Site icon MotorBeat

സ്മാർട്ട്ഫോണുകൾ മാത്രമല്ല, ഷവോമി ഇനി മുതൽ ഇലക്ട്രിക് കാറുകളും നിർമ്മിക്കും – Xiaomi new car SU7 launched

Xiaomi new car SU7 launched

Xiaomi SU7 launched

ഇന്ത്യക്കാർക്ക് വളരെ പരിചിതമായ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാതാക്കളാണ് ഷവോമി. ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കപ്പെടുന്നവരിൽ മൂന്നാം സ്ഥാനത്താണ് ഈ കമ്പനി. 12.17% മാർക്കറ്റ് ഷെയറാണ് ഷവോമിക്ക് ആഗോള സ്മാർട്ട്ഫോൺ വിപണിയിലുള്ളത്.
സ്മാർട്ട്ഫോണുകൾ കൂടാതെ ലാപ്ടോപ്പ്, ടിവി, സൺഗ്ലാസ്, ക്യാമറ, സ്പീക്കർ തുടങ്ങിയ മറ്റനേകം ഇലക്ട്രോണിക് ഉപകരണങ്ങളും ഷവോമിയുടെ ഉൽപന്ന നിരയിലുണ്ട്. ഒടുവിൽ ഇലക്ട്രിക് വാഹന നിർമാണത്തിലേക്കും കമ്പനി പ്രവേശിച്ചിരിക്കുകയാണ്. SU7 എന്നാണ് തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സെഡാന് പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ വനം അവതരിപ്പിച്ചു കഴിഞ്ഞു. ചൈനയിലെ ബീജിംഗിൽ നടന്ന ബ്രാൻഡിന്റെ ഇവി ടെക്‌നോളജി ലോഞ്ച് ഇവന്റിൽ ഈ സെഡാൻ അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു.

SU7, SU7 Pro, SU7 Max എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് Xiaomi SU7 വാഗ്ദാനം ചെയ്യുക. അക്വാ ബ്ലൂ, മിനറൽ ഗ്രേ, വെർഡന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളും ലഭിക്കും.

എക്സ്റ്റീരിയർ

എയറോഡൈനാമിക് ഫോക്കസ്ഡ് ഡിസൈനോടുകൂടിയാണ് SU7 അവതരിപ്പിച്ചിട്ടുള്ളത്. മുൻവശത്ത് സംയോജിത DRL-കൾ, ലോവർ ഗ്രില്ലിനും ബമ്പറിനും ചുറ്റുമുള്ള കറുത്ത ഘടകങ്ങൾ, ‘Teardrop-style’ എന്ന് വിളിക്കുന്ന രൂപത്തിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു.

സെഡാന്റെ വശങ്ങളിലേക്ക് നീങ്ങുമ്പോൾ ചെരിഞ്ഞ റൂഫ് ലൈൻ, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ, 20 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഫെൻഡറിലെ Lidar സെൻസറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ കാണിക്കുന്നു. പിൻഭാഗത്ത് കനത്ത അക്ഷരങ്ങൾ കൊണ്ട് Xiaomi എന്ന ബാഡ്ജ് ഒട്ടിച്ചിട്ടുണ്ട്. കണക്റ്റുചെയ്യുന്ന LED ടെയിൽലൈറ്റ് ചില യൂറോപ്യൻ കാറുകളുടേത് കടമെടുത്തതാണോ എന്ന് തോന്നിയാലും അസ്വാഭാവികതയില്ല.

പവർട്രെയിൻ

Xiaomi SU7-ൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 73.6 kWh, 101 kWh എന്നിവയാണ് ബാറ്ററി പാക്ക് ഓപ്ഷനുകൾ. ഉയർന്ന കാര്യക്ഷമതയുള്ള ഈ ബാറ്ററി യൂണിറ്റുകൾക്ക് യഥാക്രമം 668km, 800km എന്നിങ്ങനെയാണ്​ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. CTB എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബാറ്ററി പാക്കുകൾ കാറിലേക്ക് സംയോജിപ്പിച്ചിട്ടുള്ളത്. CTB എന്നാൽ Cell to body എന്നാണർത്ഥം. കാറിലെ സ്പേസ് കാര്യക്ഷമമാക്കുന്നതിനായി ബാറ്ററി സെല്ലുകളെ കാറിന്റെ ബോഡിയിലേക്ക് സംയോജിപ്പിക്കുന്ന ഒരു രീതിയാണിത്.

സെഡാൻ 800V ഹൈപ്പർചാർജർ വഴി ചാർജ് ചെയ്യാൻ സാധിക്കും. ഈ ചാർജർ ഉപയോഗിച്ച് വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 550 കിലോമീറ്റർ വരെ കാർ ഓടുമെന്നാണ് ഷവോമിയുടെ അവകാശവാദം. സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ മോട്ടോർ ഓപ്ഷനോട് കൂടിയാണ് വാഹനം എത്തുക. 295 ബിഎച്ച്‌പി വരെ പവറും 400 എൻഎം വരെ ടോർക്കുമാണ് ഏറ്റവും ഉയർന്ന പവർട്രെയിൻ ഉള്ള SU7 ഉൽപാദിക്കുക. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.78 സെക്കൻഡ് മതി. 265 കിലോമീറ്ററാണ് കാറിന്റെ ഉയർന്ന വേഗത. 1200 കിലോമീറ്റർ റേഞ്ചുള്ള വാഹനവും ഷവോമിയുടെ പണിപ്പുരയിലുണ്ട്​.

Exit mobile version