ്സിൽ തെളിയും. മറുഭാഗത്ത് കർണാടകയിലെ കൃഷിയിടങ്ങളും കോത്തഗിരിയിലെ പുൽമേടുകളും നിറകാഴ്ചയൊരുക്കുന്നു. ഇതിനെല്ലാം പുറമെ മേഘങ്ങൾ പൊതിഞ്ഞ ആകാശവും അതിന് താഴെ കോടമഞ്ഞുമെല്ലാം വിരുന്നെത്തുേമ്പാൾ ആസ്വാദനം പരകോടിയായി ഉയരും.
വാച്ച്ടവറിന് സമീപത്തെ കല്ല് പാകിയ വഴികളിലൂടെ കുളിർകാറ്റേറ്റ് തഴേക്ക് നടക്കാൻ സാധിക്കും. മലഞ്ചെരുവിലെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ പ്രകൃതിയോട് കിന്നാരം ചൊല്ലിയിരിക്കുേമ്പാൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഭാഗ്യമുണ്ടെങ്കിൽ വന്യജീവികളെയും ഇവിടെനിന്ന് കാണാം. മതിവരാത്ത ഈ കാഴ്ചകളും അനുഭവങ്ങളും കണ്ട് കൊതിതീർന്നില്ലെങ്കിൽ വ്യൂപോയിൻറിന് സമീപം തന്നെ കുറഞ്ഞചെലവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാണ്. മഞ്ഞ് പൊതിയുന്ന താഴ്വരയിൽ രാവിൻെറ നിശ്ശബ്ദതയിൽ ഏകാന്തമായ ലോകത്ത് അന്തിയുറങ്ങുന്നത് സ്വപ്നം കാണാത്തവർ ഉണ്ടാകുമോ. ഈ കോട്ടേജുകളോട് ചേർന്നുള്ള റെസ്റ്റോറൻറുകളിൽ ഭക്ഷണവും ലഭ്യമാണ്. പിന്നെ ഊട്ടിയിൽനിന്ന് ഏറെ അകലെയാണെങ്കിലും ടവറുകൾ ഉള്ളതിനാൽ മൊബൈൽ റേഞ്ചിന്‍റെ കാര്യത്തിൽ പേടിക്കേണ്ട.
കാണേണ്ട കാഴ്ചകൾ ( Places to visit in Kodanad )
കോടനാട് വ്യൂ പോയിൻറിന് പുറമെ തേയിലത്തോട്ടങ്ങൾക്ക് നടുവിലെ കാതറിൻ വെള്ളച്ചാട്ടം, രംഗസ്വാമി കൊടുമുടിയിലെ ട്രെക്കിങ്, ഊട്ടിയുടെ മനോഹാരിത ലോകത്തിന് പരിചയപ്പെടുത്തിയ ബ്രിട്ടീഷുകാരനായ ജോൺ സുള്ളിവെൻറ ( John Sullivan ) സ്മാരകം എന്നിവയും കോത്തഗിരിയിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്.
എങ്ങനെയൊത്താം ( How to reach kodanad )
ഊട്ടിയിൽനിന്ന് 47 കിലോമീറ്റർ ദൂരമുണ്ട് കോടനാട് വ്യൂ പോയിൻറിലേക്ക്. കോത്തഗിരി റോഡിലൂടെ ദൊഡ്ഡബെട്ട, കട്ടബെട്ടു, കോത്തഗിരി വഴിയാണ് ഈ റൂട്ട്.
കോയമ്പത്തൂരിൽനിന്ന് മേട്ടുപാളയം ചുരം കയറി കോത്തഗിരി വഴിയും കോടനാട് എത്താം. 80 കിലോമീറ്റർ വരുന്ന ഈ റോഡും കാഴ്ചകളാൽ സമ്പന്നമാണ്.
അട്ടപ്പാടി വഴി വരികയാണെങ്കിൽ 99 കിലോമീറ്റർ ദൂരമുണ്ട് മുള്ളിയിൽനിന്ന് മഞ്ചൂർ, കൂനൂർ വഴി കോടനാട് വ്യൂപോയിൻറിലേക്ക്. സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത റൂട്ടാണിത്. ദൂരം അൽപ്പം കൂടുമെങ്കിലും കാഴ്ചകളിൽ ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ റൂട്ടാണിത്.
കൂനൂരിലും ഊട്ടിയിലും ട്രെയിനിറങ്ങിയും ഇവിടെ എത്താം. കോയമ്പത്തൂരാണ് അടുത്തുള്ള എയർപോർട്ട്.
ഇവിടെ താമസിക്കാം ( where to stay in kodanad )
പ്രധാനമായും മൂന്ന് താമസ സ്ഥലങ്ങളാണ് കോടനാട് ഉള്ളത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണവും ഇവിടെ ലഭിക്കും. താമസത്തിന് വലിയ നിരക്കൊന്നും ഇവർ ഈടാക്കുന്നില്ല എന്നാണ് അനുഭവം.
Deccan valley view resorts and restaurant – 94420 84240, 93446 01380
Paradise peak – 9443387348
Alpas camp kodanad – 9944250353